മൈതാനത്തെ ആവേശം അവരുടെ ഓർമകൾ
text_fieldsമുഹമ്മദ് റാശിദ്
കൊൽക്കത്ത: റാമല്ലയിലെ തെരുവുകളിൽ കല്ലുകൾ ഗോൾ പോസ്റ്റാക്കി ഫുട്ബാൾ കളിക്കുന്നുണ്ട് കുട്ടികൾ. റോന്തു ചുറ്റുന്ന ഇസ്രായേലി സൈനികർ ഇടക്കിടെ വരുകയും കുട്ടികളോട് വീട്ടിൽപോവാൻ കൽപിക്കുകയും ചെയ്യുന്നുണ്ട്. തൽക്കാലം അവിടെനിന്ന് മാറുകയും അവർ പോയിക്കഴിഞ്ഞാൽ കളി തുടരുകയും ചെയ്യും. ഫലസ്തീനിൽ ഫുട്ബാൾ താരങ്ങൾ വളർന്നുവരുന്നത് ഇങ്ങനെയൊക്കെയാണ്. അതിലൊരാളാണ് മുഹമ്മദ് റാശിദ്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ മധ്യനിരയിലെ വിശ്വസ്തൻ. കൗമാരകാലത്ത് യു.എസിലേക്ക് കുടിയേറിയെങ്കിലും ആ ഓർമകളിപ്പോഴും ഇരമ്പിയാർക്കുന്നുണ്ട്.
‘‘ഫലസ്തീനിൽ പ്രഫഷനൽ ഫുട്ബാളറാവാൻ ആവശ്യമായ സൗകര്യങ്ങളൊന്നുമില്ല. അതിനാൽ, ഒഴിഞ്ഞ പാർക്കിങ് സ്ഥലമോ തെരുവോ കണ്ടാൽ കുട്ടികൾ പന്തുമായി ഇറങ്ങും. എന്നെ വീടിനുള്ളിൽ ഇരുത്താൻ മാതാപിതാക്കൾ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. എനിക്ക് എപ്പോഴും പുറത്തുപോവാനായിരുന്നു ഇഷ്ടം. പലതവണ ഞങ്ങൾ ഇസ്രായേലി സൈനികരിൽനിന്ന് പ്രശ്നങ്ങൾ നേരിട്ടു. ഞങ്ങൾ തെരുവിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ കാറുകൾ വരുകയും ഞങ്ങളോട് വീട്ടിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതൊക്കെ അവിടെ സാധാരണമായിരുന്നു’’ -റാശിദ് ‘സ്പോർട്സ്റ്റാറി’നോട് പറഞ്ഞു. റാശിദ് പിന്മാറാൻ തയാറായിരുന്നില്ല. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ അവനിലെ പ്രതിഭയെ കണ്ടെത്തി. 16ാം വയസ്സിൽ യു.എസിലേക്ക്. ബിസിനസ് സൈക്കോളജിയിൽ ഡിപ്ലോമ നേടി. പഠനത്തോടൊപ്പം കളി തുടരുകയും പിന്നീട് ഫുട്ബാൾ തന്റെ മുഴുവൻ സമയ പ്രഫഷനായി തിരഞ്ഞെടുക്കുകയും ചെയ്തു.
‘‘കിടപ്പാടങ്ങളും ഭാര്യമാരെയും ഭർത്താക്കന്മാരെയും മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ടിയാണ് ഞങ്ങൾ കളിക്കുന്നത്. മൈതാനത്തേക്ക് ഇറങ്ങുമ്പോൾ ആ ചിന്ത മനസ്സിൽ വെക്കുമ്പോൾ അത് വലിയ ആവേശം നിറക്കും. കാരണം, നാം നമുക്കുവേണ്ടി മാത്രമല്ല ജീവിക്കുന്നത് എന്ന് വിശ്വസിക്കാൻ തുടങ്ങും. മറ്റുള്ളവരും ഞങ്ങളെ പ്രതീക്ഷിക്കുന്നുണ്ട്’’ -റാശിദ് പറയുന്നു. ഗസ്സയിലെ ഒരുപാട് ആളുകൾ ദേശീയ ടീമിന്റെ മത്സരങ്ങൾ കാണാറുണ്ട്. യുദ്ധവും മറ്റു പ്രതിസന്ധികളും നിലനിൽക്കുമ്പോഴും മത്സരങ്ങൾ കാണാൻ അവർ ഇന്റർനെറ്റ് സൗകര്യം കണ്ടെത്തുന്നു. അവിടെയുള്ള എന്റെ സുഹൃത്തുക്കൾ ആളുകൾ ചുവരിൽ ഫോൺ ഒട്ടിച്ചുവെച്ച് കളി കാണുന്ന ചിത്രങ്ങളും വിഡിയോകളും എനിക്ക് അയച്ചുതരാറുണ്ട്. ഒരു ചെറിയ ഫോണിന് ചുറ്റും ഒരുപക്ഷേ, 30ഓ 40ഓ ആളുകളുണ്ടാകും. അത് എത്രത്തോളം കഠിനമാണെന്ന് ചിന്തിച്ചുനോക്കൂ, അത് കാണുമ്പോൾ ശരീരത്തിൽ രോമാഞ്ചമുണ്ടാകും. വിജയിക്കുക എന്നതിലുപരി, ആ ആളുകളെ സന്തോഷിപ്പിക്കാൻ വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യാനുള്ള പ്രചോദനം അത് നൽകുന്നു’’ -30കാരൻ തുടർന്നു.
‘‘ഒരു ദിവസം എന്റെ രാജ്യം പൂർണമായും സ്വതന്ത്രമാകുമെന്നും അല്ലെങ്കിൽ കുറഞ്ഞപക്ഷം നമുക്ക് അവിടെ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമെന്നും ആ സമയത്ത് ഞാൻ ജീവനോടെയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. അതിനായി ദൈവത്തോട് പ്രാർഥിക്കുന്നു. കാരണം, എനിക്ക് രാജ്യത്തെ എല്ലാം നേരിട്ട് കാണണം. ഫലസ്തീനിലെ ജനങ്ങളുടെ ക്ഷമയും വിശ്വാസവും കണ്ട് ഞാൻ അവരെ ബഹുമാനിക്കുന്നു. എന്റെ ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഞാൻ നേടിയെടുക്കാൻ ആഗ്രഹിക്കുന്ന ഒന്നാണത്. ഒരു മനുഷ്യന് എങ്ങനെ മൂന്ന് വർഷം ഇങ്ങനെയൊരു സാഹചര്യത്തിലൂടെ കടന്നുപോകാൻ കഴിയുമെന്ന് എനിക്കറിയില്ല -കുറഞ്ഞ ഭക്ഷണം, കുറഞ്ഞ വെള്ളം. അതിജീവനത്തിനുള്ള ഏറ്റവും ചെറിയ കാര്യങ്ങൾ പോലും അവിടെയില്ല’’ -റാശിദ് കൂട്ടിച്ചേർത്തു. ഫലസ്തീനായി രണ്ട് എ.എഫ്.സി ഏഷ്യൻ കപ്പുകളിൽ കളിച്ച റാശിദ് രണ്ട് വർഷം മുമ്പ് ഖത്തറിൽ നടന്ന ടൂർണമെന്റിൽ ചരിത്രത്തിലാദ്യമായി പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയ ടീമിന്റെ ഭാഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

