പത്തുവർഷം മുമ്പ് ഇംഗ്ലണ്ടിലെത്തിയത് ഇംഗ്ലീഷിൽ ഒരക്ഷരമറിയാതെ; ഇന്ന് ഇംഗ്ലീഷുകാരുടെ ഹൃദയം കവർന്ന് അവൻ മടങ്ങുന്നു..
text_fieldsലണ്ടൻ: പത്തു വർഷം മുമ്പ് ഇംഗ്ലീഷിൽ ഒരു വാക്കുമറിയാത്ത കൊറിയക്കാരനായാണ് അവൻ വടക്കൻ ഇംഗ്ലണ്ടിലെത്തിയത്. ഇംഗ്ലീഷ് സംസാരിക്കാനറിയാത്ത ആ കുട്ടി വളർന്നു വലുതായി. കളിച്ചു താരമായി.. ഇന്ന് ആ ടീമിന്റെ അഭിമാനിയായ നായകനും, ഇംഗ്ലീഷുകാരുടെ ഹൃദയംകവർന്ന താരവുമായി മടങ്ങുന്നു. കുറിയവരായ കൊറിയക്കാർക്കിടയിൽ നിന്നും ആറടി ഉയരത്തിൽ നാലാൾപൊക്കമുള്ള താരമായി വളർന്ന ഹ്യൂങ് മിൻ സൺ എന്ന ഇതിഹാസം ടോട്ടൻഹാം ഹോട്സ്പറിനോട് യാത്രപറഞ്ഞിറങ്ങി.
ഗോളടിച്ചും അടുപ്പിച്ചും 10 വർഷം കരിയർ സമർപ്പിച്ച ക്ലബിനോട് അതിവൈകാരികമായി യാത്രപറഞ്ഞാണ് ദക്ഷിണ കൊറിയക്കാരനായ ഹ്യൂങ് മിൻ സൺ പടിയിറങ്ങിയത്. ഞായറാഴ്ച ന്യൂകാസിൽ യുനൈറ്റഡിനെതിരെ പ്രീ സീസൺ മത്സരത്തിന് ബൂട്ട്കെട്ടും മുമ്പായിരുന്നു ടോട്ടൻഹാമിന്റെ മുന്നേറ്റനിരയെ കൊറിയൻ കരുത്തുമായി വിശ്വസിച്ച് നയിച്ച സണ്ണിന്റെ പടിയിറക്ക പ്രഖ്യാപനം.
യൂറോപ്പിലെ ക്ലബ് ഫുട്ബാളിലെ പതിവില്ലാത്തൊരു മേൽവിലാസമാണ് കഴിഞ്ഞ പത്തുവർഷംകൊണ്ട് ഈ കൊറിയക്കാരൻ ഇംഗ്ലണ്ടിൽ കുറിച്ചത്. അടിക്കടി കൂടുമാറ്റം പതിവായ ഇംഗ്ലീഷ് ഫുട്ബാളിൽ ടോട്ടൻഹാമിന്റെ മുന്നേറ്റനിരയെ ചടുലമായി നയിക്കാനുള്ള ഉത്തരവാദിത്തം കഴിഞ്ഞ പത്തുവർഷം ഈ ഏഷ്യൻ താരത്തിനായിരുന്നു.
ജർമൻ ബുണ്ടസ്‍ലിഗ ക്ലബ് ബയർലെവർകൂസൻ താരമായിരിക്കെ 2015ൽ ടോട്ടൻഹാമിലേക്ക് കൂടുമാറിയെത്തിയ സൺ, പത്തു വർഷത്തിനു ശേഷം സ്പർസിൽ നിന്നും യാത്രപറഞ്ഞിറങ്ങുമ്പോൾ അടുത്ത ഇടം എവിടെയെന്ന ചർച്ചയിലാണ് ഫുട്ബാൾ ലോകം. ഇംഗ്ലണ്ടിൽ മറ്റൊരു ടീമിലും താരത്തിന്റെ സാന്നിധ്യമുണ്ടാവില്ലെന്ന് ഉറപ്പാണ്. അതേസമയം, ഔദ്യോഗികമായി പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ലെങ്കിലും അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ന്യൂയോർക്ക് ലോസാഞ്ജലസ് എഫ്.സിയുമായി താരം ചർച്ച നടത്തി കഴിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. 33കാരനായ സൺ, ടീം നായക പദവിയിലിരിക്കെയാണ് ടോട്ടൻഹാമിൽ നിന്നും പടിയിറങ്ങുന്നത്.
രണ്ടു സീസണുകളിലായി ബയർലെവർകൂസനിൽ കളിച്ച്, ഗോളുകൾ അടിച്ചുകൂട്ടി വാഴുന്നതിനിടെയാണ് ഒരു ഏഷ്യൻ ഫുട്ബാളർക്ക് ലഭിക്കുന്ന ഏറ്റവും വലിയ ക്ലബ് ട്രാൻസ്ഫർ തുകയുമായി ഹ്യൂങ് മിൻ സൺ ജർമനിയിൽ നിന്നും ലണ്ടനിലേക്ക് പറക്കുന്നത്. വിങ്ങിലൂടെ മിന്നൽപിണർ വേഗതയിലുള്ള കുതിപ്പും, ഗോളടിയിലെ കൃത്യതയും, ലാസ്റ്റ് ടച്ചിലെ പാസിങ് മികവുമായി താരം അതിവേഗത്തിൽ ടോട്ടൻഹാം ആരാധകരുടെ മനസ്സിലും ഇടംപിടിച്ചു.
പത്തു സീസണിലായി 333 മത്സരങ്ങളിൽ അടിച്ചു കൂട്ടിയത് 127 ഗോളുകൾ. ഇംഗ്ലീഷ് കിരീടമെന്നത് പിറക്കാത്ത സ്വപ്നമായി അവശേഷിച്ചുവെങ്കിലും കഴിഞ്ഞ യൂറോപ ലീഗ് കിരീടവുമായി വിടവാങ്ങൽ ഗംഭീരമാക്കി. ആറു വർഷം മുമ്പ് ചാമ്പ്യൻസ് ലീഗിൽ ക്ലബിനെ റണ്ണേഴ്സ് അപ്പക്കാനും കഴിഞ്ഞു.
എല്ലാം സമ്മാനിച്ച ക്ലബിൽ നിന്നും ഏറ്റവും അനിവാര്യമായ സമയത്താണ് പടിയിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ താരം പറഞ്ഞു. കരാർ ഒരുവർഷം കൂടി ബാക്കിനിൽക്കെയാണ് തീരുമാനം. ഞായറാഴ്ച സ്വന്തം ആരാധകർക്ക് മുന്നിൽ ന്യൂകാസിൽ യുനൈറ്റഡിനെതിരെ ബൂട്ടണിഞ്ഞുകൊണ്ടു തന്നെ ഹ്യൂങ് മിൻ സൺ ഇംഗ്ലീഷ് ക്ലബിന്റെ ജഴ്സി അഴിച്ചു.
33ാം വയസ്സിലും മുന്നേറ്റത്തിൽ വേഗതയോ കൃത്യതയോ കുറയാത്ത സണിനു വേണ്ടി സൗദി ക്ലബുകളും രംഗത്തുണ്ട്. എന്നാൽ, അമേരിക്കയിലേക്ക് പറക്കാനാണ് സണിന്റെ ഇഷ്ടമെന്നാണ് റിപ്പോർട്ടുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.