ഇത്തിഹാദിൽ സിറ്റിയെ തരിപ്പണമാക്കി വീണ്ടും ടോട്ടൻഹാം; തോൽവി മറുപടിയില്ലാത്ത രണ്ടു ഗോളിന്
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗ്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഞെട്ടിക്കുന്ന തോൽവി. സീസണിലെ ആദ്യ മത്സരത്തിൽ ഗംഭീര ജയവുമായി വരവറിയിച്ച സിറ്റി, സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ ടോട്ടൻഹാമിനോട് മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് തോറ്റത്.
തുടർച്ചയായ രണ്ടാം ജയത്തോടെ തോമസ് ഫ്രാങ്കും സംഘവും ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. ആദ്യ പകുതിയിലായിരുന്നു മത്സരത്തിലെ രണ്ടു ഗോളുകളും പിറന്നത്. ബ്രെണ്ണൻ ജോൺസൻ, ജാവോ പലീഞ്ഞ എന്നിവരാണ് ടോട്ടൻഹാമിനായി വലകുലുക്കിയത്. കഴിഞ്ഞ നവംബറിൽ ഇതേ സ്റ്റേഡിയത്തിൽ ടോട്ടൻഹാമിനു മുന്നിൽ സിറ്റി 4-0ത്തിനു തകർന്നടിഞ്ഞിരുന്നു. തുടക്കത്തിൽ സിറ്റിക്ക് ആധിപത്യം പുലർത്താനായെങ്കിലും കിട്ടിയ അവസരങ്ങൾ മുതലെടുക്കാനായില്ല. ഈജിപ്ഷ്യൻ താരം ഒമർ മർമൂഷ്, റയാൻ ചെർക്കി തുടങ്ങിയവരെല്ലാം അവസരങ്ങൾ നഷ്ടപ്പെടുത്തി.
മത്സരത്തിന്റെ 35ാം മിനിറ്റിൽ സന്ദർശകർ കിട്ടിയ ആദ്യ അവസരം മുതലെടുത്തു. വെയിൽസ് താരം ജോൺസണാണ് ലീഡ് നേടികൊടുത്തത്. ബ്രസീൽ താരം റിച്ചാർലിസൺ നൽകിയ ഒരു ക്രോസ് താരം വലയിലാക്കി. വാർ പരിശോധനക്ക് ശേഷമാണ് ഗോൾ അനുവദിച്ചത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+2) സിറ്റിയെ ഞെട്ടിച്ച് പലീഞ്ഞയിലൂടെ ടോട്ടൻഹാം ലീഡ് വർധിപ്പിച്ചു.
സിറ്റി ഗോൾകീപ്പർ ജെയിംസ് ട്രഫോർഡിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ ഫിൽ ഫോഡൻ, റോഡ്രി, ജെറമി ഡോകു തുടങ്ങിയ പ്രമുഖ താരങ്ങളെ പെപ് ഗ്വാർഡിയോള കളത്തിലിറക്കിയെങ്കിലും സിറ്റിയുടെ ആക്രമണങ്ങളെ ടോട്ടനം പ്രതിരോധിച്ചു. ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ ടോട്ടൻഹാം 2-0ത്തിന് മത്സരം സ്വന്തമാക്കി. പുതിയ പരിശീലകൻ ഫ്രാങ്കിനു കീഴിൽ സീസണിലെ രണ്ടാം ജയവുമായി ആറു പോയന്‍റുള്ള ടോട്ടൻഹാം ഒന്നാമതെത്തി.
ലീഗിലെ മറ്റു മത്സരങ്ങളിൽ ആഴ്സണൽ രാത്രി 10ന് ലീഡ്സിനെ നേരിടും. ബേൺമൗത്ത് - വോൾവ്സ് (7.30pm), ബേൺലി-സണ്ടർലൻഡ് (7.30), ബ്രെൻഡ്ഫോഡ് -ആസ്റ്റൻ വില്ല (7.30) എന്നിവരും കളത്തിലിറങ്ങും.
ക്രിസ്റ്റൽ പാലസ് -ഫോറസ്റ്റ് മത്സരം ഞായറാഴ്ച രാത്രി 6.30ന് നടക്കും. മാഞ്ചസ്റ്റർ യുനൈറ്റഡും -ഫുൾഹാമും (9.00pm) തമ്മിലെ മത്സരവും ഞായറാഴ്ച നടക്കും. ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും ന്യൂകാസിലും തമ്മിൽ ആഗസ്റ്റ് 26നാണ് കളി. വെള്ളിയാഴ്ച രാത്രിയിൽ നടന്ന രണ്ടാം വാരത്തിലെ ആദ്യ മത്സരത്തിൽ ചെൽസി 5-1ന് വെസ്റ്റ്ഹാം യുനൈറ്റഡിനെ തോൽപിച്ചിരുന്നു. ആദ്യ ആഴ്ചയിലെ മത്സരങ്ങളിൽ ലിവർപൂൾ 4-2ന് ബേൺമൗതിനെയും, മാഞ്ചസ്റ്റർ സിറ്റി 4-0ത്തിന് വോൾവ്സിനെയും, ടോട്ടൻഹാം 3-0ത്തിന് ബേൺലിയെയും, ആഴ്സനൽ 1-0ത്തിന് മാഞ്ചസ്റ്റർ യുനൈറ്റഡിനെയും തോൽപിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.