മരുഭൂമിയിൽ ജ്വലിച്ച സുഹൈൽ നക്ഷത്രം
text_fieldsഗോൾ നേടിയ മുഹമ്മദ് സുഹൈലിനെ (16) സഹതാരങ്ങൾ അഭിനന്ദിക്കുന്നു
കോഴിക്കോട്: ഖത്തറിലെ ദോഹയിൽ നടന്ന അണ്ടർ -23 എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ ഇന്ത്യയും ബഹ്റൈനും തമ്മിലെ മത്സരം. 31 ാം മിനിറ്റിൽ മൈതാന മധ്യത്തിൽനിന്നും ഇന്ത്യൻ മധ്യനിര താരം മകാർട്ടൺ നിക്സൺ നീട്ടി നൽകിയ പന്തുമായി വലതു വിങ്ങിലൂടെ മലയാളി താരം മുഹമ്മദ് സുഹൈൽ ബോക്സിലേക്ക് ഓടിക്കയറി. തടയാൻ എത്തിയ ബഹ്റൈൻ പ്രതിരോധ താരത്തെ സമർഥമായി കബളിപ്പിച്ച് മറ്റു രണ്ടു താരങ്ങൾക്കിടയിലൂടെ പന്ത് ഗോൾ പോസ്റ്റിലേക്ക് നിറയൊഴിച്ചു.
പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തുളച്ചുകയറിയ ആ ഗ്രൗണ്ട് ബാൾ നോക്കിനിൽക്കാനേ ഗോൾകീപ്പറിനായുള്ളൂ. ആ ഗോളിലൂടെ ഇന്ത്യ മുഴുവൻ ആ 18കാരന്റെ കളി പാടവത്തെ പ്രകീർത്തിച്ചു. സോഷ്യൽ മീഡിയയിൽ ആ ഗോൾ നിറഞ്ഞുനിന്നു. ടീമിൽ ഇടം പിടിച്ച അഞ്ചു മലയാളി താരങ്ങളുടെ സന്തോഷത്തിനൊപ്പം ആദ്യ ഗോളിന്റെ മധുരവും കേരളക്കരക്ക് നുണയാനായി. പാലക്കാട് ഒലവക്കോട് സ്വദേശിയായ മുഹമ്മദ് സുഹൈൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്.സിയുടെ മികച്ച യുവതാരങ്ങളിൽ ഒരാളാണ്. ഒരു ഫുട്ബാളറാവണമെന്ന മോഹവുമായി സുഹൈൽ ജീവിതത്തിൽ താണ്ടിയ ദൂരം വളരെ വലുതാണ്.
13ാം വയസ്സിൽ വീട്ടിൽനിന്ന് 2761 കിലോമീറ്റർ അകലെയുള്ള മൊഹാലിയിലേക്ക്. തന്റെ മൂത്ത സഹോദരൻ മുഹമ്മദ് സുലൈമാന്റെ ഉപദേശപ്രകാരം, കോയമ്പത്തൂരിൽ നടന്ന പഞ്ചാബ് എഫ്.സിയുടെ ട്രയൽസിൽ സുഹൈലിന് സെലക്ഷൻ ലഭിച്ചു. മർഹബ എഫ്.സിയിലൂടെയാണ് പ്രഫഷനൽ ഫുട്ബാൾ കളിച്ചു തുടങ്ങിയത്. പഞ്ചാബ് എഫ്.സിയുടെ അക്കാദമിയിലെ നിരന്തര പരിശീലനവും പ്രയത്നവും സുഹൈലിന് കൂടുതൽ അവസരങ്ങൾ ലഭിക്കാൻ കാരണമായി. 2023-24ൽ ക്ലബ് റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗ് കിരീടം നേടിയ ടീമിനൊപ്പം കളിച്ച സുഹൈലിനെ ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. ഏറെ വൈകാതെ പഞ്ചാബ് എഫ്.സിയുടെ സീനിയർ ടീമിലേക്കും സുഹൈലിന് വിളിയെത്തി.
ഐ.എസ്.എല്ലിൽ 13 കളികളിൽ പഞ്ചാബിനായി ബൂട്ട് കെട്ടിയ സുഹൈൽ ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. ആദ്യ കളിയിൽ ബഹ്റൈനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഇന്ത്യ കടുത്ത ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പ് എച്ചിലെ അടുത്ത മത്സരങ്ങളിൽ ഖത്തർ, ബ്രൂണൈ ദാറുസ്സലാം എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ. 11 ഗ്രൂപ്പുകളിൽനിന്നുള്ള ഗ്രൂപ്പ് വിജയികളും മികച്ച നാല് രണ്ടാം സ്ഥാനക്കാരുമായ ടീമുകളാണ് 2026 ലെ എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പിന് യോഗ്യത നേടുക. ആതിഥേയരെന്ന നിലയിൽ സൗദി അറേബ്യ ഇതിനകം ടൂർണമെന്റിന് യോഗ്യത നേടിയിട്ടുണ്ട്. യോഗ്യതാ മത്സരങ്ങളിൽ ശേഷിക്കുന്ന 15 സ്ഥാനങ്ങൾക്കായി നാല് വീതം ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്ന 44 ടീമുകൾ മത്സരിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.