Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹർഭജന്‍റെ അടിയേറ്റ്...

ഹർഭജന്‍റെ അടിയേറ്റ് സ്തബ്ധനായി നിൽക്കുന്ന ശ്രീശാന്ത്, പിന്നാലെ പൊട്ടിക്കരച്ചിൽ; ആരും കാണാത്ത ആ ദൃശ്യങ്ങൾ 18 വർഷത്തിനുശേഷം പുറത്ത്

text_fields
bookmark_border
S Sreesanth
cancel
camera_alt

എസ് ശ്രീശാന്ത്

മുംബൈ: ഐ.പി.എല്ലിന് രാജ്യാന്തര തലത്തിൽ വലിയ നാണക്കേടുണ്ടാക്കിയ സംഭവങ്ങളിലൊന്നാണ് മുംബൈ ഇന്ത്യൻസ് സ്പിന്നറായിരുന്ന ഹർഭജന്‍ സിങ് പഞ്ചാബ് കിങ്സിന്‍റെ മലയാളി താരം എസ്. ശ്രീശാന്തിന്‍റെ മുഖത്തടിച്ചത്. 2008 സീസണിൽ മുംബൈ ഇന്ത്യൻസ്-പഞ്ചാബ് കിങ്സ് മത്സരശേഷമായിരുന്നു വിവാദം നടക്കുന്നത്.

കരയുന്ന ശ്രീശാന്തിന്‍റെ ചിത്രങ്ങൾ അന്ന് വൈറലായിരുന്നു. 18 വർഷത്തിനിപ്പുറം ഈ സംഭവം ഒരിക്കൽകൂടി സമൂഹമാധ്യമങ്ങളിൽ ഇടംപിടിച്ചിരിക്കുകയാണ്. ഹർഭജൻ സിങ്ങും ശ്രീശാന്തും തമ്മിലുള്ള പ്രശ്നത്തിന്റെ ദൃശ്യങ്ങൾ ‘ഇതുവരെ ആരും കാണാത്തത്’ എന്ന് അവകാശപ്പെട്ട് മുൻ ഐ.പി.എൽ ചെയർമാൻ ലളിത് മോദിയാണ് ഇപ്പോൾ പുറത്തുവിട്ടത്. മുൻ ആസ്ട്രേലിയൻ താരം മൈക്കൽ ക്ലാർക്കിനു നൽകിയ അഭിമുഖത്തിലാണ് ലളിത് മോദി വർഷങ്ങളായി സൂക്ഷിച്ചുവെച്ചിരുന്ന ഈ ദൃശ്യങ്ങൾ പരസ്യമാക്കിയത്.

മത്സരശേഷം താരങ്ങൾ തമ്മിൽ കൈകൊടുത്ത് പിരിയുന്നതിനിടെ എന്തോ പറഞ്ഞ ശ്രീശാന്തിന്‍റെ മുഖത്ത് ഹർഭജൻ അടിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. ഹസ്തദാനത്തിനായി കൈ നീട്ടിയ ശ്രീശാന്തിന്‍റെ മുഖത്ത് ഹർഭജൻ കൈയുടെ പിൻഭാഗം കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിന്റെ ഞെട്ടലിൽ കുറച്ചുനേരം തരിച്ചിരുന്ന ശ്രീശാന്ത് പിന്നാലെ പൊട്ടിക്കരഞ്ഞു. ഈ സമയം മുംബൈ ഇന്ത്യൻസ് താരങ്ങളായ മഹേള ജയവർധനയും പഞ്ചാബ് കിങ്സ് താരങ്ങളും ശ്രീശാന്തിനെ ആശ്വസിപ്പിക്കുന്നുണ്ട്.

ഇതിനിടെ ശ്രീശാന്ത് എന്തോ പറയുന്നതും അടുത്തേക്ക് ഹർഭജൻ വീണ്ടും വരുന്നതും ദൃശ്യത്തിൽ കാണാനാകും. താരങ്ങൾ ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്. ഈ ദൃശ്യങ്ങൾ ആദ്യമായാണ് പുറത്തുവരുന്നത്. മത്സരം കഴിഞ്ഞ് കാമറകൾ ഓഫ് ചെയ്തെങ്കിലും സുരക്ഷാ കാമറകളിൽ പതിഞ്ഞതാണ് ഈ ദൃശ്യമെന്ന് ലളിത് മോദി അഭിമുഖത്തിൽ വ്യക്തമാക്കി. ഐ.പി.എൽ അച്ചടക്ക സമിതി പിന്നാലെ ഹർഭജൻ കുറ്റക്കാരനെന്ന് കണ്ടെത്തി. ഇതോടെ സീസണിലെ മറ്റു മത്സരങ്ങളിൽ താരത്തിന് വിലക്കേർപ്പെടുത്തി. പിന്നീട് ശ്രീശാന്തിനോട് ഹർഭജൻ മാപ്പ് പറഞ്ഞിരുന്നു.

പെട്ടെന്നുണ്ടായ വൈകാരിക പ്രതികരണത്തിന് ഒരുപാട് തവണ തെറ്റ് ഏറ്റുപറഞ്ഞിട്ടുള്ള ഹർഭജൻ സിങ് ആ അടി തന്നെ ഇപ്പോഴും വേട്ടയാടുകയാണെന്ന് അടുത്തിടെ വെളിപ്പെടുത്തി. മുൻ ഇന്ത്യൻ താരം ആർ. അശ്വിന്റെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് വർഷങ്ങൾക്ക് ശേഷം ശ്രീശാന്തിന്റെ മകളെ കണ്ടപ്പോൾ നേരിടേണ്ടി വന്ന ചോദ്യവും അത് തനിക്കുണ്ടാക്കിയ മാനസികാഘാതവും ഹർഭജൻ വെളിപ്പെടുത്തിയത്.

'എന്റെ ജീവിതത്തില്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ശ്രീശാന്തുമായുള്ള ആ സംഭവം. അന്ന് സംഭവിച്ചത് വലിയ പിഴവായിരുന്നു. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഞാന്‍ ചെയ്തത്. ഒരു 200 തവണയെങ്കിലും ക്ഷമ പറഞ്ഞിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കു ശേഷവും അതുമായി ബന്ധപ്പെട്ടതും വല്ലാതെ വേദനിപ്പിക്കുന്നതുമായ ചില വൈകാരിക അനുഭവങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. ശ്രീശാന്തിന്റെ മകളെ ഞാന്‍ ഒരിക്കല്‍ കണ്ടുമുട്ടിയിരുന്നു. അവളോടു ഞാന്‍ വളരെ സ്‌നേഹത്തോടെ സംസാരിക്കാന്‍ ആരംഭിച്ചു. എന്നാൽ അവൾ എന്നോട് ചോദിച്ചത്, നിങ്ങളെന്‍റെ അച്ഛനെ തല്ലിയ ആളല്ലേ, ഞാന്‍ നിങ്ങളോട് സംസാരിക്കാനില്ലെന്നായിരുന്നു. ആ വാക്കുകള്‍ എന്നെ തകര്‍ത്തു കളഞ്ഞു. എന്നെക്കുറിച്ച് ആ കുഞ്ഞ് എന്തായിരിക്കും ധരിച്ചുവെച്ചിരിക്കുന്നത് എന്നോര്‍ത്ത് എന്‍റെ ഹൃദയം നുറുങ്ങി. അവള്‍ ഏറ്റവും മോശം ആളായിട്ടായിരിക്കും എന്നെ കാണുന്നത് അല്ലേ? അവളുടെ അച്ഛനെ തല്ലിയ ആളായാണ് ആ കുഞ്ഞ് എന്നെ കാണുന്നത്. എനിക്കു വിഷമം തോന്നി. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയാത്തതില്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തിന്റെ മകളോടു ഞാന്‍ ക്ഷമ ചോദിക്കുന്നു'- ഹര്‍ഭജന്‍ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harbhajan singhS SreesanthIPL Match
News Summary - Unseen Footage Of Harbhajan Singh-Sreesanth Slapgate Controversy Goes Viral
Next Story