അന്താരാഷ്ട്ര, ക്ലബ് ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വെയ്ൽസ് നായകൻ
text_fieldsകാർഡിഫ്: വെയ്ൽസിന്റെ സൂപ്പർ താരവും നായകനുമായ ഗാരെത് ഫ്രാങ്ക് ബെയ്ൽ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. റയൽ മഡ്രിഡ് അഞ്ച് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടുമ്പോൾ ടീമിലുണ്ടായിരുന്നു ബെയ്ൽ, ലോകകപ്പിൽ കളിക്കുകയെന്ന സ്വപ്നം കൂടി സാക്ഷാത്കരിച്ചാണ് കളമൊഴിയുന്നത്. വെയ്ൽസിനുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരവും എക്കാലത്തെയും ടോപ് സ്കോററുമാണ് 33കാരൻ. 64 കൊല്ലത്തെ കാത്തിരിപ്പിന് ശേഷമാണ് ദേശീയ ടീം ബെയ്ലിന്റെ നേതൃത്വത്തിൽ ഖത്തറിലേക്ക് ടിക്കറ്റെടുത്തതും ലോകകപ്പിൽ ഇറങ്ങിയതും. ക്ലബ് ഫുട്ബാളിൽനിന്നു വിരമിക്കുന്നതായി താരം വ്യക്തമാക്കി.
‘‘സൂക്ഷ്മവും ചിന്താപൂർവവുമായ ആലോചനക്ക് ശേഷം ഞാൻ ക്ലബിൽനിന്നും അന്താരാഷ്ട്ര ഫുട്ബാളിൽനിന്നും ഉടൻ വിരമിക്കൽ പ്രഖ്യാപിക്കുന്നു. ഫുട്ബാൾ നിർത്താനുള്ള തീരുമാനം കഠിനമാണ്. അന്താരാഷ്ട്ര തലത്തിലെ യാത്ര ജീവിതത്തിൽ മാത്രമല്ല ഞാനാരാണ് എന്നതിനെയും മാറ്റിമറിച്ചു. ഇഷ്ടപ്പെടുന്ന കായിക ഇനത്തിൽ കളിച്ച് നേട്ടങ്ങൾ സ്വന്തമാക്കാനായത് അവിശ്വസനീയ ഭാഗ്യമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ചില നിമിഷങ്ങൾ അത് എനിക്ക് തന്നിട്ടുണ്ട്. അടുത്ത അധ്യായം എനിക്കായി കാത്തുവെച്ചിരിക്കുന്നതെന്തായാലും. 17 സീസണുകളിലെ ഉയർച്ച ആവർത്തിക്കൽ അസാധ്യമാണ്.’’ -ബെയ്ൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
2006-07ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്റ്റണിന് വേണ്ടി കളിച്ചായിരുന്നു തുടക്കം. ലെഫ്റ്റ് ബാക്കായി തുടങ്ങിയ ബെയ്ൽ ഫ്രീ കിക്ക് സ്പെഷലിസ്റ്റായി അറിയപ്പെട്ടു. തുടർന്ന് ടോട്ടൻഹാമിലെത്തി. ഇവിടെ വെച്ചാണ് ലെഫ്റ്റ് വിങ്ങർ ആയി മാറുന്നത്. ഏഴുവർഷത്തിന് ശേഷം സ്പെയിനിലേക്ക്. റയൽ മഡ്രിഡിനായി 176 മത്സരങ്ങളിൽ 81 ഗോൾ നേടി. മൂന്ന് ലാ ലീഗ, അഞ്ച് ചാമ്പ്യൻസ് ലീഗ്, മൂന്ന് ഫിഫ ക്ലബ് ലോകകിരീടങ്ങൾ നേടി. 2020-21ൽ ലോണിൽ വീണ്ടും ടോട്ടൻഹാമിൽ. 2022 മുതൽ അമേരിക്കയിലെ ലോസ് ആഞ്ജലസ് എഫ്.സിയിലാണ് കളിക്കുന്നത്. ക്ലബ് ഫുട്ബാളിൽ 394 മത്സരങ്ങളിൽ 141ഉം വെയ്ൽസിനായി 111 അന്താരാഷ്ട്ര കളികളിൽ 41ഉം ഗോൾ നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.