ലോകകപ്പ് ഫുട്ബാൾ യോഗ്യത: ഒമാൻ കരുത്തരുടെ ഗ്രൂപ്പിൽ, മത്സരം കനക്കും
text_fieldsമസ്കത്ത്: ലോകകപ്പ് ഫുട്ബാൾ ഏഷ്യൻ മേഖല യോഗ്യത മത്സരങ്ങളുടെ നാലാം റൗണ്ടിലേക്കുള്ള നറുക്കെടുപ്പ് കോലാലംപൂരിൽ നടന്നു. ഗ്രൂപ്പ് എയിൽ ഖത്തർ, യു.എ.ഇ എന്നിവർക്കൊപ്പമാണ് ഒമാൻ. ഗ്രൂപ്പ് ബിയിൽ സൗദി അറേബ്യ, ഇറാഖ്, ഇന്തോനേഷ്യ എന്നിവരാണുൾപ്പെടുന്നത്. ഗ്രൂപ്പ് എയിലെ മത്സരങ്ങൾ ഖത്തറിലും ഗ്രൂപ്പ് ബിയിലെ മത്സരങ്ങൾക്ക് സൗദി അറേബ്യയിലുമായിരിക്കും നടക്കുക. ഒക്ടോബർ എട്ടുമുതൽ 14 വരെയാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഓരോ ഗ്രൂപ്പിലെയും മൂന്നു ടീമുകൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരിക്കും. ഗ്രൂപ്പ് ജേതാക്കൾ ലോകകപ്പിന് യോഗ്യത നേടും. എന്നാൽ ഒരു ടീമിന് കൂടി സാധ്യതയുണ്ട്. നാലാം റൗണ്ടിൽ രണ്ട് ഗ്രൂപ്പിലും രണ്ടാം സ്ഥാനത്തു വരുന്ന ടീമുകൾ ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ ഏറ്റുമുട്ടി ജേതാക്കളാകുന്നവർക്ക് ഇന്റർ കോൺഫെഡറേഷൻ ജേതാക്കളാകുന്ന ടീമുമായി ഹോം ആൻഡ് എവേ അടിസ്ഥാനത്തിൽ മത്സരിച്ചു ജയിച്ചാൽ അവർക്കും ലോകകപ്പ് കളിക്കാം. അതുകൊണ്ടുതന്നെ ലോകകപ്പ് ഫുട്ബാളിൽ പന്ത് തട്ടുക എന്നുള്ള സുൽത്താനേറ്റിന്‍റെ ചിരകാലാഭിലാഷം ഇപ്രാവശ്യം പൂവണിയാൻ സാധ്യത ഏറെയാണെന്നാണ് ആരാധകർ കരുതുന്നത്.
ഗ്രൂപ്പിലുള്ള ഖത്തറും യു.എ.ഇയും ശക്തരാണെങ്കിലും തങ്ങളുടേതായ ദിനത്തിൽ ഇരുടീമുകളെയും അട്ടിമറിക്കാനുള്ള കരുത്ത് റെഡ്‍വാരിയേഴ്സിനുണ്ട്. അറേബ്യൻ ഗൾഫ് കപ്പിൽ ഇതു കണ്ടതുമാണ്. മാത്രവുമല്ല, സമീപകാലത്തായി മികച്ച ഫോമിലുമാണ് ടീം കളിക്കുന്നത്. ഒമാനെ ലോകകപ്പിന്റെ നാലാം റൗണ്ടിലേക്ക് പിടിച്ചുയർത്തിയ കോച്ച് റഷീദ് ജാബിറിന് പകരക്കാരനായി പോർച്ചുഗീസിന്റെ പരിചയസമ്പന്നനായ കാർലോസ് ക്വിറോസിനെ കഴിഞ്ഞ ദിവസം നിയമിച്ചിട്ടുണ്ട്. ഇനി പോർച്ചുഗീസ് തന്ത്രത്തിന് കീഴിലായിരിക്കും ഒമാന്റെ മുന്നോട്ടുള്ള പോക്ക്. ഹമദ് അൽ അസാനയെ അസിസ്റ്റന്റ് കോച്ചായും നിയമിച്ചു. ആഗോളതലത്തിലെ പതിറ്റാണ്ടുകളുടെ പ്രവർത്തന പരിചയമുണ്ട് ഇദ്ദേഹത്തിന്. ഈ അനുഭവസമ്പത്ത് ഒമാൻ ടീമിന് ഗുണം ചെയ്യുമെന്നാണ് ആരാധകപക്ഷം പറയുന്നത്.
സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബാള്‍ അസോസിയേഷന്‍ (കാഫ) സംഘടിപ്പിക്കുന്ന നേഷന്‍സ് കപ്പ് ടൂര്‍ണമെന്റാണ് വരാനുള്ള പ്രധാന മത്സരം. ഇതിനുള്ള പരിശീലനങ്ങൾ വരുംദിവസങ്ങളിൽ തുടരും. തജികിസ്ഥാന്‍, ഉസ്ബകിസ്ഥാന്‍ എന്നിവിടങ്ങളിലായാണ് ടൂര്‍ണമെന്റ്. എട്ട് രാജ്യങ്ങള്‍ ഭാഗമാകുന്ന ടൂര്‍ണമെന്റില്‍ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി അണിനിരക്കും. ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെയാണ് നേഷന്‍സ് കപ്പ്.
ഗ്രൂപ്പ് എയില്‍ ശക്തര്‍ക്കൊപ്പമാണ് ഒമാന്‍. ഉസ്ബകിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍. തജികിസ്ഥാന്‍, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, മലേഷ്യ എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പ് ബിയിലും അണിനിരക്കും. ആഗസ്റ്റ് 30ന് ഉസ്ബകിസ്ഥാനെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. തുടര്‍ന്ന് സെപ്റ്റംബര്‍ രണ്ടിന് കിര്‍ഗിസ്ഥാനെയും അഞ്ചിന് തുര്‍ക്ക്‌മെനിസ്ഥാനെയും നേരിടും.
സെപ്റ്റംബര്‍ എട്ടിനാണ് ഫൈനല്‍ പോരാട്ടങ്ങള്‍. ഗ്രൂപ്പ് എയിലെയും ബിയിലെയും ഒന്നാം സ്ഥാനക്കാര്‍ തമ്മില്‍ ഫൈനലില്‍ ഏറ്റുമുട്ടും. ഇരു ഗ്രൂപ്പുകളിലെയും രണ്ടാം സ്ഥാനക്കാര്‍ മൂന്നാം സ്ഥാനത്തിനായി കളത്തിലിറങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.