എൽദോസിനും ട്രീസക്കും ജി.വി. രാജ പുരസ്കാരം
text_fieldsഎൽദോസ് പോൾ, ട്രീസ ജോളി
തിരുവനന്തപുരം: കായിക മേഖലയിലെ കഴിവ് പരിഗണിച്ച് നൽകുന്ന 2025-’26 ലെ ജി.വി. രാജ അവാർഡുകൾ പ്രഖ്യാപിച്ചു. പുരുഷ വിഭാഗത്തിൽ ട്രിപ്പിൾ ജംപ് താരം എൽദോസ് പോളും വനിത വിഭാഗത്തിൽ ബാഡ്മിൻറൺ താരം ട്രീസ ജോളിയും പുരസ്കാരത്തിന് അർഹരായി. കായിക മേഖലയിൽ സമഗ്ര സംഭാവന നൽകിയവർ, മികച്ച കായികതാരങ്ങൾ, കായിക പരിശീലകർ തുടങ്ങി 14 മേഖലകളിലാണ് അവാർഡ്. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ട്രിപ്പിൾ ജംപിൽ കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡലുൾപ്പെടെ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് എൽദോസ് പോളിനെ അവാർഡിന് തെരഞ്ഞെടുത്തത്. ഏഷ്യൻ വനിത ചാമ്പ്യൻഷിപ് സ്വർണവും കോമൺവെൽത്ത് ഗെയിംസ് ടീം വെള്ളിയും വനിത ഡബിൾസ് വെങ്കലവും ഏഷ്യൻ മിക്സഡ് ടീം വെങ്കലവും നേടിയതിലൂടെ ഇന്ത്യൻ ബാഡ്മിന്റണിൽ ശ്രദ്ധേയ മികവ് തെളിയിച്ചതിനാണ് ട്രീസ ജോളിയെ തെരഞ്ഞെടുത്തത്. ഒളിമ്പ്യൻ സുരേഷ് ബാബു മെമോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് ഡോ. പി.ടി. ജോസഫ് അർഹനായി. രണ്ടുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആൻസി സോജൻ ഉൾപ്പെടെയുള്ള താരങ്ങളുടെ നേട്ടങ്ങൾക്ക് സംഭാവന നൽകിയ അനൂപ് ജോസഫിനെ മികച്ച കായിക പരിശീലകനായി തെരഞ്ഞെടുത്തു. ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഡോ. സി.എസ്. സദാനന്ദനാണ് കോളജ് വിഭാഗത്തിലെ മികച്ച കായിക അധ്യാപകൻ.
സ്പോർട്സ് ഹോസ്റ്റൽ കായികതാരം പുരുഷ വിഭാഗം- എഡ്വിൻ പോൾ സിബി, സ്പോർട്സ് ഹോസ്റ്റൽ കായികതാരം വനിതാ വിഭാഗം- പി. അനാമിക, മികച്ച സ്പോർട്സ് ലേഖകൻ - അജയ് ബെൻ (മലയാള മനോരമ), ദൃശ്യമാധ്യമ പരിപാടി - ശ്രാവൺ കൃഷ്ണ (ഏഷ്യാനെറ്റ് ന്യൂസ്), ഫോട്ടോഗ്രാഫി -കെ.കെ. സന്തോഷ് (മാതൃഭൂമി), സ്പോർട്സ് പുസ്തകം - ബി.ടി. സിജിൻ (‘ഉണരൂ ആരാധകരേ ഉണരൂ’ എന്ന കൃതി) എന്നിവരും നേടി. ജോബി മാത്യു (അന്തർദേശീയ പാരാ പവർലിഫ്റ്റിങ് താരം), വിക്ടർ മഞ്ഞില (മുൻ ഇന്ത്യൻ ഫുട്ബാൾ താരം) എന്നിവർക്ക് പ്രത്യേക അംഗീകാരം ലഭിച്ചു. ഒളിമ്പ്യൻമാരായ അഞ്ജു ബോബിജോർജ്, പി.ആർ. ശ്രീജേഷ്, ഡോ. ബിനു ജോർജ് വർഗീസ്, സനിൽ പി. തോമസ്, കായിക വകുപ്പ് സ്പെഷൽ സെക്രട്ടറി, ഡയറക്ടർ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

