ഇന്ത്യക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം; ദക്ഷിണ കൊറിയയെ തകർത്തു
text_fieldsആദ്യഗോളിന്റെ ആഘോഷം
രാജ്ഗിര്‍: എട്ടു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കി കിരീടത്തില്‍ വീണ്ടും മുത്തമിട്ടു. ഫൈനലില്‍ ദക്ഷിണ കൊറിയയെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് തകർത്താണ് ഇന്ത്യ കിരീടമുയർത്തിയത്. മൽസരത്തിൽ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ ഇന്ത്യ കിരീടമുറപ്പിച്ച കളിയാണ് കെട്ടഴിച്ചത്. ഇന്ത്യയുടെ നാലാം ഏഷ്യാകപ്പ് ഹോക്കി കിരീടമാണിത്. ജയത്തോടെ ഇന്ത്യ ലോകകപ്പ് ബെര്‍ത്തും ഉറപ്പിച്ചു.
മത്സരത്തിന്റെ ആദ്യ മിനിറ്റില്‍ തന്നെ ഇന്ത്യ കൊറിയൻ വലകുലുക്കി. സുഖ്ജിത് സിങ്ങാണ് ഗോൾ നേടിയത്. പലതവണ കൊറിയന്‍ പോസ്റ്റിന് മുന്നിൽ ഇന്ത്യ റെയ്ഡ് ചെയ്തെങ്കിലും ഗോൾകീപ്പർ തടസ്സമായി. ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോളിന് ഇന്ത്യ മുന്നിട്ടുനിന്നു.കൊറിയൻ മുന്നേറ്റത്തോടെയായിരുന്നു രണ്ടാം ക്വാര്‍ട്ടറെങ്കിലും എന്നാല്‍ ഇന്ത്യന്‍ പ്രതിരോധം തകർക്കാനായില്ല. കൂടുതൽ പ്രതിരോധത്തിലായ കൊറിയക്ക് ഇന്ത്യ അടുത്ത ഷോക്ക് ട്രീറ്റ്മെന്റും നൽകി. ദില്‍പ്രീത് സിങ്ങാണ് ഇത്തവണ ഗോൾവല കുലുക്കിയത്. രണ്ടാം ക്വാര്‍ട്ടറിൽ ഇന്ത്യ 2-0 ന് മുന്നിട്ടുനിന്നു. പിന്നീടങ്ങോട്ട് ഇന്ത്യയുടെ പടയോട്ടമായിരുന്നു.
മൂന്നാം ക്വാര്‍ട്ടറിന്റെ അവസാനം ദില്‍പ്രീത് സിങ്ങിന്റെ വകയായി മൂന്നാം ഗോൾ പിറന്നു. അതോടെ കൊറിയ അക്ഷരാര്‍ഥത്തില്‍ പ്രതിരോധത്തിലായി. അവസാന ക്വാര്‍ട്ടറില്‍ പെനാല്‍റ്റി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് അമിത് രോഹിദാസ് ഇന്ത്യയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ഉടൻ കൊറിയ ഒരു ഗോള്‍ മടക്കിയെങ്കിലും മൽസരത്തിലേക്ക് തിരിച്ചുവരാനാവാത്ത വിധം ഇന്ത്യ ദക്ഷിണ കൊറിയയെ തളച്ചു. ജയത്തോടെ ഇന്ത്യ ഏഷ്യാകപ്പ് ഹോക്കി കിരീടത്തില്‍ മുത്തമിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.