ഇന്ത്യയിൽ നടക്കുന്ന ഏഷ്യാ കപ്പ് ഹോക്കിയിൽ പങ്കെടുക്കാൻ പാകിസ്താൻ ടീമിന് അനുമതി
text_fieldsന്യൂഡൽഹി: അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ഏഷ്യാ കപ്പിലും ജൂനിയർ ലോകകപ്പിലും പാകിസ്താൻ ഹോക്കി ടീമിന് മത്സരിക്കാൻ അനുവാദം നൽകുമെന്ന് കായിക മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പരമ്പരാഗത ശത്രുക്കളെ തടയാനുള്ള ഏതൊരു നീക്കവും ഒളിമ്പിക് ചാർട്ടറിന്റെ ലംഘനമാകുമെന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ബീഹാറിലെ രാജ്ഗിറിൽ സെപ്റ്റംബർ 7 മുതൽ ആഗസ്റ്റ് 27 വരെയാണ് ഏഷ്യാ കപ്പ് ടൂർണമെന്റ്. നവംബർ 28 മുതൽ ഡിസംബർ 10 വരെ ചെന്നൈയിലും മധുരയിലുമായി ജൂനിയർ ലോകകപ്പും നടക്കും.
‘ഇന്ത്യയിൽ ബഹുരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്ന ഒരു ടീമിനും ഞങ്ങൾ എതിരല്ല. മത്സരത്തിൽനിന്ന് പിന്മാറാൻ കഴിയില്ലെന്നാണ് അന്താരാഷ്ട്ര കായിക വൃത്തങ്ങൾ നിർദേശിക്കുന്നത്. റഷ്യയും യുക്രെയ്നും യുദ്ധത്തിലാണ്. പക്ഷേ, അവർ ബഹുരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കുന്നുവെന്നും’ കായിക മന്ത്രാലയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
പാകിസ്താനെ തടയാൻ ശ്രമിച്ചാൽ അത് ഒളിമ്പിക് ചാർട്ടറിന്റെ ലംഘനമായി കാണപ്പെടും. എന്നാൽ, ഉഭയകക്ഷി ചർച്ചകൾ വ്യത്യസ്തമാണ്. ആ കാര്യത്തിൽ ഒരു ഇളവും ഉണ്ടാകില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
ചാർട്ടർ ഒളിമ്പിക് പ്രസ്ഥാനത്തിന്റെ ഭരണഘടനക്ക് സമാനമാണ്. കൂടാതെ അന്താരാഷ്ട്ര സമാധാനവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപകരണമായി സ്പോർട്സിന് ഊന്നൽ നൽകുന്നു. അതിനാൽ ഒരു ബഹുരാഷ്ട്ര മൽസരത്തിൽനിന്ന് എതിരാളി രാജ്യത്തെ തടയാനുള്ള ഏതൊരു ശ്രമവും ആതിഥേയ രാഷ്ട്രത്തിന് ഭാവിയിൽ ആതിഥേയ അവകാശങ്ങൾ ലഭിക്കാനുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കും.
പാകിസ്താൻ ഹോക്കി ടീമുകളെ ഇന്ത്യയിൽ നടക്കുന്ന ഏഷ്യാ കപ്പിലും ജൂനിയർ ലോകകപ്പിലും കളിക്കാൻ അനുവദിക്കാനുള്ള തീരുമാനത്തെ ഹോക്കി ഇന്ത്യ സ്വാഗതം ചെയ്തു.
കഴിഞ്ഞ ഏപ്രിലിൽ 26 വിനോദസഞ്ചാരികളെ വെടിവച്ചു കൊന്ന പഹൽഗാം ഭീകരാക്രമണത്തിനുശേഷം രണ്ടു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങൾ തകർന്നിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.