കമാൽ ഹേ!
text_fieldsകമാലുദ്ദീൻ മോയിക്കൽ (പി. സന്ദീപ്)
ഒരു ഫ്ലാഷ്ബാക്ക്
2010 മാർച്ച് 16. കത്തിക്കാളുന്ന ഉച്ചവെയിൽ. നിലമ്പൂർ ചന്തക്കുന്നിലെ മയ്യന്താനി ഗ്രൗണ്ടിന് അഭിമുഖമായുള്ള ആ വീട്ടിലെത്തിയത് അർജന്റീന ഫുട്ബാൾ ടീമിന്റെ കടുത്ത ആരാധകനായ കമാലുദ്ദീൻ മോയിക്കലിനെ തേടിയായിരുന്നു. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ലോകകപ്പിന് മുന്നോടിയായി ‘മാധ്യമം’ പുറത്തിറക്കുന്ന പ്രത്യേക പതിപ്പായ ‘ഷൂട്ടൗട്ടി’ലേക്ക് ഇഷ്ടടീമിന്റെ ആരാധകരുടെ കഥ കോർത്തുവെക്കുന്നതിനായിരുന്നു അത്. വീടിന് പുറത്തെ കുട്ടയിൽ നിറച്ചുവെച്ച കുറേ പന്തുകളാണ് ആദ്യം കണ്ണിലുടക്കിയത്.
ചെറിയ കുട്ടികൾ ആ കൊടുംവെയിലിലും അവിടെ വന്ന് പന്തെടുത്ത് കളിക്കുന്നു. ആ വീടിന്റെ ഉമ്മറ വാതിൽ തുറക്കുന്നത് വിശാലമായ ഹാളിലേക്ക്. അവിടെയും തലങ്ങും വിലങ്ങും ചിതറിക്കിടക്കുന്ന ഫുട്ബാളുകൾ. 12ഉം ഒമ്പതും വയസ്സുള്ള രണ്ട് ആൺകുട്ടികൾ ഹാളിലൂടെ പോകുമ്പോഴും വരുമ്പോഴുമെല്ലാം ആ പന്തിനെ ആഞ്ഞു പ്രഹരിക്കുന്നുണ്ട്. മൂന്നര വയസ്സുകാരനായ കുഞ്ഞനിയനും പന്തടിക്കുന്നത് അതിശയിപ്പിക്കുന്ന കരുത്തോടെ തന്നെ.
വീട്ടിനുള്ളിൽ പന്തുകളിക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന മാതാപിതാക്കളോ?..ആ ആശ്ചര്യമായിരുന്നു കമാലിനോടുള്ള ആദ്യചോദ്യം. അതിന്റെ തുടർച്ചയായി കമാൽ പറഞ്ഞ കഥകൾ കേട്ട് അന്തിച്ചിരിന്നു. ഫുട്ബാൾ ഹൃദയതാളമാക്കിയ ഒരു മനുഷ്യൻ അതിന്റെ രസച്ചരടിൽ കോർത്ത് ജീവിതം തുഴയുന്ന അതിശയകഥ.
2010 ‘മാധ്യമം’ ഷൂട്ടൗട്ടിൽ പ്രസിദ്ധീകരിച്ച ലേഖനം
കമാലിന് കളി ജീവിതം തന്നെയാണ്. വീടും വീട്ടുകാരിയും മക്കളും വാഹനവും കച്ചവടവുമെല്ലാം കളിയുമായി ചേർത്തുകെട്ടിയ അതിശയിപ്പിക്കുന്ന അപൂർവത. ജന്മനാ ഹൃദ്രോഗിയായിരുന്നു കമാൽ. പൂക്കോട്ടുംപാടത്തെ ബാല്യകാലത്ത് കളിക്കളത്തിലേക്ക് അക്കാരണത്താൽ പ്രവേശനം നിഷിദ്ധം. കുഞ്ഞുന്നാൾ മുതൽ കനപ്പെട്ട മരുന്ന് കുത്തിവെച്ച് മുന്നോട്ടുപോകുമ്പോഴും വിലക്കിന്റെ ഓഫ്സൈഡ് ട്രാപ്പ് പൊട്ടിച്ച് കമാൽ മൈതാനത്തിറങ്ങി. ഓടാനും ചാടാനും പാടില്ലെന്ന താക്കീതിനെ ഗോളിയുടെ വേഷം കെട്ടി മറികടന്നു. കളി കുഴപ്പമൊന്നും സൃഷ്ടിക്കുന്നില്ലെന്നായപ്പോൾ കുറേശ്ശേ കളിച്ചുകൊള്ളാൻ ഡോക്ടറുടെ അനുമതി.
ഹൃദയസംബന്ധമായ പ്രശ്നങ്ങൾ പൂർണമായും മാറിയതായി ഉസ്മാൻ ഡോക്ടർ സാക്ഷ്യപ്പെടുത്തുമ്പോൾ വയസ്സ് 18. ശേഷം പൂർണ മനസ്സോടെ കളിയിലേക്ക്. മമ്പാട് ഫ്രണ്ട്സിന്റെ ഗോളിയായി തിളങ്ങി നിൽക്കെ 21-ാം വയസ്സിൽ അപ്രതീക്ഷിതമായി മറ്റൊരു മാർച്ചിങ് ഓർഡർ. ഗൾഫ് വിസയുടെ രൂപത്തിൽ. പോകാൻ ഒട്ടും മനസ്സില്ലെങ്കിലും രണ്ട് പെങ്ങന്മാരെ കെട്ടിച്ചയക്കാൻ കടൽ കടക്കാതെ രക്ഷയില്ല. കണ്ണീരോടെ കമാൽ ബൂട്ടഴിച്ചു. മൂന്നു വർഷം ഗൾഫിൽ അത്യധ്വാനം. പെങ്ങന്മാരെ കെട്ടിച്ച് മുഴുവൻ കടവും വീട്ടിയതിനു പിന്നാലെ അടുത്ത ദിവസം നാട്ടിൽ തിരിച്ചെത്തി. പന്തുകളിക്കു വേണ്ടിത്തന്നെ.
തിരിച്ചുപോക്കില്ലെന്ന് തീരുമാനിച്ചു വന്നതിനാൽ നിലമ്പൂരിൽ കട തുടങ്ങി. 13 വയസ്സു മുതൽ ഇലക്ട്രോണിക്സ് പഠിച്ച് ആ മേഖലയിൽ മിടുക്കനായ കമാൽ കച്ചവടത്തിൽ ഫോമിലെത്തി. നിലമ്പൂർ യുനൈറ്റഡ് എന്ന പേരിൽ സ്വന്തമായൊരു ടീം തുടങ്ങി. ആദ്യസീസണിൽ തന്നെ ജില്ല 'ഇ' ഡിവിഷൻ ചാമ്പ്യന്മാർ. ഒപ്പം നാട്ടിലെ കുട്ടികൾക്ക് കമാലിന്റെ കോച്ചിങ്. ബൂട്ടും ജഴ്സിയുമില്ലാത്തവർക്ക് അതെല്ലാം കമാലിന്റെ വക. ഇതിനിടയിൽ കോഴിക്കോട് സെപ്റ്റിൽ പരിശീലക വിദ്യാർഥിയുമായി.
വിവാഹത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ പ്രതിശ്രുത വധുവിന് നല്ല ഉയരം വേണമെന്നതായിരുന്നു ഡിമാൻഡ്. കുട്ടികളുണ്ടാകുമ്പോൾ അവർക്ക് നല്ല ഉയരമുണ്ടാകുകയെന്ന ലക്ഷ്യത്തിലേക്കായിരുന്നു അത്. ആൺകുട്ടികൾ പിറന്നാൽ അവരെ മികച്ച കളിക്കാരാക്കണമെന്ന് കമാൽ മുമ്പേ സ്വപ്നം കണ്ടുതുടങ്ങിയിരുന്നു. തനിക്ക് നഷ്ടമായതെല്ലാം അവരിലൂടെ തിരിച്ചുപിടിക്കണമെന്ന അടങ്ങാത്ത മോഹം. ആറടി രണ്ടിഞ്ചിൽ ആജാനുബാഹുവായ കമാലിന് അങ്ങനെ നിലമ്പൂർക്കാരി സൽമത്ത് നല്ലപാതിയായി.
കമാലിന്റെ പ്രാർഥന ദൈവം കേട്ടു. കുട്ടികൾ മൂന്നു പേരായി. മൂന്നും ആൺകുട്ടികൾ. മൂത്തവൻ ഉവൈസ്, രണ്ടാമൻ ഉനൈസ്, ഇളയവൻ ഉമൈസ്. വീടിന്റെ കാര്യത്തിലുമുണ്ടായിരുന്നു ചില മാനദണ്ഡങ്ങൾ. മക്കൾ കളിയോട് ചേർന്നുനിൽക്കാൻ വീട് ഗ്രൗണ്ടിനു തൊട്ടരികിൽ തന്നെ വേണം. വീട്ടിലെ ഡ്രോയിങ് റൂം കുട്ടികൾക്ക് പന്തുതട്ടാൻ മാത്രം വിശാലമായിരിക്കണം. വാഹനം വാങ്ങാൻ തീരുമാനിച്ചപ്പോൾ ടാറ്റാ സുമോക്കായി ആദ്യപരിഗണന. ടീമിനെ കളിക്കാൻ കൊണ്ടുപോകാൻ അത് സൗകര്യപ്പെടുമെന്നതായിരുന്നു കാരണം.
15 വർഷം മുമ്പുള്ള ഈ കഥകൾ അന്ന് ‘മാധ്യമം ഷൂട്ടൗട്ടി’ൽ അച്ചടിച്ചുവന്നു, കമാലും മക്കളും അർജന്റീന ജഴ്സി ധരിച്ച ചിത്രത്തോടൊപ്പം. വിധിയുടെ പല തിരിച്ചടികളിൽ കുടുങ്ങി തനിക്ക് കൈയെത്തിപ്പിക്കാനാവാതെ പോയതെല്ലാം മക്കളിലൂടെ തിരിച്ചുപിടിക്കാനുള്ള വാശിയായിരുന്നു കമാലിന്റെ അന്നത്തെ സംസാരത്തിൽ നിറഞ്ഞുനിന്നതത്രയും. അതിനുവേണ്ടി തുടങ്ങിവെച്ച ത്യാഗങ്ങളുടെ കഥകൾ. നേരിടേണ്ടി വന്ന പരീക്ഷണങ്ങൾ...
15 വർഷങ്ങൾക്കുശേഷം
വീണ്ടും ആ വീട്ടിലേക്ക് കയറിച്ചെന്നത് ഇക്കഴിഞ്ഞ സെപ്റ്റംബർ ഒന്നിന്. ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കാലയളവ് മയ്യന്താനി മൈതാനത്തിന്റെ ചുറ്റുവട്ടങ്ങളെയാകെ മാറ്റിമറിച്ചിരിക്കുന്നു. ഗ്രൗണ്ടിന് ചുറ്റും മതിലും നിറയെ വീടുകളും. രാത്രി പകലാക്കി പന്തുതട്ടാൻ കൃത്രിമ വിളക്കുകൾ വരെ മൈതാനത്ത് സ്ഥാപിതമായിട്ടുണ്ട്. ഗ്രൗണ്ടിലേക്ക് തുറക്കുന്ന കമാലിന്റെ വീട്ടിലേക്ക് വീണ്ടും. വീടിനും മാറ്റങ്ങൾ വരുത്തുന്ന നിർമാണത്തിരക്ക്. അതിനുള്ളിൽ ഇപ്പോഴും കമാലുണ്ട്. അതേയളവിൽ അയാളുടെ പന്തുകളി പ്രേമവും.
15 വർഷം മുമ്പ് ഞങ്ങൾ ചെല്ലുമ്പോൾ വീട്ടിനുള്ളിൽ പന്തുതട്ടിക്കളിക്കുകയായിരുന്ന 12 വയസ്സുകാരൻ ഉവൈസ് പക്ഷേ, ആ വീട്ടിലില്ല. അവൻ അങ്ങ് തജികിസ്താനിലെ ഹിസോറിലുള്ള സെൻട്രൽ സ്റ്റേഡിയത്തിലാണുള്ളത്. ചുവരിൽ പന്തടിച്ചുവളർന്ന ബാല്യത്തിൽനിന്ന് അവൻ ആകാശത്തോളം വളർന്നു. ഏതൊരു ഇന്ത്യക്കാരനും മോഹിക്കുന്ന ആ നീലക്കുപ്പായത്തിലേക്ക് അവൻ അഭിമാനത്തോടെ നടന്നുകയറിക്കഴിഞ്ഞു. അന്ന് വൈകീട്ട് ഹിസോറിൽ കരുത്തരായ ഇറാനെതിരെ അവന് രാജ്യത്തിന്റെ കുപ്പായമിട്ടിറങ്ങാനുണ്ട്. കാസ നാഷൻസ് കപ്പിൽ കളിക്കുന്ന ഇന്ത്യൻ ഫുട്ബാൾ ടീമിന്റെ പ്രതിരോധനിരയിലെ ശക്തിസാന്നിധ്യമായി അരങ്ങേറ്റ മത്സരത്തിൽതന്നെ ഉവൈസ് പേരെടുത്തു. മകനിലൂടെ കിനാവുകൾ പൂക്കുന്ന കാലത്തിനായി ജീവിതം മുഴുവൻ ആത്മാർപ്പണം ചെയ്ത പിതാവിന്റെ സ്വപ്ന സാക്ഷാത്കാരം.
കമാലും ഭാര്യ സൽമത്തും
എല്ലാ പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റി കമാൽ ലക്ഷ്യങ്ങളുടെ ഗോൾവല കുലുക്കിയിരിക്കുന്നു. ഇന്ന് അയാളുടെ മേൽവിലാസംതന്നെ മാറി. മോയിക്കൽ കമാലുദ്ദീൻ ഇന്ന് ഇന്ത്യൻ താരം മുഹമ്മദ് ഉവൈസിന്റെ പിതാവാണ്. കളിയിൽ ആശിച്ചയിടങ്ങളിലേക്ക് ഡ്രിബ്ൾ ചെയ്തു കയറാനാവാതെ പോയ പിതാവ് മകനെ മുൻനിർത്തി ആസൂത്രണം ചെയ്ത പദ്ധതികളുടെ വിജയകരമായ പരിസമാപ്തി. ഇന്ത്യൻ ഫുട്ബാളിന്റെ ആകാശത്ത് ഉവൈസെന്ന താരം ഉദിക്കുമ്പോൾ കമാൽ കൊണ്ട വെയിലാണ് അതിന് തിളക്കമേറ്റുന്നത്. ഉവൈസിന്റെ ഉയർച്ചക്കൊപ്പം അതിന്റെ പൂർണതക്കായി ഉഴിഞ്ഞുവെച്ച കമാലിന്റെ ജീവിതം കൂടി സാർഥകമാവുകയാണ്. ഒരു പിതാവിന്റെ അതിശയിപ്പിക്കുന്ന ത്യാഗവും അയാളൊഴുക്കിയ വിയർപ്പുമാണ് ഈ അഭിമാന കഥയെ വേറിട്ടുനിർത്തുന്നത്.
ശ്രദ്ധ അടിസ്ഥാന കാര്യങ്ങളിൽ
ചെറുപ്പത്തിൽ ഉവൈസിന് നല്ല തടിയുണ്ടായിരുന്നു. മറ്റു കുട്ടികളേപ്പോലെ മൂവ്മെന്റ്സൊന്നും അത്ര അനായാസകരമായിരുന്നില്ല. അക്കാദമികളിൽ ഇത്തരം കുട്ടികൾക്ക് പരിഗണന കുറവായിരിക്കും. ഉയരവും വണ്ണവും കുറവായ കുട്ടികൾ കൂടുതൽ അത്ലറ്റിക്കായിരിക്കും. പരിഗണനക്കും പ്രശംസക്കും നടുവിൽ ചടുലചലനങ്ങളും മെയ്വഴക്കവും കൂടുതലുള്ള ഈ കുട്ടികളായിരിക്കും.
എന്നാൽ, അന്ന് പന്തടക്കത്തിലും പദചലനങ്ങളിലും മിടുക്കനാവുന്നതിനപ്പുറം അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധയൂന്നുകയായിരുന്നു ഉവൈസിന്റെ കാര്യത്തിൽ കമാൽ ചെയ്തത്. ആഴ്ചയിൽ രണ്ടുദിവസം പുലർച്ചെ മൂന്നുമണിക്ക് എഴുന്നേറ്റ് കോഴിക്കോട്ടെ സെപ്റ്റ് അക്കാദമിയിലെത്തി പരിശീലനം. ശാരീരിക ക്ഷമതയും സ്ട്രെങ്തും സ്റ്റാമിനയുമെല്ലാം മുൻനിർത്തിയായിരുന്നു പദ്ധതികൾ. അപ്പോഴത്തെ റിസൽറ്റിലല്ല, ഭാവിയിലേക്കായിരുന്നു ശ്രദ്ധ. 15 വയസ്സായ സമയത്ത് ഉവൈസ് ഒരിക്കൽ പറഞ്ഞു, ‘വാപ്പച്ചീ, ഞാൻ കളിനിർത്തുകയാണ്.
ഞാൻ പഠിക്കാൻ പോയ്ക്കോളാം. എനിക്ക് കളിക്കാൻ കഴിയുന്നില്ല. എല്ലാവരും എന്നെ കളിയാക്കുന്നു. എന്ത് കോച്ചാണ് നിന്റെ വാപ്പ? നിന്റെ കൂടെ കളിക്കുന്നവരൊക്കെ സ്റ്റേറ്റ് ടീമിനുവേണ്ടി കളിക്കുന്നത് കണ്ടില്ലേ? ഇന്ത്യൻ ക്യാമ്പിലെത്തി ചിലർ. നിന്നെ എന്താ അധികം പ്രാക്ടീസ് ചെയ്യിക്കാത്തത്. നിന്റെ തടിയെന്താണ് ഇങ്ങനെ? അവരെല്ലാം എന്നെ കളിയാക്കുന്നു’ എന്നായിരുന്നു ഉവൈസിന്റെ പരിഭവം. എന്നാൽ, ഉവൈസിനെ കമാൽ കാര്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി. ‘ഒന്നുകൊണ്ടും പേടിക്കേണ്ട, വാപ്പച്ചി കൂടെയുണ്ട്’.
സമ്മർദങ്ങളുടെ പെനാൽറ്റി ബോക്സിൽ
വർഷങ്ങൾക്കുമുമ്പേ എന്തായിരുന്നോ മനസ്സിൽ ഉദ്ദേശിച്ചത്, അതെല്ലാം കൃത്യമായി ചെയ്ത് മുമ്പോട്ടുപോവുകയായിരുന്നു ഞാൻ. ക്യാമ്പും മക്കളുടെ ശിക്ഷണവുമെല്ലാം മുറപോലെ നടക്കുന്നുണ്ടായിരുന്നു.
പ്ലസ് വണ്ണിന് എം.എസ്.പിയിൽ ചേർത്തശേഷം അഞ്ചുമാസത്തിനുശേഷം അതൊഴിവാക്കിയിട്ട് ഭാരത് എഫ്.സിയിലേക്ക് പോയതോടെ ഉവൈസിന്റെ പഠനം നിലച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമടക്കം കുറ്റപ്പെടുത്താൻ തുടങ്ങി. മകന്റെ ജീവിതം വെച്ചാണ് കളിയെന്ന് പലരും എന്നോട് നേരിട്ട് പറഞ്ഞു. ഭാരത് എഫ്.സിയിൽ സെലക്ഷൻ കിട്ടിയപ്പോൾ മനസ്സിലുള്ള ലക്ഷ്യങ്ങളുടെ ആദ്യപടിയായാണ് ഞാൻ അതിനെ കണ്ടത്. അവന്റെ പഠനത്തെക്കുറിച്ചുള്ള ആധിയിൽ ഡിസ്റ്റൻസായി പിന്നീട് പ്ലസ് ടുവിന് ചേർത്തു. അത് പാസായി.
ഭാരത് എഫ്.സി ഒരു വർഷത്തിനകം പൂട്ടിയതോടെയാണ് സുദേവയിലെത്തിയത്. അതിനിടയിൽ ഞാൻ സാമ്പത്തിക പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി. കളി കാര്യമായെടുത്ത രണ്ടാമൻ ഉനൈസിനെയും ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നു. നാട്ടിലെ കുട്ടികളുടെയും സ്വന്തം മക്കളുടെയും പരിശീലനത്തിനായി പണം കണ്ടെത്തുക ശ്രമകരമായി. ഇൻവർട്ടർ, ബാറ്ററി തുടങ്ങിയവയുടെ നിർമാണമായിരുന്നു പ്രധാന ബിസിനസ്. അതിൽ ശ്രദ്ധയൂന്നിയിരുന്നെങ്കിൽ ഇന്ന് കോടീശ്വരനാകുമായിരുന്നു ഞാൻ. അതുചെയ്യാതെ കളിക്ക് പ്രാമുഖ്യം നൽകി മുമ്പോട്ടുപോകുന്നതിലും കുടുംബത്തിൽനിന്നുൾപ്പെടെ കുറ്റപ്പെടുത്തൽ നിരവധിയായിരുന്നു.
ഉവൈസ്: കരിയറിന്റെ നാൾവഴികൾ
പ്ലസ് വണ്ണിന് ഉവൈസിന് മലപ്പുറം എം.എസ്.പിയിൽ അഡ്മിഷൻ കിട്ടി. ബിനോയ് സാറായിരുന്നു കോച്ച്. അവിടെ അഞ്ചുമാസമേ നിന്നിട്ടുള്ളൂ. അപ്പോഴേക്കും പുണെയിൽ അന്നത്തെ ഐ ലീഗ് ടീമായ ഭാരത് എഫ്.സിയുടെ സെലക്ഷൻ ട്രയൽസ്. ബിനോയ് സാറിന്റെ സമ്മതം വാങ്ങി ഉവൈസിനെ കമാൽ സെലക്ഷന് കൊണ്ടുപോയി. കേരളത്തിൽനിന്ന് അവന് മാത്രമാണ് സെലക്ഷൻ കിട്ടിയത്. വിദേശകോച്ചായിരുന്നു ഭാരതിൽ. പ്രൊഫഷനൽ ഫുട്ബാളിലേക്കുള്ള പ്രവേശനമായിരുന്നു അത്.
ഭാരതിലെ ഒരു വർഷം കൊണ്ട് ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കാൻ പഠിച്ചു. അടുത്ത വർഷം ഡൽഹിയിലെ സുദേവ എഫ്.സിയിൽ. അവിടെയും വിദേശ കോച്ചായിരുന്നു. അതുവരെ സ്ട്രൈക്കറായും മിഡ്ഫീൽഡറായും കളിച്ചിരുന്ന ഉവൈസിനെ ഡിഫൻഡറുടെ റോളിലേക്ക് മാറ്റിയത് അദ്ദേഹമായിരുന്നു. താൻ ഉദ്ദേശിക്കുന്ന തന്ത്രങ്ങൾ കളത്തിൽ പ്രാവർത്തികമാക്കാൻ പറ്റിയ താരമാണ് ഉവൈസ് എന്നായിരുന്നു ആ മാറ്റത്തിന് കോച്ചിന്റെ മറുപടി.
അങ്ങനെയിരിക്കെയാണ് തൃശൂർ ആസ്ഥാനമായി എഫ്.സി കേരള ടീം രൂപം കൊള്ളുന്നത്. കേരളത്തിൽ ഒരു സെക്കൻഡ് ഡിവിഷൻ ക്ലബ് വന്ന സാഹചര്യത്തിൽ സുദേവയിൽനിന്ന് അങ്ങോട്ട് മാറി. ഒരു വർഷം എഫ്.സി കേരളയിൽ കളിച്ചു. അടുത്ത വർഷം ജാലി പി. ഇബ്രാഹിം എന്ന പരിശീലകനുകീഴിൽ തൃശൂരിൽ തന്നെയുള്ള എഫ്.സി തൃശൂരിലേക്ക്. കേരള പ്രീമിയർ ലീഗ് കളിക്കാൻ ഉന്നമിട്ടായിരുന്നു അത്. അന്നുമുതൽ ഇപ്പോഴും ജാലി മെന്ററെ പോലെ ഉപദേശനിർദേശങ്ങളുമായി കൂടെയുണ്ട്.
എഫ്.സി തൃശൂരിൽ കളിക്കുന്നതിനിടയിൽ ബംഗളൂരുവിലെ ഓസോൺ എഫ്.സിയിൽനിന്ന് വിളി വന്നു. അവിടുത്തെ വിദേശ കോച്ചിനുകീഴിൽ നന്നായി കളിച്ചു. അതുകണ്ട് ബാംഗ്ലൂർ യുനൈറ്റഡ് വിളിച്ചു. അവർക്കുവേണ്ടി മികച്ച ഫോമിൽ കളിക്കുന്നതിനിടെയായിരുന്നു കോവിഡ് വ്യാപനം. അതോടെ ക്ലബെല്ലാം പൂട്ടി. നാട്ടിൽ തിരിച്ചെത്തി. പുറത്തിറങ്ങാനാവാത്ത അവസ്ഥയിൽ വീട്ടിലേക്കുള്ള വഴിയിലായിരുന്നു അന്ന് പ്രാക്ടീസ് ചെയ്തിരുന്നത്. പരിക്കുമാറിയ അനിയൻ ഉവൈസും അവനൊപ്പം കൂടി. പ്രൊഫഷനൽ ഫുട്ബാളറായി മാറിയ ഉനൈസ് ഇപ്പോൾ ബംഗളൂരുവിൽ കുടക് എഫ്.സിയുടെ താരമാണ്.
കോവിഡിനുശേഷം കെ.എസ്.ഇ.ബി ടീമിനുവേണ്ടി അതിഥിതാരമായി കളത്തിൽ. കെ.പി.എല്ലിൽ കെ.എസ്.ഇ.ബിക്കുവേണ്ടി മിന്നുന്ന പ്രകടനം. ഫൈനൽ ഗോകുലത്തിനെതിരെ. ആ പ്രകടനം കണ്ട് ഗോകുലം അധികൃതർ ഐ ലീഗിൽ കളിക്കാൻ ക്ഷണിച്ചു. മൂന്നു വർഷത്തേക്കായിരുന്നു കരാർ. ഒരു സീസൺ മുഴുവൻ ഗോകുലത്തിന് ബൂട്ടുകെട്ടി. ഇടതു വിങ് ബാക്കിന്റെ പൊസിഷനിലായിരുന്നു ഗോകുലത്തിൽ. ഗോകുലത്തിലെ പ്രകടനം കണ്ടാണ് ജംഷഡ്പൂർ എഫ്.സി എത്തുന്നത്. ഗോകുലവുമായി രണ്ടു വർഷത്തെ കരാർ ബാക്കിയുള്ളതിനാൽ 35 ലക്ഷം രൂപ ട്രാൻസ്ഫർ ഫീസ് കൊടുത്താണ് ജംഷഡ്പൂർ എഫ്.സി ഉവൈസിനെ സ്വന്തമാക്കിയത്. മൂന്നു വർഷത്തേക്കായിരുന്നു അവരുമായുള്ള കരാർ.
ആദ്യത്തെ വർഷം േപ്ലയിങ് ഇലവനിൽ കാര്യമായി ഇടം കിട്ടിയില്ല. എന്നാൽ, അടുത്ത വർഷം ഖാലിദ് ജമീൽ കോച്ചായി എത്തിയതോടെ ഉവൈസിന്റെ കളിയും തലവരയും മാറി. കഴിഞ്ഞ സീസണിൽ ഒരു മിനിറ്റുപോലും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടാതെ ജംഷഡ്പൂരിനുവേണ്ടി കളത്തിലുണ്ടായിരുന്നു.
ഉവൈസിലെ പ്രതിഭയെത്തേടി പിന്നീടെത്തിയത് പഞ്ചാബ് എഫ്.സി. അവർ ഉൾപ്പെടെ അഞ്ചു ക്ലബുകൾ മികച്ച ഓഫറുകളുമായി പിന്നാലെയുണ്ടായിരുന്നു. പല കാര്യങ്ങളും പരിഗണിച്ചാണ് പഞ്ചാബിലേക്ക് പോവാൻ തീരുമാനിച്ചത്. ഈ സീസണിൽ മൂന്നു കളികളിൽ പഞ്ചാബിനുവേണ്ടി കളത്തിലിറങ്ങി. അതിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ പ്രതിഫലമായിരുന്നു ഇന്ത്യൻ ക്യാമ്പിലേക്കുള്ള വിളി.
അറിയപ്പെടുന്ന ക്ലബുകളിൽ കളിക്കുമ്പോഴും ഞാൻ മാസാമാസം അവന് പണം അയച്ചുകൊടുക്കുമായിരുന്നു. ഐ.എസ്.എൽ ക്ലബിൽ കയറുന്നത് വരെ അത് തുടർന്നു. പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നതിനുവേണ്ടിയായിരുന്നു പ്രതിമാസം 20000 രൂപവരെ അയച്ചു നൽകിയത്. പ്രോട്ടീൻ നന്നായി ലഭിക്കുകയും ശാരീരിക ക്ഷമത നിലനിർത്തുകയും ചെയ്താലേ ഭാവിയിലേക്ക് കരുത്തനായി വളരൂ. അതുകൊണ്ട് അവന്റെ വളർച്ചയിൽ തുടക്കം മുതൽ പ്രോട്ടീൻ ദായകമായ ഭക്ഷണത്തിന് പ്രഥമ പരിഗണന നൽകിയിരുന്നു.
ഉവൈസ് ഓരോ വർഷവും എത്തേണ്ട ലക്ഷ്യങ്ങൾ ഏതൊക്കെയെന്ന് ഞാൻ നേരത്തേ സെറ്റ് ചെയ്ത് വെച്ചിരുന്നു. 18-ാം വയസ്സിൽ അണ്ടർ 18 ഐ ലീഗ്, 20ൽ സീനിയർ ഐ ലീഗ് രണ്ടാം ഡിവിഷൻ..എല്ലാം കൃത്യമായെങ്കിലും അവന് 20 കടന്ന ശേഷം പൊടുന്നനെ ആ ഒഴുക്കിന് വിഘാതം നേരിട്ടു.
അതിനിടയിൽ ഉപ്പാക്ക് സ്കൂട്ടർ അപകടത്തിൽ നട്ടെല്ലിന് ഗുരുതര പരിക്ക് പറ്റി. അഞ്ചു വർഷം കിടന്ന കിടപ്പിൽ. എന്തുവില കൊടുത്തും ഉപ്പയെ തിരിച്ചുപിടിക്കാൻ, ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും ചെലവഴിച്ചു. ദൈവം തുണച്ച് അതു സാധിച്ചു. ഉപ്പയെ നടക്കാൻ പ്രാപ്തനാക്കി.
ഒരു ഇൻഷുറൻസ് കഥ!
ഞാൻ കളിയുമായി ഓടി നടക്കുമ്പോൾ കടയൊക്കെ നോക്കി നടത്തിയിരുന്നത് ഉപ്പയായിരുന്നു. ഉപ്പക്ക് വയ്യാതായതോടെ കട കൈകാര്യം ചെയ്യുന്നതിലും ശ്രദ്ധ വേണമെന്നായി. കാര്യങ്ങൾ താളംതെറ്റിയതോടെ കടം കയറാൻ തുടങ്ങി. ഉവൈസാണെങ്കിൽ അവന്റെ കരിയറിലെ നിർണായക ഘട്ടത്തിലും. ആകെ ആധി പിടിച്ച് നടക്കുകയായിരുന്നു പിന്നെ. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ.
സമ്മർദം താങ്ങാനാവാതെ എനിക്കെന്തെങ്കിലും സംഭവിക്കുമെന്നുതന്നെ ഞാൻ ഭയന്നു. ടെൻഷൻ അടിച്ച് ആരോഗ്യം അപകടത്തിലാണെന്ന ഭീതി വന്നുമൂടി. ഈ ഭീതികാരണം പത്തു ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തു. വണ്ടി ഓടിക്കുന്നയാളെക്കൂടി കവറേജിൽ വരുന്ന രീതിയിൽ കൂടുതൽ പണം മുടക്കി ടാറ്റ സുമോയുടെ ഇൻഷുറൻസ് പുതുക്കി. എനിക്കെന്തെങ്കിലും സംഭവിച്ചാൽ കടങ്ങൾ വീട്ടാനുള്ള തുകയെങ്കിലും കുടുംബത്തിന് കിട്ടുമല്ലോ എന്ന ചിന്തയായിരുന്നു മനസ്സിൽ. ഇപ്പോൾ അതേക്കുറിച്ച് ആലോചിക്കുമ്പോൾ ചിരിയും കരച്ചിലുമൊക്കെ വരും.
മൂന്നു വർഷം ആ ഇൻഷുറൻസ് പോളിസി ഞാൻ കൊണ്ടുനടന്നു. ഉവൈസ് ഐ ലീഗ് കളിക്കാൻ കരാർ ഒപ്പിച്ച സന്ദർഭത്തിൽ ആ പോളിസി ക്ലോസ് ചെയ്യുകയും ചെയ്തു. വണ്ടി വീണ്ടും തേർഡ് പാർട്ടി ഇൻഷുറൻസിലേക്ക് മാറ്റി. നിവൃത്തികേടു കൊണ്ടാണ് അന്ന് അങ്ങനെയൊക്കെ ചിന്തിച്ചുപോയത്.
പ്രളയത്തിലും മുങ്ങാത്ത ആത്മധൈര്യം
അതിനിടയിലാണ് കവളപ്പാറ ദുരന്തവും നിലമ്പൂരിനെ മുക്കിയ പ്രളയവും. കട വെള്ളത്തിൽ മുങ്ങി. ഒന്നാംനിലയിൽ മൂന്നടി ഉയരത്തിൽവരെ വെള്ളംപൊങ്ങി. 15 ലക്ഷത്തോളം രൂപയുടെ ഇലക്ട്രോണിക് സാധനങ്ങൾ നശിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു അത്. തകർന്നുപോകുമായിരുന്ന എന്നെ തുണച്ചത് നിലമ്പൂരിലെ സിവിൽ ഡിഫൻസ് അംഗമെന്ന നിലയിൽ ആർജിച്ചെടുത്ത ആത്മധൈര്യമായിരുന്നു. മലയിടിഞ്ഞപ്പോൾ മൂന്നുനാലു ദിവസം അവിടെയായിരുന്നു. പരിചയക്കാരെല്ലാം എന്നെ ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. തിരിച്ചുവന്നപ്പോഴാണ് കടയിൽ വെള്ളം കയറിയത് അറിഞ്ഞത്. ഒരുപാട് ജീവിതങ്ങൾ തകർന്ന മഹാദുരന്തത്തിന്റെ ദൃക്സാക്ഷിയായെത്തിയ എനിക്ക് കടയിലെ സാധനങ്ങൾ നശിച്ചത് വലിയ നഷ്ടമായി തോന്നിയില്ല.
നന്ദി, സ്വപ്നയാത്രയിൽ കൂട്ടുനിന്നവർക്ക്
ഒരുപാടുപേർ ഈ സ്വപ്നയാത്രയിൽ എന്റെ ത്യാഗങ്ങൾക്കൊപ്പം കൂട്ടുനിന്നിട്ടുണ്ട്. പ്രിയപത്നി സൽമത്താണ് അവരിൽ ഒന്നാമത്തെയാൾ. പ്രതിസന്ധികളുടെ വൻമലകൾ പ്രതിബന്ധമായ യാത്രയിൽ ഏതു തീരുമാനങ്ങൾക്കും പിന്തുണയുമായി അവളുണ്ടായിരുന്നു. പിന്നെ ജാലി പി. ഇബ്രാഹിമിനെപ്പോലെയുള്ള ഒരുപാട് പരിശീലകർ. ഒപ്പം കളിച്ചവരും അല്ലാത്തവരുമായ നിരവധി ഫുട്ബാൾ താരങ്ങൾ. അന്ന് മാധ്യമം ഷൂട്ടൗട്ടിൽ പ്രസിദ്ധീകരിച്ച ‘കമാലിന്റെ ഹൃദയതാളം’ എന്ന ലേഖനം ഈ യാത്രയിൽ എനിക്ക് അനൽപമായ പ്രചോദനം പകർന്നിട്ടുണ്ട്. വീണുപോവുമോ എന്ന് ആശങ്കിക്കുന്ന നിമിഷങ്ങളിൽ അതെടുത്ത് പലയാവർത്തി വായിക്കുമായിരുന്നു.
ഒടുവിൽ എന്റെ സ്വപ്നങ്ങൾ എത്തിപ്പിടിച്ചിരിക്കുന്നു. ഞാൻ ആഗ്രഹിച്ച ഉയരത്തിലേക്ക് ഉവൈസ് പന്തടിച്ചെത്തി. അച്ചടക്കവും അർപ്പണ ബോധവുമുള്ള അവൻ ദൈവാനുഗ്രഹത്താൽ ഇനിയുമേറെ വളരുമെന്നാണ് ഞാൻ ഉറച്ചുവിശ്വസിക്കുന്നത്. ഈ വർഷം ഉവൈസ് വിവാഹിതനാവുകയും ചെയ്തു. നിലമ്പൂർക്കാരി ഹന ഹാരിസാണ് അവന്റെ നല്ലപാതി.
ഇനി ഞാൻ സ്വന്തം തൊഴിലിൽ ശ്രദ്ധയൂന്നുകയാണ്. ഇലക്ട്രോണിക്സ് തൽപരനായ കച്ചവടക്കാരന്റെ റോളിലേക്ക് പൂർണമായും മാറുന്നു. ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് ലിഥിയം ബാറ്ററി നിർമാണമാണ്. പന്തുകളിക്കൊപ്പം ഇലക്ട്രോണിക്സും എന്റെ പാഷനാണ്. ഇനി ആ പാഷനും എന്റെ ജീവിതവുമായി മുന്നോട്ടുപോകും.
ഇതുപോലെ ലക്ഷ്യങ്ങൾ മനസ്സിലുള്ളവരോട് ജീവിതം സാക്ഷ്യപ്പെടുത്തി കമാലിന് പറയാനുള്ളത് പൗലോ കൊയ്ലോയുടെ വിഖ്യാതമായ ആ വാക്കുകളാണ്- ‘നിങ്ങൾ ഒരുകാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ, അത് നിങ്ങൾക്ക് നേടിത്തരാൻ വേണ്ടി ഈ പ്രപഞ്ചം മുഴുവൻ ഗൂഢാലോചന നടത്തും’.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.