കെ.സി.എൽ കാർണിവൽ; വേട്ടയാടാൻ രാജാക്കന്മാർ വരുന്നു
text_fieldsതിരുവനന്തപുരം: തിരിച്ചടികൾ തന്ന തിരിച്ചറിവുകളിൽനിന്ന് നഷ്ടപ്പെട്ടതൊക്കെ തിരിച്ചുപിടിക്കാൻ തിരുവനന്തപുരത്തിന്റെ രാജാക്കന്മാർ വരുന്നു. പൊരുതി ജയിക്കാൻ, കലിപ്പടക്കി കപ്പടിക്കാൻ. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ആഗസ്റ്റ് 21ന് ഗ്രീൻഫീൽഡിൽ ടോസ് വീഴുമ്പോൾ ട്രിവാൻഡ്രം റോയൽസിന് എതിരാളികളോട് ഒന്നേ പറയാനുള്ളൂ: ‘‘ചാരമാണെന്ന് കരുതി ചികയാൻ നിൽക്കരുത്.’’ ആദ്യ സീസണിന്റെ സെമി ഫൈനലിൽ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട റോയൽസ് ഇത്തവണ രണ്ടും കൽപിച്ചാണ്. നോവിച്ചുവിട്ടവർക്കെതിരെ കണക്കുതീർക്കാൻ പാളയത്തിൽ തന്ത്രങ്ങളും ആവനാഴിയിൽ രാകിമിനുക്കിയ ആയുധങ്ങളും സജ്ജം.
എതിരാളികളുടെ ഏത് ചക്രവ്യൂഹവും പന്തും ബാറ്റും കൊണ്ട് തച്ചുതരിപ്പണമാക്കാൻ കെൽപുള്ള ഓൾ റൗണ്ടർ അബ്ദുൽ ബാസിത്താണ് ടീമിന്റെ കേന്ദ്രബിന്ദു. ആദ്യ സീസണിൽ ക്യാപ്റ്റൻ ബാസിത്തിന്റെ ഒറ്റയാൾ പോരാട്ടങ്ങളായിരുന്നു റോയൽസിനെ സെമിയിലെത്തിച്ചത്. എന്നാൽ, ഇത്തവണ ക്യാപ്റ്റൻസിയുടെ ഭാരം ബാസിത്തിൽനിന്ന് ഇറക്കിവെപ്പിച്ച റോയൽസ് മാനേജ്മെന്റ് രണ്ടാം സീസണിൽ തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദിനെയാണ് നായക സ്ഥാനം ഏൽപിച്ചത്. വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറിയടക്കം കേരളത്തിനായി മികച്ച പ്രകടനം കാഴ്ചവെച്ച കൃഷ്ണപ്രസാദ്, കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിനു വേണ്ടി ഏറ്റവും കൂടുതൽ തിളങ്ങിയ ബാറ്റർമാരിലൊരാളാണ്. ക്യാപ്റ്റൻസിയുടെ ഭാരം ഇല്ലാതായതോടെ ക്രീസിൽ കൂടുതൽ ശക്തനാകുന്ന ബാസിത്തിനെ പിടിച്ചുകെട്ടാൻ എതിരാളികൾക്ക് തലപുകക്കേണ്ടിവരും.
ഫാസ്റ്റ് ബൗളിങ്ങിലെ മൂർച്ചക്കുറവായിരുന്നു ആദ്യ സീസണിൽ റോയൽസിന് തിരിച്ചടിയായിരുന്നത്. ഇതു തിരിച്ചറിഞ്ഞ് കേരള ക്രിക്കറ്റിന്റെ തീയുണ്ടയും ഐ.പി.എൽ താരവുമായ ബേസിൽ തമ്പിയെ മത്സരലേലത്തിലൂടെ റോയൽസ് പിടിച്ചെടുക്കുകയായിരുന്നു. 8.40 ലക്ഷത്തിനാണ് മുൻ കൊച്ചി ബ്ലൂടൈഗേഴ്സ് നായകനെ റോയൽസ് കൂടാരത്തിലേക്ക് മാനേജ്മെന്റ് എത്തിച്ചത്. പവർ പ്ലേകളിലും നിർണായക ഘട്ടത്തിലും വിക്കറ്റ് വീഴ്ത്തുന്നതിനും റണ്ണൊഴുക്ക് തടയുന്നതിനും തമ്പിയുടെ പ്രത്യേക വിരുതിലാണ് റോയൽസിന്റെ പ്രതീക്ഷ. ആദ്യ സീസണിൽ 17 വിക്കറ്റ് വീഴ്ത്തി ലീഗിലെ വിക്കറ്റ് വേട്ടയിൽ മൂന്നാമനായിരുന്നു തമ്പി. തമ്പിക്കൊപ്പം ആദ്യ സീസണിൽ ആലപ്പി റിപ്പിൾസിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ വലങ്കയ്യൻ ഫാസ്റ്റ് ബൗളർ ഫാനൂസ് ഫൈസിയുംകൂടി പന്തെടുക്കുന്നതോടെ എതിരാളികൾ ഉറപ്പായും ഈ ടീമിനെ ഭയക്കണം.
ബാറ്റിങ് ഓർഡറിലും കാര്യമായ പൊളിച്ചെഴുത്ത് ഇത്തവണ റോയൽസ് നടത്തും. ക്യാപ്റ്റൻ കൃഷ്ണപ്രസാദിനൊപ്പം വിക്കറ്റ് കീപ്പർ സുബിനായിരിക്കും അക്കൗണ്ട് തുറക്കാനെത്തുക. തുടർന്ന് റിയ ബഷീറും ഉപനായകൻ ഗോവിന്ദ് പൈയുമെത്തും. കേരള ടീമിന്റെ ഒമാൻ പര്യടനത്തിൽ മിന്നും ബാറ്റിങ്ങാണ് ഗോവിന്ദ് ദേവ് പൈ കാഴ്ചവെച്ചത്. മധ്യനിരയിൽ അബ്ദുൽ ബാസിതിന് കൂട്ടായി കേരളത്തിന്റെ ‘ക്രിസ്ഗെയിൽ’ അഭിജിത്ത് പ്രവീണിനെ ടീമിലെത്തിക്കാനായത് നേട്ടമായിട്ടുണ്ട്. നിർണായക ഘട്ടത്തിൽ റണ്ണൊഴുക്ക് തടയുന്നതിനും വിക്കറ്റ് നേടുന്നതിനും മിടുക്കുള്ള താരം, ആദ്യ സീസണിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായി ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. 2024 മാർച്ചിൽ നടന്ന നവിയോ യൂത്ത് ട്രോഫി അണ്ടര്‍ 22 ക്രിക്കറ്റ് ടൂര്‍ണമെന്റിൽ ഓവറിലെ എല്ലാ പന്തും സിക്സ് പറത്തി അഭിജിത്ത് കേരള ക്രിക്കറ്റിൽ ചരിത്രമെഴുതിയിരുന്നു. ഇരുവർക്കും പുറമെ ആദ്യ സീസണിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായി പന്തുകൊണ്ടും ബാറ്റുകൊണ്ടും പോരാടിയ എം. നിഖിലുമെത്തുമ്പോൾ ബൗളർമാർ തല്ലുകൊണ്ട് പതം വരും. ഐ.പി.എൽ മാതൃകയിൽ ഇംപാക്ട് പ്ലയർ സംവിധാനം നടപ്പാക്കുമ്പോൾ വെടിക്കെട്ട് ബാറ്റർ സഞ്ജീവ് സതീശനെയാണ് ഈ റോളിൽ ടീം കരുതിവെച്ചിരിക്കുന്നത്.
കാലവർഷം വെല്ലുവിളിയായതിനെ തുടർന്ന് പരിശീലനത്തിനായി തലസ്ഥാനത്തുനിന്ന് പോണ്ടിച്ചേരിയിലേക്ക് വണ്ടികയറിയ ടീം 10 ദിവസത്തെ പരിശീലനം പൂർത്തിയാക്കി തിങ്കളാഴ്ച മടങ്ങിയെത്തി. തുടക്കം ഉഷാറാക്കിയ ടീം ഒടുക്കവും ഗംഭീരമാക്കുമെന്ന പ്രതീക്ഷയിലാണ് തലസ്ഥാനത്തെ ആരാധകർ. മുൻ രഞ്ജി താരം എസ്. മനോജാണ് പരിശീലകൻ. സംവിധായകന് പ്രിയദര്ശന്, ജോസ് പട്ടാര എന്നിവര്‍ നേതൃത്വം നല്കുന്ന കണ്‍സോർട്യത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ടീം.
ടീം: കൃഷ്ണപ്രസാദ് (ക്യാപ്റ്റൻ), ഗോവിന്ദ് ദേവ് പൈ (വൈസ് ക്യാപ്റ്റൻ), എസ്. സുബിൻ, ടി.എസ്. വിനിൽ, ബേസിൽ തമ്പി, അഭിജിത്ത് പ്രവീൺ, അബ്ദുൽ ബാസിത്ത്, ഫാനൂസ് ഫൈസ്, റിയ ബഷീർ, എം. നിഖിൽ, സഞ്ജീവ് സതീശൻ, വി. അജിത്, ആസിഫ് സലീം, ജെ.എസ്. അനുരാജ്, അദ്വൈത് പ്രിൻസ്, ജെ. അനന്തകൃഷ്ണൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.