ഗ്രാൻ പ്രിയിൽ 20-ാം വയസ്സിൽ ലോക ചാമ്പ്യനായി കിമി ആന്റണല്ലി
text_fieldsമെക്സിക്കോ സിറ്റി: വമ്പന്മാർ വളയം പിടിച്ച ലോക കാറോട്ട വേദിയിൽ പുതുചരിത്രമെഴുതി 20കാരൻ പയ്യൻ. മെക്സികോ സിറ്റി ഗ്രാൻഡ് പ്രി മൈതാനത്ത് ആദ്യ സ്ഥാനങ്ങൾ പങ്കിട്ട് മാക്സ് വെസ്റ്റപ്പാനും ലൂയി ഹാമിൽട്ടണും ഓടിക്കയറിയതിന് പിറകെ മൂന്നാമനായി ഫിനിഷ് ലൈൻ കടന്നാണ് മത്സരങ്ങളേറെ ബാക്കിനിൽക്കെ ഇറ്റലിക്കാരൻ കിമി ആന്റണല്ലി ലോകത്തെ ഏറ്റവും പ്രായംകുറഞ്ഞ ഫോർമുല വൺ ലോക ചാമ്പ്യനായത്.
മേഴ്സിഡസിനൊപ്പം അരങ്ങേറിയ കഴിഞ്ഞ വർഷം കാര്യമായ നേട്ടങ്ങൾ എത്തിപ്പിടിക്കാനാവാതെ ശരാശരിക്കാരനായി പഴിയേറെ കേട്ടാണ് കിമി ഒറ്റ വർഷം കൊണ്ട് എല്ലാം തന്റേതാക്കിയത്. നാല് ഗ്രാൻ പ്രി പോരാട്ടങ്ങൾ ഇനിയും ബാക്കിനിൽക്കെയാണ് കിരീടധാരണം. നീണ്ട ആറു പതിറ്റാണ്ടിനിടെ ആദ്യമായി ലോക ചാമ്പ്യനാകുന്ന ഇറ്റലിക്കാരൻ എന്നതടക്കം നിരവധി റെക്കോഡുകൾ ഇതോടെ താരം തന്റെ പേരിലാക്കി. 1953ൽ ആൽബെർട്ടോ അസ്കാരിയാണ് അവസാനമായി ഫോർമുല വൺ ലോക ചാമ്പ്യനായ ഇറ്റലിക്കാരൻ. 2010ൽ 23ാം വയസ്സിൽ ലോക ചാമ്പ്യനായ സെബാസ്റ്റ്യൻ വെറ്റലിന്റെ പേരിലായിരുന്നു ഇതുവരെയും ഇളമുറക്കാരന്റെ പേരിലെ റെക്കോഡ്.
2025 സീസണിൽ ടീമിൽ സഹഡ്രൈവറായ ജോർജ് റസ്സൽ നേടിയതിന്റെ പകുതി പോലും താരം നേടിയിരുന്നില്ല. ആസ്ട്രേലിയയിൽ ഈ വർഷം ആദ്യ മത്സരത്തിലും റസ്സലിനു പിറകിലായതിനു ശേഷാ ഗിയർ മാറ്റിപ്പിടിച്ച കിമി പിന്നീട് തിരിഞ്ഞുനോക്കിയിട്ടില്ല. ചൈനീസ് ഗ്രാൻപ്രിയിൽ തുടക്കം പിറകിൽ നിന്ന ശേഷം ഹാമിൽടൺ, റസ്സൽ, ചാൾസ് ലെക്ലർക് എന്നിവരെയെല്ലാം പിറകിലാക്കി ഒന്നാമതെത്തി ഗ്രാൻപ്രി ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഡ്രൈവറായി. പിന്നീട് തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ കിമി തന്നെ ചാമ്പ്യനായതോടെ ലോക കിരീടത്തിലേക്ക് കണ്ണുറപ്പിച്ചുകഴിഞ്ഞിരുന്നു. ടീമിലെ സഹതാരം റസ്സൽ പലപ്പോഴും പരാജയമായിടത്ത് 20കാരൻ തളർച്ചയില്ലാത്ത പോരാളിയായി ടീമിന്റെ പോരാട്ടം നയിച്ചു.
അതിനിടെ, ബാഴ്സലോണ, ഓസ്ട്രിയ ഗ്രാൻപ്രികളിൽ പിറകിൽ പോയെങ്കിലും ഗ്രിഡിൽ 19നായി ഓടി ഇറ്റാലിയൻ ഗ്രാൻപ്രിയിൽ കിമി ജേതാവായി. 17ാം ലാപ്പിൽ മുന്നിൽ കയറിയ ശേഷം എതിരാളികൾക്ക് അവസരം നൽകാതെയായിരുന്നു തകർപ്പൻ വിജയം. അടുത്തിടെ യു.എസ് ഗ്രാൻപ്രിയിലും ചാമ്പ്യനായതോടെ കൈയെത്തും ദൂരെയായിരുന്നു ലോകചാമ്പ്യനെന്ന സ്വപ്നനേട്ടം. ഏറ്റവുമൊടുവിൽ മെക്സികോ ഗ്രാൻപ്രിക്കായി മെക്സികോയിലെത്തിയ താരം രോഗബാധിതനായത് ആധി നൽകിയെങ്കിലും ഞായറാഴ്ചയോടെ ആരോഗ്യം വീണ്ടെടുത്തു. 19 മത്സരങ്ങൾ പൂർത്തിയാകുമ്പോൾ 20 പോയന്റാണ് കിമിയുടെ സമ്പാദ്യം. കഴിഞ്ഞ സീസണിൽ മൊത്തം 6.5 പോയിന്റായിടത്താണ് സ്വപ്നസമാനമായ കുതിപ്പ്.
മെക്സികോ സിറ്റി ഗ്രാൻ പ്രിയിൽ ചാമ്പ്യനായ വെസ്റ്റപ്പെൻ ഇത് ആറാം തവണയാണ് ഇവിടെ ജേതാവാകുന്നത്. അവശേഷിക്കുന്ന ഗ്രാൻപ്രികളിൽ ബ്രസീലും ലാസ് വെഗാസുമാണ് ഇനിയുള്ളത്. അതുകഴിഞ്ഞ് ഖത്തർ, അബൂദബി മത്സരങ്ങൾ നടക്കുമോയെന്ന് ഉറപ്പില്ല. മേഖലയിലെ അനിശ്ചിതത്വം പരിഗണിച്ചാകും അന്തിമ തീരുമാനം.

