സഞ്ജുവിന്റെ നീലക്കടുവകൾ
text_fieldsതിരുവനന്തപുരം: തോറ്റ് തോറ്റ് തോൽവിയോടുള്ള പേടി മാറിയവരെ കണ്ടിട്ടുണ്ടോ? അവരുടെ തിരിച്ചടികൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ആഗസ്റ്റ് 21ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലേക്ക് വിട്ടോ. മുറിവേറ്റ കടുവകളുടെ ഗർജനം അവിടെ കാണാം. ആദ്യ സീസണിൽ പത്ത് കളികളിൽ ഏഴും തോറ്റ് അഞ്ചാം സ്ഥാനത്തായിരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സ്ഇത്തവണ തിരിച്ചടികളിൽനിന്ന് പാഠം പഠിക്കുകയാണ്. ആദ്യ സീസണിലെ ടീമിനെ ഒന്നാകെ പിരിച്ചുവിട്ട് രണ്ടാം സീസണിൽ പുതിയൊരു മുഖവുമായാണ് കൊച്ചിയുടെ കടുവകൾ പച്ചപ്പാടത്ത് വേട്ടക്കിറങ്ങുന്നത്. സഞ്ജു സാംസൺ എന്ന ‘ഫിയർലെസ് ക്രിക്കറ്ററി’ലാണ് ടൈഗേഴ്സിന്റെ പ്രതീക്ഷകളെല്ലാം. ലേലത്തിൽ ഒരു ടീമിന് പരമാവധി ചെലവഴിക്കാൻ കഴിയുന്ന തുക 50 ലക്ഷമാണെന്നിരിക്കെ 26.80 ലക്ഷം എന്ന കെ.സി.എല്ലിന്റെ ചരിത്രത്തിലെ തന്നെ റെക്കോഡ് തുക നൽകിയാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. ടീമിലെ മറ്റ് 15 താരങ്ങൾക്കുമായി ചെലവഴിച്ചത് കേവലം 23 ലക്ഷം രൂപയും. അതുകൊണ്ടുതന്നെ സഞ്ജുവെന്ന കരുത്തിനൊപ്പം യുവനിരയുടെയും വലിയൊരു കൂട്ടമാണ് ഇന്ന് കൊച്ചി.
എതിരാളികളുടെ 120 ബാളും അടിച്ചുതകർക്കുക എന്ന ലക്ഷ്യം മുന്നിലുള്ളതിനാൽ നായകന്റെ ഭാരം മാനേജ്മെന്റ് സഞ്ജുവിനെ ഏൽപിച്ചിട്ടില്ല. പകരം സഹോദരൻ സാലി സാംസണിനെ ക്യാപ്റ്റനാക്കി സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ കളത്തിനകത്ത് കാര്യങ്ങൾ തീരുമാനിക്കുക സാംസൺ ബ്രദേഴ്സായിരിക്കും. 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒരു ടീമിൽ കളിക്കാനിറങ്ങുന്നത്. ഏഷ്യാകപ്പ് മുന്നിലുള്ളതിനാൽ ഓപണറുടെ റോളിൽ തന്നെയാകും കൊച്ചിക്കായി സഞ്ജു ഇറങ്ങുക. അതേസമയം കരിയറിൽ വഴിമുടക്കിയെത്തിയ വലിയൊരു പരിക്കിനെ മറികടന്ന് വീണ്ടും ക്രിക്കറ്റിൽ സജീവമാകുന്ന സാലി കഴിഞ്ഞ തിരുവനന്തപുരം എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ ഉജ്ജ്വല ഇന്നിങ്സുമായി കളം നിറഞ്ഞിരുന്നു.
ഓൾറൗണ്ടർമാരുടെ നീണ്ട നിരയാണ് ടീമിന്റെ പ്രധാന കരുത്ത്. വിനൂപ് മനോഹരൻ, കെ.ജെ. രാകേഷ്, പി.എസ്. ജെറിൻ, കെ.ജി. അഖിൽ, മുഹമ്മദ് ആഷിക് തുടങ്ങിയവർ പന്തുകൊണ്ടും ബാറ്റുകൊണ്ടും നൽകുന്ന സംഭാവനകൾ നിർണായകമാകും. കഴിഞ്ഞ തവണ ടീമിനായുള്ള റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോബിൻ ജോബി ഇത്തവണയും കൊച്ചിക്കൊപ്പമുണ്ട്. നിഖിൽ തോട്ടത്ത്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ തുടങ്ങിയവരും ചേരുമ്പോൾ ബാറ്റിങ് നിര സുസജ്ജം.
മലപ്പുറത്തിന്റെ മൈതാനങ്ങളിൽനിന്ന് ഐ.പി.എൽ വരെയെത്തിയ കെ.എം. ആസിഫിന്റെ ബുള്ളറ്റ് ബാളുകളാകും കൊച്ചിയുടെ കുന്തമുന. 145 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ പന്തെറിയുന്ന ആസിഫിന് പുറമെ യുവ ഫാസ്റ്റ് ബൗളർമാരിൽ ഒരാളായ അഖിൻ സത്താറും കൂടി ചേരുമ്പോൾ പവർ പ്ലേകൾ എതിരാളികൾക്ക് കടുപ്പമാകും. വേഗവും സ്വിങ്ങും സമന്വയിക്കുന്ന അഖിന്റെ ബൗളിങ് മികവ് തന്നെയാണ് ചെറുപ്രായത്തിൽ അദ്ദേഹത്തെ കേരള രഞ്ജി ടീമിൽ എത്തിച്ചതും. വിനൂപ് മനോഹരൻ, ജെറിൻ, കെ.ജെ. രാകേഷ്, എൻ. അഫ്രാദ് എന്നിരടങ്ങുന്ന സ്പിൻ നിരയും ചേരുമ്പോൾ ബൗളിങ് യൂനിറ്റും സെറ്റ്.
മുൻ കേരള താരവും ഇന്ത്യൻ അണ്ടർ 19 ടീമംഗവുമായ റൈഫി വിൻസെന്റ് ഗോമസാണ് മുഖ്യപരിശീലകൻ. കളത്തിൽ കടുവകളുടെ കരുത്തും ശക്തിയും പുറത്തെടുക്കുന്നതിന് സ്ട്രെങ്ത്ത് ആൻഡ് കണ്ടീഷനിങ് കോച്ചായി എ.ടി. രാജാമണി പ്രഭുവിനെയാണ് മാനേജ്മെന്റ് നിയമിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽ ഇന്ന് രാജ്യത്തുള്ള ഏറ്റവും മികച്ച പരിശീലകരിൽ ഒരാളാണ് രാജാമണി. തുമ്പ സെന്റ് സേവിയേഴ്സ് കോളജിൽ ടീമിന്റെ പരിശീലനം പുരോഗമിക്കുകയാണ്. സുഭാഷ് ജി. മാനുവലാണ് ടീം ഉടമ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.