സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മലപ്പുറത്തിന് കന്നിക്കിരീടം
text_fieldsകൊല്ലം: സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ ചരിത്രംകുറിച്ച് ഓവറോൾ കിരീടമുയർത്തി മലപ്പുറം. 70 വർഷം നീണ്ട ചാമ്പ്യൻഷിപ്പ് ചരിത്രത്തിൽ ആദ്യമായാണ് മലപ്പുറം കേരളത്തിന്റെ ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻപട്ടം സ്വന്തമാക്കുന്നത്. പതിറ്റാണ്ടിലേറെ ചാമ്പ്യന്മാരായി തുടർന്ന പാലക്കാടിനെ കൊല്ലം ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ 70ാമത് മീറ്റിൽ അവസാന ലാപ്പിൽ മറികടന്ന് കിരീടത്തിലേക്ക് മലപ്പുറം ഓടിക്കയറുകയായിരുന്നു. 445 പോയന്റിന്റെ സമ്പാദ്യവുമായാണ് മലപ്പുറം ജേതാക്കളായത്.
രണ്ടാം സ്ഥാനത്ത് 425 പോയന്റാണ് പാലക്കാട് നേടിയത്. 409 പോയന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഈ മൂന്ന് ജില്ലകളാണ് 400ന് മുകളിൽ പോയന്റ് നേടിയത്. നാലാം സ്ഥാനത്ത് നിൽക്കുന്ന തൃശൂർ 276.5 പോയന്റ് നേടി. 254.5 പോയന്റ് നേടി കോട്ടയം അഞ്ചാമത്.
13 സ്വർണവും 26 വെള്ളിയും 30 വെങ്കലവുമാണ് മലപ്പുറം താരങ്ങൾ സംസ്ഥാന മീറ്റിൽ ആകെ നേടിയത്. അണ്ടർ 18 പുരുഷന്മാർ ആകെ 120 പോയന്റ് മലപ്പുറത്തിനായി നേടി. അണ്ടർ 20 വിഭാഗത്തിൽ 87 പോയന്റാണ് നേട്ടം.
വനിതകളുടെ അണ്ടർ 18, പെൺകുട്ടികളുടെ അണ്ടർ 16 വിഭാഗങ്ങളിൽ പാലക്കാട് ഒന്നാമതെത്തി. 68 പോയന്റാണ്അണ്ടർ 18 വിഭാഗത്തിൽ പാലക്കാട് വനിതകൾ നേടിയത്. അണ്ടർ 16ൽ 73 പോയന്റും നേടി. അണ്ടർ 14 ആൺകുട്ടികളിൽ 75 പോയന്റുമായി തിരുവനന്തപുരം ഒന്നാമതായി. ഈ വിഭാഗം പെൺകുട്ടികളിൽ 50 പോയന്റ് നേടി കണ്ണൂർ ഒന്നാമതാണ്. അണ്ടർ 16 ആൺകുട്ടികളിലും 62 പോയന്റ് നേടി തിരുവനന്തപുരം ഒന്നാമതെത്തി. വനിതകളുടെ അണ്ടർ 20 വിഭാഗത്തിൽ 116 പോയന്റുമായി കോട്ടയവും ഒന്നാം സ്ഥാനം നേടി. അവസാന ദിവസം അഞ്ച് പുതിയ മീറ്റ് റെക്കോഡുകൾ പിറന്നു. ആകെ 21 റെക്കോഡുകളാണ് മീറ്റിൽ പുതിയതായി എഴുതപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

