ദേശീയ ഗെയിംസ് 2025; ആദ്യ വെള്ളി
text_fieldsദേശീയ ഗെയിംസ് വനിത ബീച്ച് ഹാൻഡ്ബാൾ ഫൈനലിൽ ഹരിയാനയെ നേരിടുന്ന കേരളം
(മുസ്തഫ അബൂബക്കർ)
ഹൽദ്വാനി: 38ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ അക്കൗണ്ടിലേക്ക് ആദ്യമായി വെള്ളി മെഡലും. വനിത ബീച്ച് ഹാൻഡ്ബാൾ ടീം വെള്ളി സമ്മാനിച്ചപ്പോൾ പുരുഷ ഖോ ഖോ ടീം വക വെങ്കലവും ലഭിച്ചു.
ബീച്ച് ഹാൻഡ്ബാളിൽ ഹരിയാനക്കെതിരായ ഫൈനലിന്റെ ആദ്യ പകുതിയില്‍ 7-22നും രണ്ടാം പകുതിയില്‍ 5-32നുമാണ് തോറ്റത്.
ഗോവയില്‍ നടന്ന ദേശീയ ഗെയിംസിലും കേരളം ഹരിയാനയോട് മുട്ടുമടക്കി വെള്ളി നേടിയിരുന്നു. ഖോ ഖോയിൽ കഴിഞ്ഞ ദിവസം കേരളം നിര്‍ണായക മത്സരത്തില്‍ കര്‍ണാടകയെ തോല്‍പ്പിച്ച് സെമിയിലെത്തി മെഡല്‍ ഉറപ്പിച്ചിരുന്നു. സെമിയില്‍ ഒഡിഷയോട് 33-26 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.
ബീച്ച് ഹാൻഡ്ബാൾ ഫൈനലില്‍ ഗോള്‍ കീപ്പര്‍ ഐശ്വര്യ ഇല്ലാത്തത് കേരളത്തിന് തിരിച്ചടിയായി. സെമിക്ക് മുമ്പ് കഴുത്ത് വേദനയും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയിലായിരുന്ന ഐശ്വര്യ സെമിയില്‍ അസ്സാമിനെതിരെ മത്സരിക്കാനെത്തിയിരുന്നു.
പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തില്‍ താരം രക്ഷകയായി. സെമിക്ക് ശേഷം വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഐശ്വര്യയോട് മത്സരിക്കാന്‍ സാധിക്കില്ലെന്ന് ഡോക്ടര്‍ നിര്‍ദേശം നല്ക്കി. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് താരത്തിന് ആശുപത്രി വിടാനായത്.
ഫുട്ബാൾ
ജയം തുടരാൻ കേരളം ഇന്ന് ഡൽഹിക്കെതിരെ
ദേശീയ ഗെയിംസ് ഫുട്ബാളിലെ ആദ്യ കളിയിൽ മണിപ്പൂരിനെ തോൽപിച്ച കേരളം സെമി ഫൈനൽ തേടി ഇന്ന് ഡൽഹിക്കെതിരെ . ഗ്രൂപ്പ് ബി യിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ കരുത്തരും നിലവിലെ ജേതാക്കളുമായ സർവീസസിനെ മറിച്ചിട്ട ആത്മവിശ്വാസം ഡൽഹിക്കുമുണ്ട്.
ഇഞ്ചോടിഞ്ച് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ബിബിൻ ബോബൻ നേടിയ ഗോളിലാണ് കേരളം മണിപ്പൂരിനെ വീഴ്ത്തിയത്. ഇന്ന് ജയം ആവർത്തിച്ചാൽ ടീമിന് അനായാസം സെമി ഫൈനലിൽ എത്താം. തിങ്കളാഴ്ച സർവീസസിനെ നേരിടാനിരിക്കെ ഇന്ന് തോറ്റാലും പ്രതീക്ഷയുണ്ട്. ഡൽഹിക്കും രണ്ടാം ജയം സെമി ഫൈനലിലേക്ക് വഴി തുറക്കും.
ഇയ്യിടെ സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനവുമായി റണ്ണർ ആപ്പായ ടീമിലെ ആർക്കും അവസരം നൽകാതെയാണ് കേരളം ദേശീയ ഗെയിംസ് ടീം ഉണ്ടാക്കിയത്. രണ്ടാംനിര ആണെങ്കിലും മണിപ്പൂരിനെതിരെ കാഴ്ചവെച്ച മികവ് ടീമിന് നൽകുന്ന ഊർജം ചെറുതല്ല.
ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകൾക്ക് സെമി ബെർത്തുണ്ട്. ഇതിൽ ഒന്നാവാൻ കേരളത്തിന് കഴിയുമെന്ന് പരിശീലകൻ ഷഫീഖ് ഹസൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
വാട്ടര്‍പോളോ ടീമുകൾ സെമിയിലേക്ക്
വനിതാ, പുരുഷ വിഭാഗം വാട്ടര്‍പോളോയില്‍ കേരളം സെമി ഫൈനലിന് അരികെ. ഗ്രൂപ്പ് മത്സരങ്ങളില്‍ രണ്ടും വിജയിച്ചാണ് കേരളം സെമി സാധ്യത സജീവമാക്കിയത്.
പുരുഷന്മാർ ഹരിയാനയെ ഒന്നിനെതിരെ 16 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. വനിതാ വിഭാഗത്തില്‍ കേരളം ഒഡിഷയെ എതിരില്ലാത്ത 15 ഗോളുകള്‍ക്ക് തകർത്തു. വുഷുവില്‍ പുരുഷന്മാരുടെ തൗലോയില് മത്സരിച്ച മുനീര്‍ വി 8.00 പോയന്റ് നേടി നാലാം സ്ഥാനത്തായി. തൗലോയിലെ ജിയാന്‍ഷു ഇനത്തിലാണ് മത്സരിച്ചത്.
വോളിബാൾ: വനിതകളും പുരുഷന്മാരും സെമിയിൽ
വോളിബാളില്‍ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകള്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. പുരുഷന്മാരുടെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളം കര്‍ണാടയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 25-21,25-18, 25-16. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായാണ് സെമി ഫൈനലിന് യോഗ്യത നേടിയത്. ആദ്യ മത്സരത്തില്‍ സര്വീസസിനേട് പരാജയപ്പെട്ടിരുന്നു. ഇന്ന് സെമിയില്‍ കേരളം തമിഴ്നാടിനെ നേരിടും
വനിതാ വിഭാഗത്തില്‍ തോല്‍വി അറിയാതെയാണ് കേരളം സെമി ഫൈനലിന് യോഗ്യത നേടിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കര്‍ണാടകയെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 25-12, 25-16, 25-17. ഇന്ന് സെമിയില്‍ ചണ്ഡീഗഢാണ് എതിരാളി.
ബാസ്കറ്റ്ബാളിൽ കേരളം ഗ്രൂപ് ജേതാക്കൾ
വനിത ബാസ്കറ്റ്ബാളിൽ കേരളം ഗ്രൂപ് ജേതാക്കളായി സെമി ഫൈനലിൽ കടന്നു. അവസാന മത്സരത്തിൽ പഞ്ചാബിനെ 76-44നാണ് തോൽപിച്ചത്. 23 പോയന്റും 10 റീബൗണ്ടുകളുമായി പി.എസ് ജീനയാണ് ടോപ് സ്കോറർ. സെമിയിൽ ഇന്ന് കേരളം കർണാടകയെ നേരിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.