താരപ്രഭയില്ലാതെ അത്ലറ്റിക്സ് ടീം
text_fieldsകോഴിക്കോട്: ദേശീയ ഗെയിംസിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി അത്ലറ്റിക്സിൽനിന്ന് പ്രമുഖരുടെ പിന്മാറ്റം. കഴിഞ്ഞ ഗെയിംസുകളിൽ സ്വർണമുൾപ്പെടെ നേടിയ പലരും ഇക്കുറി ഉത്തരാഖണ്ഡിൽ മത്സരിക്കുന്നില്ല. അന്താരാഷ്ട്ര മത്സരങ്ങൾ ലക്ഷ്യമിട്ടാണ് ഇവർ മാറിനിൽക്കുന്നത്. റിലേ ഒഴികെയുള്ള ഇനങ്ങളിൽ പങ്കെടുക്കുന്ന താരങ്ങളുടെ പട്ടിക തയാറായിട്ടുണ്ട്.
ഒളിമ്പ്യന്മാരായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ (ഇരുവരും 400 മീ., 4x400 മീ. റിലേ), എം. ശ്രീശങ്കർ (ലോങ് ജംപ്) തുടങ്ങിയവരൊന്നും പട്ടികയിലില്ല. കഴിഞ്ഞ ഗെയിംസുകളിൽ മെഡൽ നേടിയ ആൻസി സോജൻ, മുഹമ്മദ് അനീസ് (മൂവരും ലോങ് ജംപ്), നയന ജെയിംസ് (ലോങ് ജംപ്, ട്രിപ്ൾ ജംപ്) എന്നിവരും ഇത്തവണ ഇറങ്ങില്ല.
വനിത ട്രിപ്ൾ ജംപിൽ സ്വർണപ്രതീക്ഷയായ എൻ.വി ഷീന, 400 മീറ്ററിൽ ഒളിമ്പ്യൻ ജിസ്ന മാത്യു, 400 മീ. ഹർഡിൽസിൽ അനു രാഘവൻ, പോൾ വോൾട്ടിൽ മരിയ ജെയ്സൺ എന്നിവരുണ്ട്. പുരുഷ 110 മീ. ഹർഡിൽസിൽ മുഹമ്മദ് ലസാൻ, ഡെക്കാത് ലണിൽ തൗഫീഖ്, ലോങ് ജംപിൽ സി.വി അനുരാഗ്, 800 മീറ്ററിൽ സഹോദരങ്ങളായ ജെ. ബിജോയ്, ജെ. റിജോയ്, 400 മീറ്ററിലും ഹർഡിൽസിലും അർജുൻ പ്രദീപ്, എം. മനൂപ്, ഡിസ്കസ് ത്രോയിൽ അലക്സ് പി. തങ്കച്ചൻ തുടങ്ങിയവർ മത്സരിക്കും.
വനിത ഹൈജംപിൽ ആതിര സോമരാജ്, ഗായത്രി ശിവകുമാർ, സ്പ്രിന്റിൽ ആൻറോസ് ടോമി, 800 മീറ്ററിൽ പ്രസില്ല ഡാനിയൽ, 400 മീറ്ററിൽ കെ. സ്നേഹ, 400 മീ. ഹർഡിൽസിൽ ഡെൽന ഫിലിപ് എന്നിവരും കേരളത്തെ പ്രതിനിധീകരിക്കും. ദേശീയ ജൂനിയർ മീറ്റിലോ സർവകലകാശാല ചാമ്പ്യൻഷിപ്പുകളിലോ മികച്ച പ്രകടനം കാഴ്ചവെച്ചവരാണ് പട്ടികയിലുള്ളവരിലധികവും. റിലേ ടീമുകളെ ഇന്ന് ട്രയൽസിലൂടെ തെരഞ്ഞെടുക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.