114-ാം വയസ്സിൽ റോഡ് അപകടം; ലോകത്തെ പ്രായമേറിയ മാരത്തൺ ഓട്ടക്കാരൻ ഫൗജ സിങ് അന്തരിച്ചു
text_fieldsജലന്ധർ (പഞ്ചാബ്): മാരത്തൺ ഓട്ടക്കാരനായ ഫൗജ സിങ് റോഡ് അപകടത്തിൽ അന്തരിച്ചു. 114 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകിട്ട് സ്വദേശമായ ജലന്ധറിലെ ബിയാസ് പിന്ദിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ചിട്ട് നിർത്താതെ പോകുകയായിരുന്നു. വൈകാതെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
1911ൽ ശാരീരിക പരിമിതികളോടെ ജനിച്ച ഫൗജ സിങിന് അഞ്ച് വസ്സുവരെ നടക്കാൻ കഴിയുമായിരുന്നില്ല. പിന്നീട് നടക്കാനുള്ള ശേഷി കൈവരിച്ചെങ്കിലും കാലുകൾക്ക് ബലക്കുറവ് അനുഭവപ്പെട്ടിരുന്നു. 1992ൽ ഭാര്യ ഗിയാൻ കൗറിന്‍റെ വിയോഗത്തിനു പിന്നാലെ ഈസ്റ്റ് ലണ്ടനിലേക്ക് താമസം മാറി. 1994ൽ മകനെ കൂടി നഷ്ടമായ ഫൗജ, പിന്നീട് ഇതിന്‍റെ ആഘാതത്തിൽനിന്ന് മുക്തിതേടിയാണ് മാരത്തണിലേക്ക് തിരിയുന്നത്.
2000ൽ, 89-ാം വയസ്സിലാണ് ഫൗജ ആദ്യമായി മരത്തണിൽ പങ്കെടുത്തത്. ലണ്ടൻ മാരത്തൺ ആറ് മണിക്കൂർ 54 മിനിറ്റുകൊണ്ട് പിന്നിട്ട ഫൗജ പിന്നീട് ന്യൂയോർക്ക്, ടൊറന്‍റോ, മുംബൈ മാരത്തണുകളിലും പങ്കെടുത്തു. 2003ൽ ടൊറന്‍റോ മാരത്തൺ അഞ്ച് മണിക്കൂർ 40 മിനിറ്റുകൊണ്ട് പിന്നിട്ടത് വമ്പൻ നേട്ടമായി.
2011ൽ കാനഡയിലെ ഒണ്ടാരിയോ മാരത്തണിൽ 100 വയസ്സ് പിന്നിട്ടവരുടെ വിഭാഗത്തിൽ എട്ട് റെക്കോഡുകളാണ് ഫൗജ സ്വന്തം പേരിലാക്കിയത്. 100 വയസ്സ് പിന്നിട്ടവരിൽ ഫുൾ മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തിയാണ്. 2011ൽ ഖുശ്വന്ത് സിങ് എഴുതി പ്രസിദ്ധീകരിച്ച ‘ടർബൻഡ് ടൊർണാഡോ’ അദ്ദേഹത്തിന്‍റെ ജീവചരിത്രമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.