എച്ച്.എസ്. പ്രണോയ് ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സെമിയിൽ
text_fieldsകോപൻ ഹേഗൻ: തന്ത്രങ്ങളുടെ അതികായർ മുഖാമുഖം നിന്ന മാസ്മരിക പോര് ജയിച്ച് മലയാളി താരം പ്രണോയ് ലോക ചാമ്പ്യൻഷിപ് സെമിയിൽ. ആദ്യ സെറ്റ് അനായാസം കൈവിട്ട് എതിരാളിക്ക് പ്രതീക്ഷ നൽകിയശേഷം അക്ഷരാർഥത്തിൽ കളംവാണ പ്രകടനവുമായി അടുത്ത രണ്ടു സെറ്റും ജയിച്ചാണ് 31കാരൻ ലോക ചാമ്പ്യൻഷിപ്പിൽ അവസാന നാലിലേക്ക് മാർച്ച് ചെയ്തത്. സ്കോർ: സ്കോർ: 13-21, 21-15, 21-16
അക്സൽസൻ വാഴ്ച കണ്ടാണ് കളിയുണർന്നത്. അതിവേഗം പോയന്റുകൾ വാരിക്കൂട്ടി ഡെന്മാർക് താരം കരുത്തുകാട്ടിയപ്പോൾ പ്രണോയ് വെറുതെ അബദ്ധങ്ങൾ വരുത്തി എതിരാളിക്ക് മേൽക്കൈ നൽകി. ആദ്യ സെറ്റ് ഇടവേളക്കു പിരിയുമ്പോൾ സ്കോർ 11-6. മുമ്പും ആദ്യ ഗെയിമിലെ വൻ വീഴ്ചകൾ പാഠമാക്കി മനോഹര ഗെയിമുമായി തിരിച്ചുവന്ന പാരമ്പര്യമുള്ള പ്രണോയ് പിന്നീട് തിരിച്ചുവരവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചു. സ്മാഷുകൾക്ക് പകരം നെറ്റ് ഗെയിമുമായി എതിരാളിയെ വരിഞ്ഞുമുറുക്കാനുള്ള ശ്രമങ്ങൾ പക്ഷേ, പലപ്പോഴും പാളി. ഉയരക്കൂടുതൽ എന്നും അവസരമാക്കാറുള്ള അക്സൽസനു മുന്നിൽ ഡ്രോപ്പുകൾ ഫലിക്കാതെ വന്നതോടെ ആദ്യ ഗെയിം 21-13ന് അവസാനിച്ചു.
രണ്ടാം സെറ്റിൽ കൊണ്ടും കൊടുത്തും ഒപ്പത്തിനൊപ്പമായിരുന്നു പോരാട്ടം. ആദ്യ പോയന്റുകൾ സ്വന്തമാക്കി അക്സൽസൻ തുടക്കമിട്ടിടത്ത് അതിവേഗം തിരിച്ചടിച്ച് പ്രണോയ് ലീഡ് പിടിച്ചു. മാറിയും മറിഞ്ഞും ലീഡ് നില പുരോഗമിക്കുന്നതിനിടെ അസാധ്യ ആംഗിളുകളിൽ മികവു കാട്ടി മലയാളി താരം ഒരു പണത്തൂക്കം മുന്നിൽനിന്നു. പിന്നീടെല്ലാം പ്രണോയ് മയമായിരുന്നു. കൈയും റാക്കറ്റും നീട്ടിപ്പിടിച്ചാൽ ഏതും തിരിച്ചയക്കാമെന്ന ആത്മവിശ്വാസമുള്ള ഡാനിഷ് താരത്തെ വരച്ച വരയിൽ നിർത്തി പ്രണോയ് 21-15ന് സെറ്റ് പിടിച്ചു. കളി ഒപ്പത്തിനൊപ്പം.
മൂന്നാം സെറ്റിൽ പക്ഷേ, അൽപം ക്ഷീണം കാണിച്ച പ്രണോയിക്കു മുന്നിൽ വീര്യം കാട്ടാനുള്ള അക്സൽസന്റെ ശ്രമങ്ങൾക്ക് അർധായുസ്സായിരുന്നു. ഓരോ പോയന്റിനും വിലയിട്ട അടിയും തടയും കണ്ട നിമിഷങ്ങളിൽ ജയിക്കാനുറച്ച് ഇരുവരും പോരാടിയപ്പോൾ കളിയുടെ ആയുസ്സും നീണ്ടു. സെറ്റ് പകുതിയോടടുത്ത് അതിവേഗം ലീഡുയർത്തിയ പ്രണോയ് പിന്നീട് വിട്ടുനൽകിയില്ല. സമ്മർദം ഇരുമുഖങ്ങളിലും മുറുകിനിന്നെങ്കിലും മാനസിക ഗെയിമിൽ മുന്നിൽ നിന്ന പ്രണോയിക്ക് 21-16 ജയവുമായി അവസാന ചിരിയും സെമി പ്രവേശനവും. നേരത്തേ ഡബ്ൾസിൽ മെഡലുറപ്പിക്കാനുള്ള നിർണായക പോരാട്ടത്തിൽ നാട്ടുകാരായ കിം ആസ്ട്രപ്- ആൻഡേഴ്സ് സ്കാറുപു റാസ്മുസെൻ സഖ്യത്തിനു മുന്നിൽ 18-21, 19-21ന് വീണ് സാത്വിക്- ചിരാഗ് സഖ്യം മടങ്ങി. അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ നാട്ടുകാരുടെ നിറകൈയടികൾ കരുത്താക്കിയായിരുന്നു കിമ്മും റാസ്മുസെനും ലോക രണ്ടാം നമ്പറായ ഇന്ത്യക്കാരെ മറികടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.