ജീവിത ട്രാക്കിൽ അഫ്സലിന് നൗറീൻ കൂട്ട്
text_fieldsമുഹമ്മദ് അഫ്സലും നൗറീനും
ഒറ്റപ്പാലം: രാജ്യാന്തര അത്ലറ്റും 800 മീറ്റർ ദേശീയ റെക്കോർഡ് ജേതാവുമായ മുഹമ്മദ് അഫ്സൽ വിവാഹിതനായി. തൃശൂർ പുന്നയൂർ വടക്കേക്കാട് തങ്ങൾ ഭവനിൽ ഫാത്തിമത്ത് നൗറീനാണ് വധു.
ഏതാനും ദിവസങ്ങൾക്കു മുമ്പ് പോളണ്ടിൽ നടന്ന അന്താരാഷ്ട്ര മീറ്റിൽ 1.44.93 മിനിറ്റിൽ ഫിനിഷ് ചെയ്ത് അഫ്സൽ ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു. ഈ ആഹ്ലാദത്തിനിടയിലേക്കാണ് മംഗല്യ സന്തോഷവും വിരുന്നെത്തുന്നത്. ബംഗളുരുവിൽ വ്യോമസേന ഉദ്യോഗസ്ഥനായ അഫ്സൽ ഏഷ്യൻ ഗെയിംസിലും സാഫ് ഗെയിംസിലും ഇന്ത്യക്കായി വെള്ളി മെഡൽ നേടിയിട്ടുണ്ട്. അജിത് മാർക്കോസാണ് പ്രധാന പരിശീലകൻ.
പാലക്കാട് പറളി സ്കൂളിൽ പഠിക്കുമ്പോൾ കായികാധ്യാപകൻ പി.ജി മനോജിന് കീഴിൽ സംസ്ഥാന ദേശീയ തലങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്. ഒറ്റപ്പാലം പാലപ്പുറം പുളിക്കലകത്ത് മുഹമ്മദ് ബഷീറിൻറെയും ഹസീനയുടെയും മകനാണ്. ഫൈസൽ തങ്ങളും സമീറയുമാണ് വധു നൗറീന്റെ മാതാപിതാക്കൾ. കോഴിക്കോട് സ്വകാര്യ മേഖലയിൽ സൈബർ സുരക്ഷ വിഭാഗത്തിലാണ് നൗറീന് ജോലി. വിവാഹ സൽക്കാരത്തിൽ അഞ്ജു ബോബി ജോർജ്, പ്രീജ ശ്രീധരൻ, സിനിമോൾ പൗലോസ്, കെ. പ്രേംകുമാർ എം.എൽ.എ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.