ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് മീറ്റ് : ട്രാക്കുണർന്നു, മെഡൽ പ്രതീക്ഷയിൽ ഇന്ന് കേരളം
text_fields10,000 മീറ്റർ ഓട്ടത്തിൽ ഏഷ്യൻ ചാമ്പ്യൻഷിപ് യോഗ്യതയോടെ സ്വർണം നേടുന്ന ഉത്തർപ്രദേശിന്റെ ഗുൽവീർ സിങ്
റാഞ്ചി: 26ാമത് ദേശീയ ഫെഡറേഷൻ കപ്പ് സീനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച റാഞ്ചിയിലെ ബിർസമുണ്ട സ്റ്റേഡിയത്തിൽ തുടക്കമായി. ഫൈനലുകളിൽ കാര്യമായ സാന്നിധ്യമില്ലാതിരുന്ന കേരളത്തിന് ആദ്യ ദിനം നേട്ടമൊന്നുമുണ്ടാക്കാനായില്ല. 100 മീ., 400 മീ., 1500 മീറ്റർ ഓട്ടം മത്സരങ്ങളിൽ കേരള താരങ്ങൾ രണ്ടാം ദിവസം നടക്കുന്ന മെഡൽപ്പോരാട്ടത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. പുരുഷന്മാരുടെ 1500 മീറ്ററിൽ, അന്താരാഷ്ട്ര അത്ലറ്റ് ജിൻസൻ ജോൺസൺ, 100 മീറ്ററിൽ മെയ്മോൻ പൗലോസ്, വനിത 400 മീറ്ററിൽ ഒളിമ്പ്യൻ ജിസ്ന മാത്യു, വി.കെ. വിസ്മയ എന്നിവർ ഫൈനലിലെത്തി. ഹീറ്റ്സിൽ 10.46 സെക്കൻഡിൽ ഒന്നാമനായ മെയ്മോൻ സെമി ഫൈനലിൽ 10.46 സെക്കൻഡാക്കി വീണ്ടും മെച്ചപ്പെടുത്തി. വനിതകളുടെ 100 മീറ്ററിൽ പി.ഡി. അഞ്ജലി, വി.കെ. ശാലിനി, പുരുഷ 1500 മീറ്ററിൽ സൽമാൻ ഫാറൂഖ് തുടങ്ങിയ കേരള താരങ്ങൾ പുറത്തായി. 10,000 മീറ്റർ ഓട്ടത്തോടെയായിരുന്നു തുടക്കം. പുരുഷന്മാരിൽ ഉത്തർപ്രദേശിന്റെ ഗുൽവീർ സിങ് (29.05:90 മിനിറ്റ്) സ്വർണം നേടി ഏഷ്യൻ ചാമ്പ്യൻഷിപ്പിന് ടിക്കറ്റെടുത്തു.
യു.പിയുടെതന്നെ അഭിഷേക് പാൽ വെള്ളിയും ഡൽഹിയുടെ രോഹിത് കുമാർ വെങ്കലവും കരസ്ഥമാക്കി. ഇവരുൾപ്പെടെ 11 താരങ്ങൾ ഏഷ്യൻ ചാമ്പ്യൻഷിപ് യോഗ്യത മാർക്കായ 29.30 മിനിറ്റിനേക്കാൾ മെച്ചപ്പെട്ട സമയത്ത് ഫിനിഷ് ചെയ്തു. വനിതകളിൽ മഹാരാഷ്ട്രയുടെ സഞ്ജീവനി യാദവിനാണ് (33.32:73) ഒന്നാം സ്ഥാനം. യു.പിയുടെ കവിത യാദവ് വെള്ളിയും ഹിമാചൽപ്രദേശിന്റെ സീമ വെങ്കലവും നേടി.
വനിത ഹാമർത്രോയിൽ യു.പിയുടെ താനിയ ചൗധരിക്കാണ് (60.54 മീറ്റർ) സ്വർണം. യു.പിയുടെതന്നെ സരിത സിങ് വെള്ളിയും പഞ്ചാബുകാരി മൻപ്രീത് കൗർ വെങ്കലവും കൈക്കലാക്കി. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പ്ൾചേസിൽ യു.പി താരം മുഹമ്മദ് നൂർ ഹസൻ (8:30.56 മി.) ഒന്നാം സ്ഥാനവും ഏഷ്യൻ ചാമ്പ്യൻഷിപ് യോഗ്യതയും നേടി. മധ്യപ്രദേശിന്റെ വിക്രം സിങ് വെള്ളിയും ഡൽഹിയുടെ സുശീൽകുമാർ വെങ്കലവും സ്വന്തമാക്കിയപ്പോൾ കേരളത്തിന്റെ പോൾ ജെ. മാത്യു അഞ്ചാമനായി. വനിതകളിൽ ഹരിയാനയുടെ പരിതി ലംബക്കാണ് (9:47.78 മി.) സ്വർണം. പരിതിക്ക് ഏഷ്യൻ യോഗ്യതയും ലഭിച്ചു. ഗുജറാത്തിന്റെ ഭാഗ്യശ്രീ വെള്ളിയും മഹാരാഷ്ട്രയുടെ കോമൾ ചന്ദ്രിക വെങ്കലവും കൈക്കലാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.