പ്രൈം വോളിബാള്‍ ലീഗ്: രണ്ടാം സെമിയിൽ കാലിക്കറ്റിനെതിരെ ഡിഫൻഡേഴ്സിന് ജയം
text_fieldsകൊച്ചി: പ്രൈം വോളിബാള്‍ ലീഗ് കിരീടപ്പോരാട്ടത്തില്‍ അഹ്മദാബാദ് ഡിഫന്‍ഡേഴ്സും ബംഗളൂരു ടോര്‍പ്പിഡോസും ഏറ്റുമുട്ടും. ശനിയാഴ്ച നടന്ന രണ്ടാം സെമിയില്‍ അഹ്മദാബാദ് ഒന്നിനെതിരെ മൂന്നു സെറ്റിന് കാലിക്കറ്റ് ഹീറോസിനെ കീഴടക്കി. സ്കോര്‍: 17-15, 9-15, 17-15, 15-11അഹ്മദാബാദിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. അംഗമുത്തുവാണ് കളിയിലെ താരം. ഞായറാഴ്ച രാത്രി ഏഴിന് കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍ പോരാട്ടം.
സെമിയിൽ ഫലാഹിന്റെ തകര്‍പ്പന്‍ സ്പൈക്കിലൂടെയായിരുന്നു കാലിക്കറ്റിന്റെ തുടക്കം. കളി ഇഞ്ചോടിഞ്ച് മുന്നേറവെ നിര്‍ണായഘട്ടത്തില്‍ നന്ദ തൊടുത്ത സ്പൈക്ക് അഹ്മദാബാദിന് 11-10ന് ലീഡ് നല്കി. മത്സരം 13-13 ആയതിനെ തുടര്‍ന്ന് കളി ആവേശത്തിന്റെ കൊടിമുടി കയറി. അടിയും തിരിച്ചടിയും. ഒടുവില്‍ ക്യാപ്റ്റന്‍ മുത്തുസ്വാമിയും ഡാനിയലും ചേര്‍ന്നുള്ള മിന്നുന്ന നീക്കം 17-15ന് അഹ്മദാബാദിന് ആദ്യ സെറ്റ് നല്കി. രണ്ടാം സെറ്റില്‍ സൂപ്പര്‍ സര്‍വുകളിലൂടെ കാലിക്കറ്റ് മികവുകാട്ടി. ജെറോമാണ് ലീഡ് നല്‍കിയത്. ശക്തമായ പ്രതിരോധവും കരുത്തായി. രണ്ടാം സെറ്റ് ആധികാരികമായി കാലിക്കറ്റ് 15-9ന് സ്വന്തമാക്കി. മൂന്നാം സെറ്റില്‍ കാലിക്കറ്റ് സന്‍ഡോവലിന്റെ ശക്തമായ ആക്രമണത്തില്‍ തുടക്കത്തിലേ ലീഡ് നേടി. എന്നാല്‍, അംഗമുത്തു വിട്ടുകൊടുത്തില്ല.
ആക്രമണത്തിന്റെ രൗദ്രഭാവത്തിലെത്തിയ അംഗമുത്തു അഹ്മദാബാദിനെ ഒപ്പമെത്തിച്ചു. കൊണ്ടുംകൊടുത്തും മുന്നേറി ജെറോമിന്റെ മനോഹര സ്പൈക്കുകള്‍ കാലിക്കറ്റിനെ 15-15ന് ഒപ്പമെത്തിച്ചു. മുത്തുസ്വാമിയുടെ സെര്‍വ് സന്‍ഡോവലിന്റെ കൈയില്‍ തട്ടിത്തെറിച്ചതോടെ 17-15ന് മൂന്നാം സെറ്റ് അഹ്മദാബാദിന് കിട്ടി. നാലാം സെറ്റില്‍ കാലിക്കറ്റിന്റെ സര്‍വിസ് പിഴവുകളിലൂടെ അഹ്മദാബാദ് രണ്ടു പോയന്റുകള്‍ നേടി. എന്നാല്‍, കാലിക്കറ്റ് ഒപ്പത്തിനൊപ്പം മുന്നേറി. ജെറോമിന്റെ സര്‍വ് പുറത്തേക്കുപോയതോടെ അഹ്മദാബാദ് കളിയില്‍ നിയന്ത്രണം നേടി. എന്നാല്‍, ജെറോമിന്റെ സ്പൈക്ക് കാലിക്കറ്റിനെ ഒപ്പമെത്തിച്ചു. കാലിക്കറ്റിന് സൂപ്പര്‍ പോയന്റ് അവസരം പിഴച്ചതോടെ അഹ്മദാബാദ് 13-11ന് മുന്നിലെത്തി. ഡാനിയല്‍ മൊതാസെദിയുടെ മിന്നുന്ന നീക്കത്തില്‍ രണ്ടാം സൂപ്പര്‍ പോയന്റും നേടി അഹ്മദാബാദ് നാലാം സെറ്റും കളിയും നേടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.