സ്പെയിൻ ഗ്രാൻഡ് പ്രിക്സ് ഗുസ്തി മത്സരം; നാല് സ്വർണമുൾപ്പെടെ അഞ്ച് മെഡലുകൾ സ്വന്തമാക്കി ബഹ്റൈൻ
text_fieldsമാഡ്രിഡിൽ നടന്ന ഗ്രാൻഡ് പ്രിക്സ് ഗുസ്തി മത്സരത്തിൽ ജേതാക്കളായവർ
മനാമ: സ്പെയിനിലെ മാഡ്രിഡിൽ നടന്ന ഗ്രാൻഡ് പ്രിക്സ് ഗുസ്തി മത്സരത്തിൽ നാല് സ്വർണമുൾപ്പെടെ അഞ്ച് മെഡലുകൾ സ്വന്തമാക്കി ബഹ്റൈൻ. ലോക, ഒളിമ്പിക് ചാമ്പ്യനായ അഖ്മദ് തസുദിനോവ് ഉൾപ്പെടെ, ബഹ്റൈന്റെ സീനിയർ പുരുഷ ഗുസ്തി താരങ്ങളാണ് മത്സരത്തിൽ രാജ്യത്തിനായി ഗോദിയിലിറങ്ങിയത്. നീണ്ട ഒരു വർഷക്കാലത്തെ പരിക്കിനെതുടർന്ന് വിശ്രമത്തിലായിരുന്ന തസുദിനോവിന്റെ ഒരു തിരിച്ചുവരവും കൂടിയാണ് മാഡ്രിഡിൽ നടന്ന ഗ്രാൻഡ് പ്രിക്സ് ഗുസ്തി മത്സരം.
2024ൽ പാരീസിൽ നടന്ന ഒളിമ്പിക്സിൽ സ്വർണം നേടിയതിന് ശേഷം അദ്ദേഹത്തിന് തോളിൽ പരിക്കേറ്റിരുന്നു. ശേഷം ചികിത്സയിലായിരുന്ന തസുദിനോവ് 97 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചാണ് വീണ്ടും സ്വർണം കരസ്ഥമാക്കിയത്. ഫൈനലിൽ ജർമനിയുടെ അഗാസയെ പിൻഫാളിലൂടെ പരാജയപ്പെടുത്തിയാണ് സ്വർണമെഡൽ നേട്ടം.
അഖ്മദ് തസുദിനോവ്
125 കിലോഗ്രാം വിഭാഗത്തിൽ ഷാമിൽ ഷാരിപോവും 79 കിലോഗ്രാം വിഭാഗത്തിൽ ഖിദിർ സൈപുദിനോവും 74 കിലോഗ്രാം വിഭാഗത്തിൽ മഗോമെദ്രസുൽ അസ്ലുവേവും സ്വർണം കരസ്ഥമാക്കി. പുരുഷ 65 കിലോഗ്രാം വിഭാഗത്തിൽ അലിബെഗ് അലിബെഗോവ് വെങ്കലവും കരസ്ഥമാക്കി. ബഹ്റൈനെ മറ്റൊരു ഗുസ്തി താരം മുഹമ്മദ് ഷാരിപോവ് പുരുഷന്മാരുടെ 92 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ബഹ്റൈൻ റെസ്ലിങ് ഫെഡറേഷൻ (ബി.ഡബ്ല്യു.എഫ്) വൈസ് പ്രസിഡന്റ് കമാൽ ജമാൽ കമലിന്റെ നേതൃത്വത്തിലായിരുന്നു സംഘം സ്പെയിനിലേക്ക് തിരിച്ചത്. ഇതിഹാസ ഗുസ്തി പരിശീലകൻ ഷാമിൽ ഒമറോവും സംഘത്തിനൊപ്പമുണ്ടായിരുന്നു. ഈ വർഷം സെപ്റ്റംബറിൽ ക്രൊയേഷ്യയിലെ സാഗ്രെബിൽ നടക്കുന്ന യു.ഡബ്ല്യു.ഡബ്ല്യു സീനിയർ ലോക ചാമ്പ്യൻഷിപ്പിന് മുന്നോടിയായുള്ള പ്രധാന മത്സരങ്ങളിലൊന്നായിരുന്നു സ്പെയിനിലെ ഗ്രാൻഡ് പ്രിക്സ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.