ലോക ചെസ് ചാമ്പ്യൻഷിപ്പ്; എട്ടാം റൗണ്ടും സമനിലയിൽ അവസാനിച്ചു
text_fieldsസിംഗപ്പുർ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ സമനിലക്കളിക്ക് മാറ്റമില്ല. നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറെനും ഇന്ത്യൻ ചലഞ്ചർ ഡി. ഗുകേഷും തമ്മിലെ എട്ടാം റൗണ്ട് മത്സരത്തിൽ ഇരുവരും പോയന്റ് പങ്കിട്ടു.
തുടർച്ചയായ അഞ്ചാം ഗെയിമാണ് തുല്യനിലയിൽ അവസാനിക്കുന്നത്. ഇതോടെ ലിറെനും ഗുകേഷിനും നാലുവീതം പോയന്റായി. നാലു മണിക്കൂറിലധികം നീണ്ടപോരാട്ടത്തിലെ 51ാം നീക്കത്തിലാണ് സമനില സമ്മതിച്ചത്. ഒമ്പതാം റൗണ്ട് വ്യാഴാഴ്ച നടക്കും.
വെള്ളക്കരുക്കളുമായാണ് ബുധനാഴ്ച 18കാരൻ ഗുകേഷ് കളിച്ചത്. ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും കഴിഞ്ഞ മത്സരത്തിലെപ്പോലെ ഇടക്ക് മുൻതൂക്കം പിടിച്ച ഗുകേഷിന് പക്ഷേ, അതു നിലനിർത്താനായില്ല. എട്ടിൽ രണ്ട് മത്സരങ്ങൾക്ക് മാത്രമാണ് ഫലമുണ്ടായത്. ആദ്യത്തേതിൽ ലിറെനും മൂന്നാമത്തേതിൽ ഗുകേഷും ജയിച്ചു. ആദ്യം 7.5 പോയന്റ് നേടുന്നയാളാണ് ലോക ചാമ്പ്യനാവുക. ഇതിന് 3.5 പോയന്റ് അകലെയാണ് ഇരുവരും.
കെ. രത്നാകരൻ (ഇന്റർനാഷനൽ മാസ്റ്റർ)
വെള്ളക്കരുക്കൾ വെച്ച് ഇംഗ്ലീഷ് ഓപ്പണിങ്ങിൽ ആണ് എട്ടാം ഗെയിമിൽ ഡിങ് ലിറെൻ തുടങ്ങിയത്. 21 നീക്കങ്ങൾ വരെ രണ്ടു പേരും ഒപ്പത്തിനൊപ്പം ആയിരുന്നു. എന്നാൽ 22ാം നീക്കത്തിൽ ഡിങ്ങിന്റെ കണക്കു കൂട്ടൽ ചെറുതായ് പിഴച്ചു. ഗുകേഷിന്റെ ബി ഫയലിലെ കാലാൾ അഞ്ചാമത്തെ കളത്തിലേക്കു വെക്കാതിരിക്കാൻ വേണ്ടി ഒറ്റനോട്ടത്തിൽ മികച്ച നീക്കം എന്ന് തോന്നിപ്പിക്കുന്ന റൂക് ബി1 നീക്കം ലിറെൻ നടത്തി.
ഗുകേഷ് തന്റെ ബി ഫയലിലെകലാളിനെ അഞ്ചാമത്തെ കളത്തിലേക്കു വെച്ച് പ്രത്യക്രമണം നടത്തുന്നതാണ് കാണാൻ സാധിച്ചത്. 25ാം നീക്കത്തിൽ ഒരു കലാളിന്റെ ലീഡും വിജയിക്കാൻ ആവശ്യമായ മുൻതൂക്കവും ലഭിച്ചെങ്കിലും തൊട്ടടുത്തതിൽ തന്നെ ഗുകേഷിന് പിഴച്ചു.
തന്റെ ഡി കളത്തിലെ കുതിരയെ സി5 കളത്തിൽ വെക്കുന്നതിനു പകരം എ കളത്തിലെ കുതിരയെ കളിച്ചതോടെ ഗുകേഷിന്റെ മുൻതൂക്കം നഷ്ടപ്പെട്ടു. തൊട്ടടുത്ത നീക്കങ്ങളിൽ പാളിച്ച പറ്റിയതോടെ ലിറെൻ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. 32ാം നീക്കത്തിൽ ഗുകേഷിന് എക്സ്ചേഞ്ച് നഷ്ടപ്പെട്ടു.
മികച്ച പൊസിഷൻ കയ്യിൽ ഉണ്ടായിരിന്നിട്ടും ലിറെൻ സമനിലക്ക് വേണ്ടി നീക്കങ്ങൾ ആവർത്തിക്കുന്നുണ്ടായിരുന്നു. 42ാം നീക്കത്തിൽ ഗുകേഷ് തന്റെ ക്വീനിനെ ജി2 കളത്തിലേക്കു വെച്ചിരുന്നേൽ സമനിലയിൽ പിരിഞ്ഞേനെ. എന്നാൽ ഗുകേഷ് മുൻ കളികളിലെ പോലെ തന്നെ സമനില നിരസിച്ചു കൊണ്ട് കളി തുടരുയാത്സയിരുന്നു. 51ാം നീക്കത്തിൽ ഓപ്പോസിറ്റ് കളർ ബിഷപ്പ് വന്നതോടെ സമനിലയിൽ പിരിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.