വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് സംരക്ഷിക്കുമെന്ന്; നാവാമുകുന്ദയിലെ കായികാധ്യാപകന്റെ ജോലിയും പോയി
text_fieldsനാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂൾ
മലപ്പുറം: ജോലി നഷ്ടമാവുന്ന കായികാധ്യാപകരെ സംരക്ഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഇടക്കിടെ പറയുന്നുണ്ടെങ്കിലും ഉത്തരവിറങ്ങാൻ വൈകുന്നത് അധ്യാപകർക്കും സ്കൂളുകൾക്കും തിരിച്ചടിയാവുന്നു. കുട്ടികളുടെ എണ്ണം കുറഞ്ഞതിന്റെ പേരിൽ കായിക മേഖലയിൽ സംസ്ഥാനത്തെ മികച്ച സ്കൂളുകളിലൊന്നായ തിരുനാവായ നാവാമുകുന്ദ ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകനായ മുഹമ്മദ് ഹർഷാദിനും ജോലി നഷ്ടമായി. വെള്ളിയാഴ്ച മുതൽ ഹർഷാദിന് സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യാൻ കഴിയില്ല. കായികാധ്യാപകരുടെ സംരക്ഷണ ഉത്തരവ് പുറത്തിറങ്ങാത്തതിനാലാണ് ഹർഷാദിന്റെ ജോലി നഷ്ടമാവുന്നത്.
യു.പി വിഭാഗം സ്കൂളിൽ 500 കുട്ടികൾ തികയാത്ത സാഹചര്യത്തിലാണ് ഈ കായിക അധ്യാപകന്റെ ജോലിയും തുലാസ്സിലായത്. നിലവിലെ ചട്ടമനുസരിച്ച് സംസ്ഥാനത്ത് ഒരു സ്കൂളിൽ 500 കുട്ടികൾക്ക് ഒരു കായിക അധ്യാപകന്റെ പോസ്റ്റാണുള്ളത്. ഈ വർഷത്തെ കണക്കെടുപ്പ് പൂർത്തിയായപ്പോൾ നവാമുകുന്ദ സ്കൂളിൽ യു.പി വിഭാഗത്തിൽ 438 കുട്ടികളാണുള്ളത്. ഇതാണ് വിനയായത്.
ഹൈസ്കൂൾ വിഭാഗത്തിൽ ഒരു അധ്യാപകൻ ഉണ്ടെങ്കിലും ഹർഷാദിന്റെ നേതൃത്വത്തിലാണ് സ്കൂളിലെ അത് ലറ്റിക്സ് പരിശീലനം നടക്കുന്നത്. 2021ൽ ആണ് ഹർഷാദ് കായിക അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. ഇതിനു ശേഷം നാവാമുകുന്ദ സ്കൂൾ കായികമേളയിൽ വലിയ കുതിപ്പാണ് നടത്തിയത്. നിലവിൽ 70ഓളം താരങ്ങൾ സ്കൂളിൽ അത് ലറ്റിക്സിൽ അധ്യാപകന്റെ കീഴിൽ പരിശീലനം നടത്തുന്നുണ്ട്.
സമാനരീതിയൽ ഈ വർഷം 40ഓളം കായികാധ്യാപകർക്ക് ഇത്തവണ ജോലി നഷ്ടപ്പെടുമെന്ന് വിവരമുണ്ട്. ആയിരക്കണക്കിന് സ്കൂളുകളുള്ള സംസ്ഥാനത്താകെ 1900ൽ താഴെ കായിക അധ്യാപകർ മാത്രമാണുള്ളത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കായികാധ്യാപകരുടെ സമരങ്ങൾ തുടരുന്നുണ്ട്. സംരക്ഷണ ഇത്തരവ് അടക്കമുള്ള ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാത്തതിനാൽ സ്കൂൾ കായികമേളകളുടെ നടത്തിപ്പുമായി അധ്യാപകർ നിലവിൽ സഹകരിക്കുന്നില്ല.
വിദ്യാർഥി അധ്യാപക അനുപാതം 300 കുട്ടികൾക്ക് ഒരു അധ്യാപകൻ എന്ന രീതിയിലേക്ക് മാറ്റുമെന്നും ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കുമെന്നും കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി മലപ്പുറത്ത് പറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.