പ്രൈം വോളി ലീഗ് ലേലം: ജെറോമിനും ഷമീമിനും വിനീതിനും 22.5 ലക്ഷം വീതം
text_fieldsജെറോം വിനീത്, ഷമീമുദ്ദീൻ, വിനീത് കുമാർ
കോഴിക്കോട്: താരലേലത്തിൽ മിന്നിത്തിളങ്ങി മലയാളി വോളിബാൾ താരങ്ങൾ. ഒക്ടോബറിൽ ഹൈദരാബാദിൽ ആരംഭിക്കുന്ന പി.വി.എൽ നാലാം സീസൺ താരലേലത്തിലാണ് മലയാളി താരങ്ങളായ ജെറോം വിനീതും ഷമീമുദ്ദീനുമുൾപ്പെടെയുള്ളവർക്ക് വമ്പൻ വിലയിട്ട് ടീമുകൾ പിടിച്ചെടുത്തത്. രാജ്യത്തെ ആദ്യ പ്രഫഷനൽ വോളിബാൾ ലീഗാണ് പ്രൈം വോളിബാൾ ലീഗ്. 10 ടീമുകൾ പങ്കെടുത്ത കോഴിക്കോട്ടെ ലേലത്തിൽ മലയാളി താരങ്ങൾ ശ്രദ്ധേയരായി. ഏറ്റവും ഉയർന്ന തുകയായ 22.5 ലക്ഷം രൂപക്ക് ജെറോം വിനീതിനെ ചെന്നൈ ബ്ലിറ്റ്സും പ്ലാറ്റിനം വിഭാഗത്തിൽ ആതിഥേയരായ കാലിക്കറ്റ് ഹീറോസ് തത്തുല്യ തുകക്ക് ഷമീമുദ്ദീനെയും വലയിലാക്കി. മെഗാ താരലേലത്തിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് വിനീത് കുമാറിനെ സ്വന്തമാക്കിയതും 22.5 ലക്ഷം രൂപക്കാണ്. എം. അശ്വിൻരാജ്, സമീർ ചൗധരി എന്നിവർക്ക് എട്ടു ലക്ഷം വിലയിട്ടാണ് ചൈന്നെ സ്വന്തമാക്കിയത്. 6.5 ലക്ഷം നൽകി അമൽ കെ. തോമസും ഗോൾഡ് വിഭാഗത്തിൽനിന്ന് 14.75 രൂപക്ക് ജസ്ജോദ് സിങ്ങും കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് ടീമിന്റെ ഭാഗമായി. കാലിക്കറ്റ് ഹീറോസ് റൈറ്റ് ടു മാച്ചിലൂടെ മോഹൻ ഉക്രപാണ്ഡ്യനെയും എസ്. സന്തോഷിനെയും എട്ടു ലക്ഷം വീതം നൽകി ടീമിലെത്തിച്ചു.
ബംഗളൂരു ടോർപിഡോസ് പി.വി. ജിഷ്ണുവിനെ 14 ലക്ഷം കൊടുത്ത് ഗോൾഡ് വിഭാഗത്തിലൂടെ നേടി. 6.5 ലക്ഷത്തിന് ജോയെൽ ബെഞ്ചമിൻ ജെ, അഞ്ച് ലക്ഷം വീതം രൂപക്ക് ഐബിൻ ജോസ്, രോഹിത് കുമാർ എന്നിവരും ടീമിലെത്തി. അഹ്മദാബാദ് ഡിഫൻഡേഴ്സ് 11.5 ലക്ഷത്തിന് ഷോൺ ടി. ജോണിനെ നിലനിർത്തി. അംഗമുത്തു, ജി.എസ്. അഖിൻ എന്നിവരെ 11 ലക്ഷവും 10.5 ലക്ഷവും മുടക്കി സ്വന്തമാക്കി. പ്ലാറ്റിനം വിഭാഗത്തിൽനിന്ന് ഒമ്പത് ലക്ഷം രൂപക്ക് ആയുഷിനെ സ്വന്തമാക്കിയതാണ് ഡൽഹി തൂഫാൻസിന്റെ വലിയ നേട്ടം. ഗോൾഡ് വിഭാഗത്തിൽനിന്ന് ഡൽഹി ടീമിലുണ്ടായിരുന്ന ജോർജ് ആന്റണിക്ക് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചു. ആറര ലക്ഷത്തിന് മന്നത്ത് ചൗധരിയെയും ടീം സ്വന്തമാക്കി. 16 ലക്ഷത്തിന് ശിഖർ സിങ്ങിനെ പ്ലാറ്റിനം വിഭാഗത്തിൽനിന്ന് സ്വന്തമാക്കിലാണ് ഹൈദരാബാദ് ബ്ലാക്ക്ഹോക്സ് തിളങ്ങിയത്. അമൻ കുമാർ, ദീപു വേണുഗോപാൽ എന്നിവരെ യഥാക്രമം 11.5, 5.75 ലക്ഷം രൂപക്കാണ് നേടിയത്.
മുംബൈ മിറ്റിയോഴ്സ് കാർത്തിക് എ, ലാഡ് ഓം വസന്ത് എന്നിരെ എട്ട് ലക്ഷം വീതം രൂപക്ക് പ്ലാറ്റിനം വിഭാഗത്തിൽനിന്ന് കൂടാരത്തിലെത്തിച്ചു. അതേസമയം, ഗോൾഡ് വിഭാഗത്തിൽനിന്ന് വിപുൽ കുമാർ 6.25 ലക്ഷം രൂപക്കെത്തി. സോനു, നിഖിൽ എന്നിവർക്ക് അഞ്ച് ലക്ഷം വീതം മുടക്കി. നവാഗതരായ ഗോവ ഗാർഡിയൻസ് പ്രിൻസ്, രാമനാഥൻ എന്നിവരെ എട്ട് ലക്ഷം വീതം രൂപക്ക് പ്ലാറ്റിനം വിഭാഗത്തിൽനിന്ന് സ്വന്തമാക്കി. അഞ്ച് ലക്ഷത്തിന് അമിത് ചോക്കെറും ടീമിൽ ചേർന്നു. കൊൽക്കത്ത തണ്ടർബോൾട്സ് ആറ് ലക്ഷത്തിന് ഗോൾഡ് വിഭാഗത്തിൽനിന്ന് പങ്കജ് ശർമയെ സ്വന്തമാക്കി. അഞ്ച് ലക്ഷത്തിന് സർജൻ ഷെട്ടിയുമെത്തി.
ആകെ 789 കളിക്കാരാണ് താരലേലത്തിൽ പങ്കെടുത്തത്. 10 ഫ്രാഞ്ചൈസികൾ. 6,08,50,000 രൂപ ഫ്രാഞ്ചൈസികൾ ലേലത്തിൽ ചെലവാക്കി. വാർത്തസമ്മേളനത്തിൽ കാലിക്കറ്റ് ഹീറോസ് ഉടമ പി.ടി സഫീർ, കൊച്ചിൻ ബ്ലൂസ്പൈക്കേഴ്സ് കോച്ച് സിസ് വർധൻ, പി.വി.എൽ സി.ഇ.ഒ ജോയ് ഭട്ടാചാര്യ, ഗോവ ഗാർഡിയൻസ് ഉടമ രാജു ചെക്കുരി, കൊൽക്കത്ത തണ്ടർബോൾട്സ് ഉടമ പവൻ കുമാർ പട്ടോഠിയ, തുഹിൻ മിശ്ര എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.