Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമരണക്കടല്‍ താണ്ടിയ...

മരണക്കടല്‍ താണ്ടിയ കാല്‍പ്പന്ത് സ്വപ്നം

text_fields
bookmark_border
മരണക്കടല്‍ താണ്ടിയ കാല്‍പ്പന്ത് സ്വപ്നം
cancel

ഓബര്‍സ്റ്റോഫന്‍: ചോരയില്‍മുങ്ങിയ ഒരു ഫുട്ബാളാണ് മുഹമ്മദ് ജദ്ദു എന്ന 17 കാരന്‍െറ ജീവിതം. മൈതാനത്തുനിന്ന് ഇടങ്കാലുകൊണ്ട് മെല്ളെ ഉണര്‍ത്തി കൈകൊണ്ട് തൊടാതെ കാല്‍മുട്ടിലൂടെ ഉരുട്ടി തിരുനെറ്റിയില്‍ ഉയര്‍ത്തി ആ തുകല്‍പന്തില്‍ മുത്തമിടുമ്പോള്‍ ഹൃദയത്തിനുമുകളിലെ തുന്നല്‍പ്പാടുകളില്‍ സ്നേഹത്തോടെ ചുണ്ടുരുമ്മുന്നതായി അവന് തോന്നും. കലാപച്ചോര കട്ടപിടിച്ച സിറിയയിലെ ചെറിയ വീടിനുമുന്നില്‍ വിതുമ്പിനില്‍ക്കുന്ന ഉമ്മയെ ഓര്‍ത്ത് ജദ്ദുവിന്‍െറ കണ്ണുകള്‍ അപ്പോള്‍ നിറഞ്ഞൊഴുകും.

മെഡിറ്ററേനിയന്‍ കടലില്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ ഉലഞ്ഞ തോണിയില്‍ അഭയാര്‍ഥിയായി ജര്‍മനിയിലത്തെിയ ഈ പയ്യനെ സ്വന്തമാക്കാന്‍ ബുണ്ടസ്ലിഗയിലെ വമ്പന്മാര്‍ കണ്ണുനട്ടു തുടങ്ങി.ജര്‍മനിയിലെ മാധ്യമങ്ങളില്‍ മുഹമ്മദ് ജദ്ദുവിന്‍െറ പന്തടക്കവും കളിമികവുമാണ് ഇപ്പോള്‍ ചര്‍ച്ച. ‘കാല്‍പന്തിലെ അതിശയ ബാലന്‍’ എന്നവര്‍ വിശേഷിപ്പിക്കുന്നു. പ്രതിരോധനിരകള്‍ പിളര്‍ന്ന് കാലില്‍കൊരുത്ത പന്തുമായി അവന്‍ മുന്നേറുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഓര്‍മിപ്പിക്കുന്നു.

മാതാപിതാക്കളെക്കാള്‍ കാല്‍പന്തിനോടായിരുന്നു ജദ്ദുവിന് പ്രിയം. സ്കൂളില്‍ നുപകരം മൈതാനത്ത് ഉരുളുന്ന പന്തിനുപിന്നാലെ പായാനായിരുന്നു കമ്പം. മുതിര്‍ന്നവരെപ്പോലും അമ്പരപ്പിച്ച ആ മികവ് അവനെ സിറിയന്‍ അണ്ടര്‍ 16 ടീമിന്‍െറ ക്യാപ്റ്റനാക്കി.കഴിഞ്ഞവര്‍ഷം തായ്ലന്‍ഡില്‍ നടന്ന അണ്ടര്‍ 16 ഏഷ്യന്‍ കപ്പില്‍ സിറിയയെ സെമിഫൈനലില്‍ എത്തിച്ചത് ജദ്ദുവിന്‍െറ മിടുക്കായിരുന്നു. ഏഷ്യയിലെ തന്നെ മികച്ച കളിക്കാരനായി തീരാനുള്ള പ്രതിഭ ജദ്ദുവിനുണ്ടെന്ന് കളികണ്ടവരൊക്കെ വിധിയെഴുതി.ആ സെമി പ്രവേശം ചിലിയില്‍ അണ്ടര്‍ 17 ലോകകപ്പില്‍ കളിക്കാന്‍ സിറിയന്‍ ടീമിന് യോഗ്യത നേടിക്കൊടുത്തു. പക്ഷേ, കഴിഞ്ഞ ദിവസം ആരംഭിച്ച ലോകകപ്പില്‍ ജദ്ദുവില്ലാതെയാണ് സിറിയ കളിക്കുന്നത്.

എല്ലാം മാറിമറിഞ്ഞത് പെട്ടെന്നായിരുന്നു. ആഭ്യന്തര യുദ്ധത്തിലേക്ക് പതിച്ച സിറിയയുടെ ദേശീയ ടീം വിമതഭീകരരുടെ കണ്ണില്‍ കൊല്ലപ്പെടേണ്ടവരായിരുന്നു. വീട്ടില്‍നിന്നകലെ ശാമിലെ മൈതാനത്താണ് ജദ്ദുവിന്‍െറ ടീം പരിശീലിച്ചിരുന്നത്. മൂന്നുതവണ ടീം ബസിനുനേരേ ആക്രമണമുണ്ടായി. കൂട്ടുകാരന്‍ താരീഖ് ഖരീര്‍ കൊല്ലപ്പെട്ടു. പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ എതിര്‍ക്കുന്ന തീവ്രവാദികള്‍ ജദ്ദുവിനു നേരെ ഭീഷണിയും മുഴക്കി. മകനെ കളിക്കാന്‍ വിടാന്‍ ജദ്ദുവിന്‍െ മാതാപിതാക്കള്‍ തയാറായില്ല. കളിക്കാനത്തെിയില്ളെങ്കില്‍ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് മറുവശത്ത് ഫുട്ബാള്‍ ഫെഡറേഷന്‍െറ വക ഭീഷണിയും.
ജദ്ദുവിന്‍െറ കാല്‍പന്ത് സ്വപ്നങ്ങള്‍ കാക്കാന്‍ സിറിയ വിടാന്‍ പിതാവ് ബിലാല്‍ തീരുമാനമെടുത്തു. വീട് വിറ്റുകിട്ടിയ 13,000 ഡോളര്‍ മനുഷ്യക്കടത്ത് സംഘത്തിനുനല്‍കി ജദ്ദുവും പിതാവും അമ്മാവന്‍ സക്കരിയയും തുര്‍ക്കിയിലേക്ക് തിരിച്ചു. ലഥിക്കിയയില്‍നിന്ന് പുറപ്പെടുമ്പോള്‍ നിറഞ്ഞൊഴുകിയ ഉമ്മയുടെയും സഹോദരിയുടെയും കണ്ണുകള്‍ ഇപ്പോഴും ജദ്ദുവിനെ പിന്തുടരുന്നു.

70 പേര്‍ക്ക് കയറാവുന്ന ചെറു ബോട്ടില്‍ 135 പേരെയും കുത്തിനിറച്ചായിരുന്നു മെഡിറ്ററേനിയന്‍ കടലിലൂടെയുള്ള ആ യാത്ര. ബോട്ടില്‍ വെള്ളം കയറി. ഇടക്ക് വൈദ്യുതിയും നിലച്ചു. സ്റ്റിയറിങ് പ്രവര്‍ത്തിക്കാതെയുമായി. നടുക്കടലില്‍ മരണംമാത്രം മുന്നില്‍കണ്ട നിമിഷങ്ങള്‍. മൂന്നു രാവും പകലും വെള്ളം ബക്കറ്റും വെറുംകൈയുംകൊണ്ട് കോരിക്കളഞ്ഞായിരുന്നു മുങ്ങാതെ കാത്തത്. അപ്പോഴാണ് ഇറ്റലിയിലേക്ക് പോവുകയായിരുന്ന തുര്‍ക്കി കപ്പലിന്‍െറ ശ്രദ്ധയില്‍ പെട്ടത്. സംഘത്തെ രക്ഷപ്പെടുത്തി മിലാനിലത്തെിച്ചു. അവിടെ അഭയാര്‍ഥി ക്യാമ്പില്‍ ജദ്ദുവിന്‍െറ പേര് രജിസ്റ്റര്‍ ചെയ്തു. പിന്നീടാണ് ജര്‍മനിയിലെ ഓബര്‍സ്റ്റോഫനിലേക്ക് ജദ്ദുവും കൂട്ടരുമത്തെിയത്.

പ്രദേശത്തെ ചെറു ടീമുകള്‍ക്കൊപ്പം കളിക്കുന്ന സിറിയന്‍ അതിശയ ബാലനെക്കുറിച്ചറിഞ്ഞ മേയറുടെ മകളാണ് അഞ്ചാം ഡിവിഷനില്‍ കളിക്കുന്ന എഫ്.വി റവന്‍സ്ബര്‍ഗിന്‍െറ സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ജദ്ദുവിന് അവസരമുണ്ടാക്കിയത്. കളികണ്ട കോച്ച് മാര്‍കസ് വോള്‍ഫാഞ്ചലിന് ജദ്ദുവിനെ ടീമിലെടുക്കാന്‍ കൂടുതല്‍ ആലോചിക്കേണ്ടിവന്നില്ല. അവന്‍െറ കേളീമികവറിഞ്ഞ ബുണ്ടസ്ലിഗയിലെ വമ്പന്‍ ടീമുകള്‍ ജദ്ദുവിനെ സ്വന്തമാക്കാന്‍ ആഗ്രഹവുമായി മുന്നോട്ടുവന്നിട്ടുണ്ട്. അത്രയും കേമമാണ് ജദ്ദുവിന്‍െറ കളിയെന്ന് ഫുട്ബാള്‍ പണ്ഡിറ്റുകള്‍ വിലയിരുത്തുന്നു. പക്ഷേ, മതിയായ രേഖകളില്ലാത്തതിനാല്‍ ഇറ്റലിയിലേക്ക് തിരിച്ചയക്കുമോയെന്ന പേടിയിലാണ് ജദ്ദു. ഒപ്പം അങ്ങകലെ  ലഥിക്കിയയില്‍നിന്ന് ഉമ്മയും സഹോദരിയും കൊല്ലപ്പെട്ടെന്ന വാര്‍ത്ത വന്നേക്കാമെന്ന ആകുലതയും.

മൈതാനത്തുനിന്ന് അവസാനമാണ് പരിശീലനം കഴിഞ്ഞ് 45 മിനിറ്റ് അകലെയുള്ള വീട്ടിലേക്ക് ജദ്ദു മടങ്ങുന്നത്. തന്‍െറ ഇഷ്ടതാരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമായ റയല്‍ മഡ്രിഡിനായി കളിക്കണമെന്നതാണ് അവന്‍െറ ആഗ്രഹം. ജദ്ദുവിനെ ഇന്‍റര്‍വ്യൂ ചെയ്ത ജര്‍മന്‍ ചാനലിനോട് നിശ്ചയദാര്‍ഢ്യത്തോടെ ജദ്ദു പറയുന്നു. ‘ദൈവം എന്‍െറ തലയില്‍ എഴുതിയിട്ടുണ്ടെങ്കില്‍ ഒരുനാള്‍ ഞാനതാകും. ക്രിസ്റ്റ്യാനോയെക്കാള്‍ വലിയൊരു കളിക്കാരന്‍’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story