ബ്രൂണെയെ തകർത്ത് ഖത്തർ; ഏകപക്ഷീയമായ 13 ഗോളുകൾക്ക് ഖത്തറിന്റെ തേരോട്ടം
text_fieldsബ്രൂണെക്കെതിരെ ഗോൾ നേടിയ ഖത്തർ താരങ്ങളുടെ ആഹ്ലാദം
ദോഹ: മുസ്തഫ അൽ സയീദിന്റെ നാല് തകർപ്പൻ ഗോളുകൾ അടക്കം ഏകപക്ഷീയമായ 13 ഗോളുകൾക്ക് ബ്രൂണെയെ പരാജയപ്പെടുത്തി ഖത്തർ. എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രൂണെയുടെ പ്രതിരോധങ്ങളെ നിഷ്പ്രഭമാക്കിയ ഖത്തർ മൂന്ന് പോയന്റുമായി ഗ്രൂപ് ‘എച്ചി’ൽ ഒന്നാമതെത്തി.
ബ്രൂണെ-ഖത്തർ എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിൽനിന്ന്
അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ആദ്യ റൗണ്ട് ടൂർണമെന്റിൽ നാലാമത്തെ മിനിറ്റിൽതന്നെ മുസ്തഫ അൽ സയീദ് ഗോളടിച്ച് മുന്നിൽനിന്ന് നയിച്ചു. തുടർന്ന് 22, 54, 57 മിനിറ്റുകളിലും മുസ്തഫ അൽ സയീദ് ബ്രൂണെയുടെ വല കുലുക്കി. 55, 90+4 മിനിറ്റുകളിൽ നൂറുദ്ദീൻ ഇബ്രാഹീം, 68, 83 മിനിറ്റുകളിൽ മർവാൻ ബ്രാമിൽ എന്നിവർ ഇരട്ട ഗോളുകൾ നേടി ഖത്തറിന്റെ കുതിപ്പിന് ഊർജമേകി.
ആറാം മിനിറ്റിൽ ജാസിം അൽ ശർശാനി, 11ാംമിനിറ്റിൽ മുബാറക് ശാനൻ (പെനാൽറ്റി), 13ാം മിനിറ്റിൽ മുഹമ്മദ് സിറാജ്, 20ാം മിനിറ്റിൽ അൽ ഹാശിമി അൽ ഹുസൈൻ, 34 ാം മിനിറ്റിൽ അബ്ദുൽ അസീസ് മുഹമ്മദ് എന്നിവർ ശേഷിക്കുന്ന ഗോളുകൾ നേടി ബ്രൂണെയുടെ വല തുടർച്ചയായി കുലുക്കി. ഈ വിജയത്തോടെ ഖത്തർ മൂന്ന് പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതെത്തി. ഗോൾ വ്യത്യാസത്തിൽ ഇന്ത്യയേക്കാൾ മുന്നിലാണ്. ബുധനാഴ്ച വൈകീട്ടു നടന്ന കളിയിൽ ബഹ്റൈനെ 2-0ത്തിന് പരാജയപ്പെടുത്തി ഇന്ത്യ എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങൾക്ക് വിജയത്തോടെ തുടക്കംകുറിച്ചിരുന്നു. മലയാളി താരം മുഹമ്മദ് സുഹൈലിന്റെയും ശിവാൽദോ സിങ് ചിൻഗാങ്ബാമിന്റെയും ഗോളിന്റെ കരുത്തിലാണ് ഇന്ത്യ ബഹ്റൈനെതിരെ കരുത്തുതെളിയിച്ചത്. വിജയത്തോടെ ഇന്ത്യക്ക് മൂന്നു പോയന്റ് ലഭിച്ചു. ആതിഥേയരായ ഖത്തറും ബ്രൂണെയുമാണ് ഗ്രൂപ് ‘എച്ചി’ലെ ഇന്ത്യയുടെ മറ്റ് എതിരാളികൾ. സെപ്റ്റംബർ ആറിന് ഖത്തറിനെയും ഒമ്പതിന് ബ്രൂണെയെയും ഇന്ത്യ നേരിടും.
ഗ്രൂപ് വിജയികളും 11 ഗ്രൂപ്പുകളിലെയും മികച്ച നാല് റണ്ണേഴ്സ് അപ്പുകളുമായിരിക്കും 2026 ജനുവരിയിൽ സൗദി അറേബ്യയിൽ നടക്കുന്ന ഫൈനൽ ടൂർണമെന്റിലേക്ക് യോഗ്യത
നേടുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.