ഒഡിഷ മുഖ്യമന്ത്രിയുടെ വക മെഡല്‍ ജേതാക്കള്‍ക്ക് 2.62 കോടി
text_fieldsഭുവനേശ്വര്‍: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കന്നിക്കിരീടമണിഞ്ഞ ഇന്ത്യന്‍ ടീമിന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായക് വക വന്‍ പാരിതോഷികം. സ്വര്‍ണനേട്ടക്കാര്‍ക്ക് 10 ലക്ഷവും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് ഏഴര ലക്ഷവും വെങ്കലമെഡലുകാര്ക്ക് അഞ്ചു ലക്ഷം രൂപയുമാണ് മുഖ്യമന്ത്രിയുടെ സമ്മാനം. ടീമംഗങ്ങള്‍ താമസിക്കുന്ന സ്വസ്തി പ്രീമിയം ഹോട്ടലില്‍ എത്തിയാണ് നവീന്‍ പട്നായക് തുക കൈമാറിയത്. ലളിതമായ ചടങ്ങില്‍ അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡൻറ് ആദില്‍ ജെ. സുമരിവാല, സെക്രട്ടറി ജനറല്‍ സി.കെ. വത്സൻ, ഇന്ത്യന്‍ കോച്ചുമാരായ ബഹാദൂര്‍ സിങ്, സുരേന്ദ്ര സിങ്, ബിബു മാത്യു, മുന്‍താരങ്ങളായ ഷൈനി വില്‍സൺ, അഞ്ജു ബോബി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പുരുഷന്മാരുടെ 400 മീറ്ററില്‍ സ്വര്‍ണം നേടിയ മലയാളിതാരം മുഹമ്മദ് അനസാണ് ആദ്യം കാഷ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ടീമിൽ അംഗമായ അനസിന് 20 ലക്ഷം രൂപയാണ് ലഭിച്ചത്. കരിയറില്‍ ആദ്യമായാണ് ഇത്രയും തുക സമ്മാനമായി സ്വീകരിക്കുന്നതെന്ന് അനസ് പറഞ്ഞു. വനിതകളുടെ 1500 മീറ്റില്‍ സ്വര്‍ണമണിഞ്ഞ പി.യു. ചിത്ര, 400 മീറ്റര്‍ പുരുഷ റിലേ ടീമംഗങ്ങളായ കുഞ്ഞിമുഹമ്മദ്, അമോജ് ജേക്കബ്, 400 മീറ്റര്‍ വനിത റിലേ ടീമംഗം ജിസ്ന മാത്യു എന്നിവരും 10 ലക്ഷം ഏറ്റുവാങ്ങി. 400 മീറ്റിലെ വെങ്കലത്തിന് ജിസ്നക്ക് മറ്റൊരു അഞ്ചു ലക്ഷവും ലഭിച്ചു. 16 താരങ്ങള്‍ക്കാണ് 10 ലക്ഷം വീതം നല്‍കിയത്.
400 മീറ്ററില്‍ വെള്ളി നേടിയ അനു രാഘവനും 10,000 മീറ്ററില്‍ രണ്ടാം സ്ഥാനക്കാരനായ ടി. ഗോപി, ലോങ്ജംപില്‍ വെള്ളിയണിഞ്ഞ വി. നീന എന്നിവര്‍ക്ക് ഏഴര ലക്ഷം വീതമാണ് വിതരണം ചെയ്തത്. ജാബിര്‍ എം.പി, ജിന്സണ് ജോണ്സൺ, നയന ജെയിംസ്, എൻ.വി. ഷീന, മെര്ലിന് കെ. ജോസഫ് എന്നിവരും വെങ്കലത്തിനുള്ള സമ്മാനം ഏറ്റുവാങ്ങി. ഒഡിഷ മൈനിങ് കോര്‍പറേഷനാണ് ഇതിനായി സര്‍ക്കാറിന് സാമ്പത്തികസഹായമേകിയത്. രാജ്യത്തിെൻറ അഭിമാനതാരങ്ങള്‍ക്ക് വേര്‍തിരിവില്ലാതെ പാരിതോഷികം വിതരണം ചെയ്യാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് നവീന്‍ പട്നായക് ചടങ്ങില്‍ പറഞ്ഞു. രാജ്യത്തിനായി അഭിമാനകരമായ പോരാട്ടം തുടരണമെന്ന് അദ്ദേഹം ആഹ്വാനംചെയ്തു. ജൂനിയര്‍ തലത്തില്‍ ലോക റെക്കോഡ് നേടിയ നീരജ് ചോപ്രക്ക് പ്രത്യേക ട്രോഫിയും സമ്മാനിച്ചു. ആകെ 2.62 കോടി രൂപയാണ് നവീന്‍ പട്നായക് അനുവദിച്ചത്. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരങ്ങള്‍ക്ക് കേരള സര്‍ക്കാറും മികച്ച പ്രോത്സാഹനമേകണമെന്ന് മുൻതാരങ്ങള്‍ പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങളില്‍ മെഡല്‍ നേടുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതിലും മികച്ച തുകയാണ് ഒഡിഷ സര്‍ക്കാർ സമ്മാനിച്ചത്. ഇന്ത്യന്‍ കായികചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയ തുക പ്രോത്സാഹനമായി വിതരണം ചെയ്യുന്നതെന്ന് ഒളിമ്പ്യന്മാരായ ഷൈനി വില്‍സണും അഞ്ജു ബോബി ജോര്‍ജും ‘മാധ്യമ’ത്തോട് പറഞ്ഞു. 1995ല്‍ ചെന്നൈയില്‍ നടന്ന സാഫ് ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കിയവര്‍ക്ക് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത 15,000 രൂപ സമ്മാനിച്ചതാണ് ഓർമയിലുള്ള ഏകസംഭവമെന്ന് ഷൈനി പറഞ്ഞു.
കേരളത്തിലെ താരങ്ങളെ ഉചിതമായ രീതിയില്‍ ആദരിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ പ്രസ്താവനയില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് താരങ്ങൾ. ഈ മാസം 15 മുതല്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നടക്കുന്ന ഇൻറര്‍ സ്റ്റേറ്റ് അത്ലറ്റിക്സില് കേരളത്തിന് കിരീടം നേടിക്കൊടുക്കാനൊരുങ്ങുകയാണ് മലയാളി താരങ്ങൾ. അതിനുമുമ്പ് സംസ്ഥാന സര്‍ക്കാര്‍ അഭിനന്ദനത്തിനപ്പുറം സഹായിക്കുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. നാലു വര്‍ഷം മുമ്പ് ദേശീയ സ്കൂള്‍ മീറ്റില്‍ നിരവധി മെഡലുകള്‍ നേടിയ വകയിലുള്ള സമ്മാനത്തുക പി.യു. ചിത്രയടക്കം ചില താരങ്ങള്‍ക്ക് കിട്ടാക്കനിയാണ്.
മലയാളി താരങ്ങൾക്ക് പ്രതിഫലം: ആലോചിച്ച് തീരുമാനമെടുക്കുമെന്ന് കായികമന്ത്രി
തിരുവനന്തപുരം: ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചരിത്ര കിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച മലയാളി താരങ്ങൾക്ക് സംസ്ഥാന സർക്കാറിെൻറ അവഗണന. മീറ്റ് കഴിഞ്ഞ് 24 മണിക്കൂർ പിന്നിട്ടിട്ടും സംസ്ഥാന കായികമന്ത്രിയോ സർക്കാറോ താരങ്ങൾക്ക് ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, താരങ്ങൾക്ക് അർഹിച്ച അംഗീകാരം നൽകുമെന്ന് മന്ത്രി പറഞ്ഞു. തിങ്കളാഴ്ച കോഴിക്കോടായിരുന്നതുകൊണ്ടാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്താത്തത്. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തിയ ശേഷം ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി എ.സി. മൊയ്തീൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ദ്യുതി ചന്ദിനെ ‘മലയാളി’യാക്കി മന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: ഒഡിഷതാരം ദ്യുതി ചന്ദിനെ മലയാളി താരമാക്കി കായികമന്ത്രി എ.സി. മൊയ്തീെൻറ അഭിനന്ദനം. ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ മലയാളി കായികതാരങ്ങൾക്ക് അഭിനന്ദനം അറിയിച്ച് മന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ആശംസ കാർഡിലാണ് ദ്യുതി ചന്ദും ഉൾപ്പെട്ടത്. ആശംസ കാർഡ് സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വൈറൽ അയതോടെ മണിക്കൂറുകൾക്കകം മന്ത്രി പോസ്റ്റ് പിൻവലിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.