ലോക റാപിഡ് ചെസ്സിൽ കിരീടം ചൂടി ഇന്ത്യയുടെ കൊനേരു ഹംപി
text_fieldsമോസ്കോ: വേൾഡ് റാപിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടമണിഞ്ഞ് ഇന്ത്യയുടെ കൊനേരു ഹംപി. റഷ്യയിൽ നടന്ന ലോക പോരാട്ടത്തിൽ പുരുഷ വിഭാഗത്തിൽ മാഗ്നസ് കാൾസൻ കിരീടമണിഞ്ഞപ്പോൾ, വനിത വിഭാഗത്തിൽ േപ്ല ഓഫിലൂടെയാണ് ആന്ധ്രപ്രദേശുകാരിയായ ഹംപി കിരീടമണിഞ്ഞത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ചെസ്സിലെ വിശ്വകിരീടത്തിൽ മുത്തമിടുന്നത്. നേരത്തേ പുരുഷന്മാരിൽ വിശ്വനാഥൻ ആനന്ദ് രണ്ടു തവണ റാപിഡ് വേൾഡ് കിരീടം ചൂടിയിരുന്നു. ലോക ചെസ്സിൽ എതിരില്ലാതെ വാഴുന്ന കാൾസെൻറ മൂന്നാം റാപിഡ് കിരീടമാണിത്. എട്ട് ജയവും ഏഴ് സമനിലയും നേടിയാണ് നോർവീജിയൻ ഇതിഹാസം അതിവേഗ കളത്തിൽ കിരീടമണിഞ്ഞത്.
എന്നാൽ, വനിത ജേതാവിനെ നിശ്ചയിക്കാൻ േപ്ല ഓഫ് വേണ്ടിവന്നു. ഒപ്പത്തിനൊപ്പമായതോടെ േപ്ലഓഫിൽ ചൈനയുടെ ലീ ടിങ്ജിയെ തോൽപിച്ചാണ് 32കാരിയായ ഹംപി റാപിഡിലെ പുതിയ ജേതാവായി മാറിയത്. 2012ൽ ഇവർ റാപിഡ് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. ലോക ചാമ്പ്യൻഷിപ്പിൽ 2011ൽ മൂന്നാം സ്ഥാനക്കാരിയായി മടങ്ങി. 15ാം വയസ്സിൽ ഗ്രാൻഡ്മാസ്റ്റർ പദവി നേടിയ ഹംപി വനിതകളിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈനേട്ടം സ്വന്തമാക്കിയ താരമാണ്.
ഹംപി റിട്ടേൺസ്
2014ൽ വിവാഹിതയായ ശേഷം അമ്മയാവാൻ രണ്ടുവർഷം ചെസിൽനിന്ന് വിട്ടുനിന്ന ഹംപി ഈ വർഷം ആദ്യത്തിലാണ് തിരിച്ചെത്തിയത്. തുടർന്ന് ഒരു വർഷത്തിനുള്ളിലാണ് തിളക്കമേറിയ ലോകകിരീടത്തിൽ മുത്തിമിടുന്നത്. രണ്ടു ദിവസം എട്ട് റൗണ്ട് നീണ്ട മത്സരത്തിനൊടുവിൽ നാല് താരങ്ങളാണ് 6.5 പോയൻറുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. ഐറിന ബൾമാഗ, ടാൻ ഴോങ്യി, ലെ ടിങ്ജി, മറിയ മുസിചുക് എന്നിവർ. 6 പോയൻറുമായി ഇന്ത്യക്കാരായ ഹംപിയും ഡി. ഹരികയും ഉൾപ്പെടെ ആറുപേർ.
12 റൗണ്ടുള്ള വനിത റാപിഡിെൻറ അവസാന റൗണ്ട് തുടങ്ങുേമ്പാൾ ടിങ്ജി ഒമ്പത് പോയൻറുമായി മുന്നിലും ടാൻ ഴോങ്യി 8.5 പോയൻറുമായി രണ്ടും ഹംപി ഉൾപ്പെടെ അഞ്ചുപേർ എട്ട് പോയൻറുമായി മൂന്നാമതുമായിരുന്നു. അവസാന റൗണ്ടിൽ ടാൻ ഴോങ്യി ഹംപിക്ക് സമനില ഓഫർ ചെയ്തെങ്കിലും ഇന്ത്യൻ താരം നിരസിച്ചു. തുടർന്ന് ചടുല നീക്കങ്ങളിൽ ഹംപി മത്സരം ജയിച്ചു. സമനിലകൊണ്ട് കിരീടം ഉറപ്പിക്കാമായിരുന്ന ടിങ്ജി തോൽവി വഴങ്ങിയതോടെ മൂന്നുപേർ ഒമ്പത് പോയൻറുമായി ഒപ്പമെത്തി. തുടർന്നായിരുന്നു േപ്ല ഓഫിൽ ഹംപിയുടെ കിരീട വിജയം. 12 റൗണ്ടിൽ ഏഴ് ജയവും നാല് സമനിലയും ഒരു തോൽവിയുമായിരുന്നു ഫലം.
‘‘മൂന്നാം ദിനം ആദ്യ ഗെയിം തുടങ്ങുേമ്പാഴൊന്നും ഞാൻ ഒന്നാമതെത്തുമെന്ന് ചിന്തിച്ചിട്ടേയില്ല. ആദ്യ മൂന്നിൽ ഒരാളാവുക മാത്രമേ ലക്ഷ്യമുണ്ടായിരുന്നുള്ളൂ. ൈടബ്രേക്കർ കളിക്കേണ്ടിവരുമെന്നും പ്രതീക്ഷിച്ചില്ല. എെൻറ ആദ്യ ലോക കിരീടമാണിത്. ക്ലാസിക്കൽ ചെസ്സിലെ കിരീടമാണ് ജനങ്ങൾ മുെമ്പാക്കെ പ്രതീക്ഷിച്ചത്. ഇപ്പോൾ റാപിഡിൽ എനിക്ക് നേട്ടം കൊയ്യാനായി. തീർത്തും അപ്രതീക്ഷിതമാണ് ഈ വിജയം.’’-ലോക കിരീടം ചൂടിയ ശേഷം കൊനേരു ഹംപി
റാപിഡ് ചെസ്
സ്റ്റാൻഡേഴ്ഡ് ചെസ് മണിക്കൂറുകൾ നീളുന്ന പോരാട്ടമാണെങ്കിൽ അതിവേഗ നീക്കങ്ങളുടെ അങ്കമാണ് റാപിഡും ബ്ലിറ്റ്സും. ബുദ്ധികൂർമതക്കൊപ്പം നീക്കങ്ങളിലെ ചടുലതയും വിജയിയെ തീരുമാനിക്കുന്നു. റാപിഡിൽ ഒരു താരത്തിന് ആകെ 15 മിനിറ്റ് അനുവദിക്കും. ഓരോ നീക്കത്തിനും 10 സെക്കൻഡ് ഇൻക്രിമെൻറ്. പുരുഷ വിഭാഗത്തിൽ 15ഉം വനിതകളിൽ 12ഉം റൗണ്ട് നീളുന്നതാണ് റാപിഡ് ചാമ്പ്യൻഷിപ്. സമ്മാനത്തുക: ജേതാവിന് 60,000 ഡോളർ (42.85 ലക്ഷം രൂപ)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.