ഐ.പി.എല്‍ വാതുവെപ്പ്: പേരുകള്‍ കൈമാറണമെന്ന അപേക്ഷ സുപ്രീംകോടതി തള്ളി
text_fieldsന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ പങ്കാളികളായ കളിക്കാരുടെ പേരുകളടങ്ങുന്ന മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് ജസ്റ്റിസ് ആര്‍.എം. ലോധ കമ്മിറ്റിക്ക് കൈമാറണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ലോധ സമിതി നേരിട്ട് ആവശ്യപ്പെട്ടാല്‍ അപ്പോള്‍ പരിഗണിക്കാമെന്നും പരാതിക്കാര്‍ക്ക് ഇതേ ആവശ്യം ഉന്നയിച്ച് ലോധ സമിതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലോധ സമിതിക്ക് ഡിസംബര്‍ വരെ കോടതി സമയം അനുവദിച്ചു.
കളിക്കാരുടെ പേരുവിവരങ്ങള്‍ ബി.സി.സി.ഐയുടെ ഭരണപരിഷ്കാരങ്ങള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ആര്‍.എം ലോധ കമ്മിറ്റിക്ക് കൈമാറണമെന്ന ഹരജി കോടതി ഇന്ന് പരിഗണനക്കെടുത്തിരുന്നു. മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് കൈമാറാത്തപക്ഷം അത് തയാറാക്കാന്‍ ജസ്റ്റിസ് മുകുള്‍ മുദ്ഗലിന്‍െറ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അധ്വാനവും സര്‍ക്കാര്‍ മുടക്കിയ പണവും വെറുതെയാവുമെന്ന് കാണിച്ച് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷനാണ് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്. ജസ്റ്റിസ് ടി.എസ്. താക്കൂറിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ചിന്‍െറ പരിഗണനക്കുവന്ന അപേക്ഷയില്‍ അടിയന്തര പ്രാധാന്യത്തോടെ വെള്ളിയാഴ്ച ഉച്ചക്കുശേഷം രണ്ടു മണിക്ക് വാദം കേള്‍ക്കാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.
എന്‍. ശ്രീനിവാസന്‍ ഉള്‍പ്പെടെ 13 പേരെ പേരെടുത്ത് പരാമര്‍ശിക്കുന്ന മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സീല്‍ ചെയ്ത കവറില്‍ സുപ്രീംകോടതി രജിസ്ട്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ക്രിക്കറ്റിനെ അഴിമതി വിമുക്തമാക്കാനും അതിന്‍െറ നഷ്ടപ്രതാപം വീണ്ടെടുക്കാനും ലക്ഷ്യമിട്ട് ബി.സി.സി.ഐയില്‍ പുതിയ ഭരണപരിഷ്കാരങ്ങള്‍ കൊണ്ടുവരുന്നതിന് റിപ്പോര്‍ട്ടിന്‍െറ പൂര്‍ണരൂപം ജസ്റ്റിസ് ലോധ കമ്മിറ്റിക്ക് കൈമാറേണ്ടത് അത്യാവശ്യമാണെന്ന് ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ആദിത്യ വര്‍മ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ, ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്കും ഗുരുനാഥ് മെയ്യപ്പന്‍, രാജ് കുന്ദ്ര എന്നിവര്‍ക്കുമെതിരായ ശിക്ഷാനടപടികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടിന്‍െറ ആദ്യഭാഗം സുപ്രീംകോടതി നിര്‍ദേശ പ്രകാരം ജസ്റ്റിസ് ലോധ പുറത്തുവിട്ടിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.