ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കക്ക് അഞ്ച് റണ്‍സ് ജയം
text_fieldsകാണ്‍പൂര്‍: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യ ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ അടിയറവ് പറഞ്ഞത്. ട്വന്‍റി20 പരമ്പരയില്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് ഏകദിനവും വിജയത്തോടെ തുടങ്ങാനായില്ല. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. രോഹിത് ശര്‍മയുടേയും സുരേഷ് റെയ്നയുടെയും വിക്കറ്റെടുത്ത ഇമ്രാന്‍ താഹിറും അവസാന ഓവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് രണ്ട് വിക്കറ്റെടുത്ത യുവതാരം കഗിസോ റബാഡയുമാണ് മത്സരം ദക്ഷിണാഫ്രിക്കയുടേതാക്കി മാറ്റിയത്.
അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 11 റണ്‍സായിരുന്നു ആവശ്യം. ആദ്യ മൂന്നു പന്തില്‍ ഇന്ത്യ നാല് റണ്‍സെടുത്തു. എന്നാല്‍ ധോണിയെയും സ്റ്റുവര്‍ട്ട് ബിന്നിയെയും പുറത്താക്കി റബാഡ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്കെ ത്തിക്കുകയായിരുന്നു. ഇന്ത്യക്കുവേണ്ടി രോഹിത് ശര്‍മയും (150) ദക്ഷിണാഫ്രിക്കക്കായി ക്യാപ്റ്റന്‍ എബി ഡിവിലിയേഴ്സും (104 നാട്ടൗട്ട്) സെഞ്ച്വറി നേടി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കുവേണ്ടി മിന്നും പ്രകടനമാണ് ഓപണര്‍ രോഹിത് ശര്‍മ പുറത്തെടുത്തത്. സ്കോര്‍ ബോര്‍ഡ് 42ല്‍ എത്തി നില്‍ക്കെ ശിഖര്‍ ധവാന്‍ പുറത്തായെങ്കിലും അജിന്‍ക്യ രഹാനെയെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ ഇന്ത്യയുടെസ്കോര്‍ ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. രഹാനെ 82 പന്തില്‍ 60 റണ്‍സെടുത്തു. രഹാനെക്ക് ശേഷം എത്തിയ വിരാട് കോഹ് ലിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. പിന്നീട് ധോണി ക്രീസിലെത്തിയെങ്കിലും രോഹിത്തിന് ക്രീസില്‍ തുടരാനായില്ല. സ്വന്തം പന്തില്‍ താഹിര്‍ പിടിച്ചാണ് രോഹിത് പുറത്തായത്. ഇതാണ് ദക്ഷിണാഫ്രിക്കന്‍ ജയത്തിന് വഴിത്തിരിവായത്. ഈ ഓവറില്‍ തന്നെ റെയ്നയെയും താഹിര്‍ മടക്കി അയച്ചതോടെ ധോണിക്ക് മേല്‍ സമ്മര്‍ദ്ദമേറുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കുവേണ്ടി റബാഡ, താഹിര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സ്റ്റെയിന്‍, ഫര്‍ഹാന്‍, മോര്‍ക്കല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 303 റണ്‍സെടുത്തത്. സാവധാനമാണ് ഓപണിങ് ജോഡി ബാറ്റിങ് ആരംഭിച്ചത്. ഹാഷിം ആംല 37ഉം ക്വിന്‍റണ്‍ ഡികോക്ക് 29ഉം റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ മികച്ച ഫോം തുടരുന്ന ക്യാപ്റ്റന്‍ എബി ഡിവിലിയേഴ്സിന്‍െറ അടിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറില്‍ എത്തിച്ചത്. 73 പന്തിലാണ് എബി 104 റണ്‍സ് നേടിയത്. ആറ് സിക്സറും അഞ്ച് ഫോറുമാണ് പ്രോട്ടീസ് ക്യാപ്റ്റന്‍ അടിച്ചെടുത്തത്. മികച്ച പിന്തുണ നല്‍കിയ ഫഫ് ഡുപ്ളെസി 77 പന്തില്‍ 62 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ അടിച്ചു തകര്‍ത്ത ഫര്‍ഹാന്‍ ബെഹറുദീന്‍ 19 പന്തില്‍ 35 റണ്‍സെടുത്തു. എബി ഡിവിലിയേഴ്സാണ് മാന്‍ ഓഫ് ദി മാച്ച്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.