മനീഷ് പാണ്ഡെക്ക് കന്നിസെഞ്ച്വറി; ഇന്ത്യക്ക് ആശ്വാസജയം
text_fieldsസിഡ്നി: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇതിനകം തന്നെ പരമ്പര അടിയറവ് വെച്ച ഇന്ത്യ ആറു വിക്കറ്റിൻെറ ആശ്വാസജയമാണ് നേടിയത്. കന്നിസെഞ്ച്വറി (81 പന്തിൽ പുറത്താകാതെ 104) നേടിയ മനീഷ് പാണ്ഡെയുടെ പ്രകടനമാണ് ഇന്ത്യയെ ജയത്തിലേക്കെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് മുന്നോട്ടുവെച്ച 331 റൺസ് എന്ന ലക്ഷ്യം 49.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ആദ്യമായാണ് ഓസീസ് മണ്ണിൽ ഒരു ടീം മുന്നൂറ് റൺസിന് മുകളിൽ പിന്തുടർന്ന് ജയിക്കുന്നത്.
മനീഷിനെ കൂടാതെ 99 റൺസെടുത്ത രോഹിത് ശർമയും 56 പന്തിൽ 78 റൺസെടുത്ത ശിഖർ ധവാനും ഇന്ത്യക്കുവേണ്ടി തിളങ്ങി. നിറംമങ്ങുന്ന ക്യാപ്റ്റൻ എം.എസ് ധോണി 42 പന്തിൽ 34 റൺസെടുത്തു. മനീഷ് പാണ്ഡെ മാൻ ഓഫ് ദ മാച്ചും രോഹിത് ശർമ മാൻ ഓഫ് ദ സീരീസും ആയി.

ഓസീസ് സ്കോർ പിന്തുടർന്ന ഇന്ത്യ മികച്ച രീതിയിലാണ് തുടങ്ങിയത്. മികച്ച ഫോമിലുള്ള രോഹിത് ശർമയും ശിഖർ ധവാനും ശക്തമായ കൂട്ടുകെട്ടാണ് ഉയർത്തിയത്. ഇരുവരും ചേർന്ന് 123 റൺസ് നേടി. 78 റൺസെടുത്ത ശിഖർ ധവാൻ ആദ്യം പുറത്തായി. പിന്നാലെ എത്തിയ വിരാട് കോഹ് ലിക്ക് എട്ട് റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. ഇതോടെ കഴിഞ്ഞ മത്സരത്തിലേതുപോലെ ജയിക്കുന്നിടത്തുനിന്ന് ഇന്ത്യൻ ബാറ്റിങ് തകരുമെന്ന തോന്നലുണ്ടാക്കി. ഈ സമയത്താണ് രോഹിത്തും പാണ്ഡെയും ഒരുമിക്കുന്നത്. മൂന്നാം വിക്കറ്റിൽ രോഹിത്തും പാണ്ഡെയും ചേർന്ന് 14.3 ഓവറിൽ 97 രൺസ് കൂട്ടിച്ചേർത്തു. എന്നാൽ 99 റൺസെടുത്തു നിൽക്കെ 34ാം ഓവറിൽ രോഹിത് ശർമ പുറത്തായി. ഇതിനുശേഷം ഒന്നിച്ച ധോണിയും പാണ്ഡെയും ഇന്ത്യക്ക് വിജയം ഒരുക്കുകയായിരുന്നു. എട്ട് ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു മനീഷ് പാണ്ഡെയുടെ ഇന്നിങ്സ്. അതിനിടെ ധോണിയുടെ ക്യാച്ച് നഥൻ ലിയോൺ വിട്ടുകളയുകയും ചെയ്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസ് ഡേവിഡ് വാര്‍ണറുടെ (122)യും മിച്ചൽ മാർഷിൻെറയും (102) സെഞ്ച്വറി മികവിലാണ് മികച്ച സ്കോർ നേടിയത്. 7 വിക്കറ്റ് നഷ്ടത്തിലാണ് ഒാസീസ് 330 റൺസെടുത്തത്. 113 പന്തിൽ മൂന്ന് സിക്സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു വാർണറുടെ ഇന്നിങ്സ്. വാർണറിൻെറ അഞ്ചാം ഏകദിന സെഞ്ച്വറിയാണ്. 84 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സും സഹിതമായിരുന്നു മാർഷിൻെറ സെഞ്ച്വറി നേട്ടം. കഴിഞ്ഞ മത്സരത്തിൽ വാർണർ 93 റൺസ് സ്കോർ ചെയ്തിരുന്നു.
ഇഷാന്ത് ശര്‍മയുടെ ആദ്യ ഓവറില്‍ തന്നെ ഓപണര്‍ ആരോണ്‍ ഫിഞ്ചിനെ ഓസീസിന് നഷ്ടമായി. ആറു റണ്‍സ് മാത്രമെടുത്താണ് ഫിഞ്ച് മടങ്ങിയത്. പിന്നീടെത്തിയ സ്റ്റീവന്‍ സ്മിത്തും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് സ്കോറിങ് ആരംഭിച്ചു. എന്നാൽ 28 റണ്‍സെടുത്ത സ്മിത്തിനെ ജസ്പ്രീത് ബുംമ്ര വീഴ്ത്തി. ബുംമ്രയുടെ ഏകദിനത്തിലെ ആദ്യ വിക്കറ്റാണിത്. പിന്നീട് ജോര്‍ജ് ബെയലി(6) ഷോണ്‍ മാര്‍ഷ് (7) എന്നിവരും പെട്ടന്ന് പുറത്തായി. മാത്യു വെയ്ഡ് നിർണായകമായ 36 റൺസ് കൂട്ടിച്ചേർത്തു. അഞ്ചാം വിക്കറ്റിൽ വാർണർ-മാർഷ് സഖ്യം 118 റൺസ് കൂട്ടിച്ചേർത്തു. ഇന്ത്യക്കായി ഇഷാന്ത് ശർമ്മയും ബുംമ്രയും രണ്ട് വിക്കറ്റെടുത്തു. ആസ്ട്രേലിയൻ പര്യടനത്തിൽ ഇന്ത്യക്ക് ഇനിയുള്ളത് മൂന്ന് ട്വൻറി20 മത്സരങ്ങളാണ്. ജനുവരി 26ന് അഡലെയ്ഡിലാണ് ആദ്യ മത്സരം.

ഭുവനേശ്വർ കുമാറിന് പകരമായാണ് ജസ്പ്രീന്ദ് സിങ്ങിനെ ഉൾപെടുത്തിയത്. പരിക്കേറ്റ അജിങ്ക്യ രഹാനെക്ക് പകരം മനീഷ് പാണ്ഡെയും ആർ. അശ്വിനു പകരം ഋഷി ധവാനും ടീമിലിടം നേടി. കഴിഞ്ഞ മത്സരത്തിൽ കാൽമുട്ടിന് പരിക്കേറ്റ ഗ്ലെൻ മാക്സ് വെൽ ഓസീസ് ഇലവനിൽ ഉണ്ടായിരുന്നില്ല. മാക്സ് വെലിന് പകരമായി ഷോൺ മാർഷാണിറങ്ങിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.