27 റൺസ് ജയം; ട്വൻറി20 പരമ്പര ഇന്ത്യക്ക്
text_fieldsമെല്‍ബണ്‍: ഏകദിനത്തില്‍ നിലംതൊടാനനുവദിക്കാത്തതിന് കുട്ടിക്രിക്കറ്റില്‍ ടീം ഇന്ത്യ വക മധുര പ്രതികാരം. ട്വന്‍റി20യുടെ വേഗത്തിനൊപ്പം ഇനിയും ആസ്ട്രേലിയന്‍ ടീം എത്തിയിട്ടില്ല എന്ന് തെളിയിച്ചുകൊടുത്ത് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ആധികാരിക ജയത്തോടെ ഇന്ത്യക്ക് പരമ്പര. 27 റണ്‍സിനാണ് നീലപ്പട ആസ്ട്രേലിയയെ തകര്‍ത്തത്. ഒരു മത്സരം ബാക്കി നില്‍ക്കെയാണ് മഹേന്ദ്ര സിങ് ധോണിയും സംഘവും ട്വന്‍റി20 ലോകകപ്പിനുള്ള മുന്നൊരുക്കം ഗംഭീരമാക്കി ഓസീസ് മണ്ണില്‍ പരമ്പര പിടിച്ചത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 184 റണ്‍സെടുത്തപ്പോള്‍ ഓസീസ് എട്ടു വിക്കറ്റിന് 157 റണ്‍സിലൊതുങ്ങി. അര്‍ധ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ (60), വിരാട് കോഹ്ലി (59*) എന്നിവരാണ് വിജയശില്‍പികള്‍.

ടോസ് നേടിയ ആസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓസീസ് ക്യാമ്പില്‍ ഭീതിപരത്തി ശിഖര്‍ ധവാനും രോഹിത് ശര്‍മയും കത്തിക്കയറിയപ്പോള്‍ നോക്കിനില്‍ക്കാനേ ബൗളിങ് നിരക്ക് സാധിച്ചുള്ളൂ. ഇടതടവില്ലാതെ ഇരുവരുടെയും ബാറ്റില്‍നിന്ന് ബൗണ്ടറി തേടി പന്ത് പാഞ്ഞുകൊണ്ടിരുന്നു. അപ്പര്‍കട്ടിലൂടെ ധവാന്‍ നേടിയ സിക്സ് കാണികളെ ആവേശത്തിലാഴ്ത്തി. സ്കോര്‍ 97ല്‍ നില്‍ക്കെ ഗ്ളെന്‍ മാക്സ്വെല്‍ എറിഞ്ഞ പത്താം ഓവറിലെ അവസാന പന്ത് അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ ധവാന്‍ ലിന്നിനു പിടികൊടുത്ത് കരക്കു കയറി. 32 പന്തില്‍ രണ്ട് കൂറ്റന്‍ സിക്സറുകളുടെയും മൂന്ന് ഫോറിന്‍െറയും അകമ്പടിയോടെ 42 റണ്‍സായിരുന്നു ധവാന്‍െറ സംഭാവന.

ധവാന്‍െറ പുറത്താകല്‍ സ്കോറിങ്ങിനെ ബാധിക്കാതെയായിരുന്നു കോഹ്ലിയുടെ ബാറ്റിങ്. ഇതിനിടെ രോഹിത് അര്‍ധസെഞ്ച്വറി പിന്നിട്ടു. ലോകകപ്പില്‍ തന്‍െറ ബാറ്റ് എതിരാളികള്‍ക്ക് ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു രോഹിതിന്‍െറ പ്രകടനം. സ്വന്തം സ്കോര്‍ 60ല്‍ നില്‍ക്കെ 16ാം ഓവറില്‍ ഇല്ലാത്ത റണ്ണിനോടി ഒൗട്ടായ രോഹിത് കാണികളെ നിരാശപ്പെടുത്തി. 47 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്സും സഹിതമായിരുന്നു രോഹിതിന്‍െറ ഇന്നിങ്സ്.
ആദ്യ മത്സരത്തിലെ അതേ ആവേശത്തോടെ ബാറ്റുവീശിയ കോഹ്ലി ഓസീസ് ബൗളിങ്ങിനെ വട്ടംകറക്കി. 33 പന്തില്‍നിന്ന് ഏഴു ഫോറും ഒരു സിക്സും ആ ബാറ്റില്‍നിന്ന് പാഞ്ഞു. ഒമ്പത് പന്തില്‍ 14 റണ്‍സെടുത്ത് ക്യാപ്റ്റന്‍ ധോണി ആന്‍ഡ്രൂ ടൈക്ക് വിക്കറ്റ് നല്‍കി മടങ്ങി. സുരേഷ് റെയ്ന റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് ഓസീസും തുടങ്ങിയത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (48 പന്തില്‍ 74) കത്തിക്കയറിയപ്പോള്‍ ഇന്ത്യന്‍ ടീം ഭയന്നതുപോലെ സംഭവിക്കുമോ എന്ന തോന്നലുണര്‍ന്നു. ഒന്നാം വിക്കറ്റില്‍ 9.5 ഓവറില്‍ 94 റണ്‍സാണ് ഓപണിങ് വിക്കറ്റില്‍ ഷോണ്‍ മാര്‍ഷിനൊപ്പം (23) ഫിഞ്ച് ചേര്‍ത്തത്. എന്നാല്‍, പിന്നീട് ആരില്‍നിന്നും പിന്തുണ ലഭിക്കാതിരുന്ന ഫിഞ്ച് അഞ്ചാമനായി പുറത്തായി. ഇതിനിടെ ക്രിസ് ലിന്‍ (രണ്ട്), ഗ്ളെന്‍ മാക്സ്വെല്‍ (ഒന്ന്), ഷെയ്ന്‍ വാട്സന്‍ (15) എന്നിവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ പവിലിയനിലേക്കയച്ചു. മാത്യു വെയ്ഡ് 16 റണ്‍സുമായി പുറത്താകാതെ നിന്നു. വാലറ്റത്ത് ഫോക്നറെ ജദേജയും ഹാസ്റ്റിങ്ങിനെയും ആന്‍ഡ്രൂ ടൈയിനെയും ബംറയും പുറത്താക്കി. ഇന്ത്യന്‍നിരയില്‍ രവീന്ദ്ര ജദേജയും ജസ്പ്രീത് ബംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അശ്വിന്‍, ഹര്‍ദിക് പാണ്ഡ്യ, യുവരാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.