അശ്വിനും ജഡേജയും എറിഞ്ഞു വീഴ്ത്തി; ഇന്ത്യൻ ജയം 208 റൺസിന്
text_fieldsഹൈദരാബാദ്: പ്രതീക്ഷിച്ചപോലെ ഇന്ത്യ തിങ്കളാഴ്ച വിജയദിനമാക്കി. വെറും വിജയമല്ല, ഗംഭീര വിജയം. നാലാം ദിവസം തുടങ്ങിവെച്ച വിക്കറ്റ് വേട്ട അവസാന ദിനവും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തുടര്‍ന്നതോടെ 459 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുവീശിയ ബംഗ്ളാകടുവകള്‍ 250 റണ്‍സിന് മെരുങ്ങി. ഇതോടെ ഇന്ത്യയുടെ വിജയം 208 റണ്‍സിന്. രണ്ടാം ഇന്നിങ്സില്‍ അശ്വിനും ജദേജയും നാലുവിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച്. ഈ മാസം ആസ്ട്രേലിയയോട് നാല് ടെസ്റ്റുകളില്‍ ഏറ്റുമുട്ടാനൊരുങ്ങുന്ന ഇന്ത്യ ഇതോടെ സര്‍വസജ്ജരായി ഒരുങ്ങിക്കഴിഞ്ഞു. സ്കോര്‍ ഒന്നാം ഇന്നിങ്സ് ഇന്ത്യ : 687/6ഡി., ബംഗ്ളാദേശ് 388. രണ്ടാം ഇന്നിങ്സ് ഇന്ത്യ:159/4ഡി., ബംഗ്ളാദേശ് 250.

ഏഴു വിക്കറ്റ് കൈയിലിരിക്കെ അവസാന ദിനം 90 ഓവര്‍ പിടിച്ചു നില്‍ക്കല്‍ പ്രയാസകരമാണെന്ന് നന്നായറിയാമായിരുന്ന ബംഗ്ളാദേശ് നിര ചെറുത്ത് നില്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. സ്പിന്നര്‍മാര്‍ക്ക് പാകമായി മാറിയ പിച്ചില്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത് ജദേജ. ക്രീസിലുണ്ടായിരുന്ന ശാക്കിബുല്‍ ഹസനെ (22) ഒരു റണ്‍സ് മാത്രം കൂട്ടിച്ചേര്‍ക്കാനേ ജദേജ അനുവദിച്ചുള്ളൂ. പന്ത് ചെറുക്കാന്‍ ശ്രമിച്ച ഓള്‍റൗണ്ടര്‍ക്ക് പിഴച്ചപ്പോള്‍ ബാറ്റില്‍തട്ടി ഉയര്‍ന്ന് പുജാരയുടെ കൈകളിലൊതുങ്ങി. പിന്നീടത്തെിയ മുഷ്ഫിഖുര്‍ റഹീമിനെ (23) നിലയുറപ്പിക്കാന്‍ അനുവദിക്കാതെ അശ്വിനും മടക്കി. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയുമായി ഇന്ത്യക്ക് തലവേദന ഉയര്‍ത്തിയ മുഷ്ഫിഖും ശാകിബും എളുപ്പം പുറത്തായത് ഇന്ത്യന്‍ നിരയെ ഉണര്‍ത്തിയെങ്കിലും, മറുവശത്ത് മഹ്മൂദുല്ല പ്രതിരോധം തുടരുന്നുണ്ടായിരുന്നു. പിന്നാലെ വന്ന സാബിര്‍ റഹ്മാനെ കൂട്ടുപിടിച്ച് മഹ്മൂദുല്ല സ്കോര്‍ ഉയര്‍ത്തി.

ഇശാന്ത് ശര്‍മ എല്‍.ബി.ഡബ്ള്യൂവില്‍ കുടുക്കിയാണ് സാബിര്‍ റഹ്മാനെ (22) പുറത്താക്കുന്നത്. അര്‍ധ സെഞ്ചറിയും കടന്ന് ക്രീസില്‍ നിലയുറപ്പിച്ച മഹ്മൂദുല്ലയെ (64) വീണ്ടും ഇശാന്ത് ശര്‍മ പുറത്താക്കിയതോടെ കളികൈവിട്ടെന്ന് ബംഗ്ളാദേശിന് ബോധ്യമായി. ഇതോടെ സ്കോര്‍ 7ന് 225 റണ്‍സായി. പിന്നീട് 25 റണ്‍സ് മാത്രം എടുക്കാന്‍ അനുവദിച്ച് മെഹ്ദി ഹസന്‍ (23), തെയ്ജുല്‍ ഇസ്ലാം (6) തസ്കീന്‍ അഹ്മദ് (1) എന്നിവരെ ജദേജയും അശ്വിനും ചേര്‍ന്ന് പുറത്താക്കിയതോടെ വിളിപ്പാടകലെ കാത്തിരുന്ന ജയം ഇന്ത്യയുടെ കൈക്കലായി. ജയത്തോടെ സ്വന്തം മണ്ണില്‍ 20 ടെസ്റ്റുകളില്‍ അപരാജിതരായി ടീം ഇന്ത്യ കുതിപ്പ് തുടരുകയാണ്. 2015ല്‍ ശ്രീലങ്കക്കെതിരെ തുടങ്ങി ആറ് തുടര്‍ച്ചയായ പരമ്പരകള്‍ ഇതോടെ ഇന്ത്യ കൈക്കലാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.