‘മെസ്സി പോകുമെന്ന് പറയുന്നവരേ, നാണിക്കൂ’
text_fieldsബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസ്സി പ്രീമിയർ ലീഗിലേക്ക് കൂടുമാറുമെന്ന് അഭ്യൂഹം പരത്തുന്നതിനെതിരെ രൂക്ഷമായ ഭാഷയിൽ ബാഴ്സലോണയുടെ പ്രതികരണം. ക്ലബ് പ്രസിഡൻറ് ജോസെപ് മരിയ ബർതൊമ്യുവാണ് ദേഷ്യത്തോടെ പ്രതികരിച്ച് ഇംഗ്ലീഷ് മാധ്യമങ്ങളുടെ അവകാശവാദങ്ങളെ തള്ളിയത്. ‘മെസ്സി ബാഴ്സലോണ വിടുമെന്ന് പറയുന്നവർ സ്വയം ലജ്ജിക്കണം.’–ബർതൊമ്യു പറഞ്ഞു. താനും പിതാവും സ്പെയിനിൽ നേരിടുന്ന നികുതിവെട്ടിപ്പ് കേസിൽ നിരാശനായി മെസ്സി സ്പാനിഷ് ലീഗ് വിട്ട് ഇംഗ്ലണ്ടിലേക്ക് വരുമെന്ന് കഴിഞ്ഞയാഴ്ച ‘ദ സൺ’ ആണ് റിപ്പോർട്ട് ചെയ്തത്. ഇത് ഫുട്ബാൾ ലോകത്ത് ചൂടേറിയ ചർച്ചകൾക്കാണ് വഴിവെച്ചത്.
‘പരിക്കിനോട് പൊരുതുന്ന മെസ്സി മഡ്രിഡ്–ബാഴ്സ ഗെയിമിനായി തിരിച്ചുവരാനുള്ള ഒരുക്കങ്ങളിലാണ്. എൽക്ലാസിക്കോ കളിക്കാനാകുമെന്ന് താരം പ്രതീക്ഷിക്കുന്നു. എന്നാൽ, പരിക്കുകൾ ഭേദമാകുന്നതിന് അവയുടേതായ സമയമെടുക്കും.’–മെസ്സിയുടെ തിരിച്ചുവരവിനെക്കുറിച്ച് പ്രസിഡൻറ് പറഞ്ഞു.
മറ്റൊരു ക്ലബിൽ കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്നാണ് മെസ്സിയും പിതാവും വ്യക്തമാക്കിയതെന്നും ബർതൊമ്യു അറിയിച്ചു. ‘മെസ്സി കുടുംബവുമായുള്ള ബന്ധം വളരെനല്ലനിലയിലാണ്. ഞങ്ങൾ ചർച്ചകളുടെ ഘട്ടത്തിലല്ല. സമയംവരുമ്പോൾ അത് വ്യക്തമാക്കപ്പെടും. മൂന്നു സീസണുകളിലേക്കുള്ള കരാർകൂടി മെസ്സിക്കുണ്ട്. സ്പാനിഷ് നികുതിപ്രശ്നത്തിൽ താരം രോഷാകുലനാണ്. മെസ്സിയെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട വിവരങ്ങൾ സാധാരണമല്ല. അദ്ദേഹത്തിെൻറ നികുതി ഉപദേശകർ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ മറ്റുള്ളവരെപ്പോലെ അവരും അതിന് വിലനൽകേണ്ടിവരും. നമ്മളെയെല്ലാവരെയും പോലെ മെസ്സി ആദരവ് അർഹിക്കുന്നു.’–ബർതൊമ്യു കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.