വിഡിയോഗ്രാഫര്‍ തട്ടിവീഴ്ത്തിയ സിറിയന്‍ അഭയാര്‍ഥിക്ക് റയല്‍ മാഡ്രിഡിന്‍െറ സ്വീകരണം
text_fieldsമഡ്രിഡ്: ഹംഗേറിയന്‍ അതിര്‍ത്തിയില്‍ വനിതാ വിഡിയോഗ്രാഫര്‍ തട്ടിവീഴ്ത്തിയ സിറിയന്‍ അഭയാര്‍ഥിക്കും കുടുംബത്തിനും റയല്‍ മഡ്രിഡ് ക്ളബിന്‍െറ സ്വീകരണം. സിറിയന്‍ സ്വദേശി ഉസാമ അബ്ദുല്‍ മുഹ്സിന്‍ അല്‍ ഗദാബിനും കുടുംബത്തിനുമാണ് സ്പാനിഷ് ക്ളബിന്‍െറ സൂപ്പര്‍ താരങ്ങളെ കാണാന്‍ അവസരം ലഭിച്ചത്. റയല്‍ മഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറന്‍റീന പെരസിന്‍െറ ക്ഷണമനുസരിച്ചാണ് സീനിയര്‍ ടീമംഗങ്ങളെ സന്ദര്‍ശിക്കാന്‍ ഉസാമയും കുടുംബവും വ്യാഴാഴ്ച സാന്‍റിയാഗോ ബെര്‍ണബ്യൂവിലെത്തിയത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കോച്ച് റാഫേല്‍ ബെനിറ്റസ് അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ലാലീഗയില്‍ ശനിയാഴ്ച നടക്കുന്ന ഗ്രനാഡെക്കതിരായ മത്സരം കാണാന്‍ റയല്‍ പ്രസിഡന്‍റിന്‍െറ വിരുന്നുകാരനായി ഉസാമയും കുടുംബവും സ്റ്റേഡിയത്തിലുണ്ടാകും. തന്‍െറയും കുടുംബത്തിന്‍െറയും ഇഷ്ട ടീമാണ് റയലെന്നും ലോകത്തിലെ ഏറ്റവും വലിയ ഫുട്ബാള്‍ ക്ളബിന്‍െറ മത്സരം നേരിട്ടു കാണുക എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുവെന്നും റയല്‍ മാഡ്രിഡ് പ്രസിഡന്‍റിനോട് നന്ദിയുണ്ടെന്നും ഉസാമ വ്യക്തമാക്കി.
തന്‍െറ മകനെയും ഒക്കത്തേറ്റി ഓടാന്‍ ശ്രമിച്ച ഉസാമ സിറിയയില്‍ ഐ.എസ് പിടിമുറുക്കിയ പ്രദേശത്ത് പ്രാദേശിക ഫുട്ബാള്‍ കോച്ചാണെന്ന വിവരം പുറത്തുവന്നിരുന്നു. പരിശീലകനാണെന്ന് തിരിച്ചറിഞ്ഞതോടെ സ്പെയിനിലെ പരിശീലകരെ പരിശീലിപ്പിക്കുന്ന ഒരു ഫുട്ബാള്‍ സ്കൂളിന്‍െറ കോച്ചായി ഇദ്ദേഹത്തിന് നിയമനം ലഭിക്കുകയും ചെയ്തു.
ഹംഗേറിയന്‍ ഗ്രാമമായ റോസ്കെയില്‍ വെച്ചാണ് ചാനല്‍ കാമറ വുമണ്‍ പെട്ര ലാസ് ലോ മുഹ്സിനെയും മകന്‍ സെയ്ദിനെയും കാല്‍ വെച്ചുവീഴ്ത്തിയത്. വലതുപക്ഷ സ്വഭാവമുള്ള ഓണ്‍ലൈന്‍ ചാനലിന്‍െറ വിഡിയോഗ്രാഫറാണ് ലാസ് ലോ. സംഭവത്തെ തുടര്‍ന്ന് വിഡിയോഗ്രാഫറെ ചാനല്‍ പുറത്താക്കിയിരുന്നു. പെട്രയുടെ നടപടിക്കെതിരെ അന്താരാഷ്ര്ട തലത്തില്‍ വന്‍ പ്രതിഷേധമാണുണ്ടായത്. അഭയാര്‍ഥികളോടുള്ള ഹംഗറിയുടെ യഥാര്‍ഥ നിലപാട് കാണിക്കുന്നതാണ് പെട്ര ലാസ് ലോയുടെ നടപടിയെന്ന് ആരോപണം വന്നു. മുഹ് സിനെ കാല്‍വെച്ച് വീഴ്ത്താന്‍ ശ്രമിച്ചതിന് പുറമെ പൊലീസിനെ കണ്ട് ഓടിയ മറ്റ് അഭയാര്‍ഥികളെ ലാസ് ലോ കാലുകൊണ്ട് തട്ടുകയും ചെയ്തിരുന്നു. ഇതിന്‍െറ വിഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
ഹംഗറിയിലൂടെ മുഹ്സിന്‍ എത്തിയത് ജര്‍മനിയിലാണ്. ജര്‍മന്‍ മാധ്യമങ്ങളോടാണ് താന്‍ പ്രാദേശിക തലത്തില്‍ ഫുട്ബാള്‍ പരിശീലകനാണെന്ന് അദ്ദേഹം പറഞ്ഞത്. ഇതോടെ സ്പെയിനിലെ ഗെറ്റാഫെയിലെ സെനാഫെ സ്കൂള്‍ ഇദ്ദേഹത്തെ പരിശീലകനായി നിയമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഗെറ്റാഫെയില്‍ ഇദ്ദേഹത്തിനും ഏഴുവയസ്സുകാരനായ മകനും അപ്പാര്‍ട്ട്മെന്‍റ് അടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കും. ലോകത്ത് ഫുട്ബാളിന് ഏറ്റവും കൂടുതല്‍ വേരോട്ടമുള്ള രാജ്യങ്ങളിലൊന്നായ സ്പെയിനില്‍ നിന്ന് ലഭിച്ച ജോലി വാഗ്ദാനം ഏറെ സാധ്യതകള്‍ മുഹ്സിന് മുന്നില്‍ തുറന്നിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.