68 വാര അകലെനിന്ന് അത്ഭുതഗോളുമായി റൂണി
text_fieldsലോസ് ആഞ്ജലസ്: സ്വന്തം ഹാഫിൽനിന്ന് എതിർവല തുളച്ച് വെയ്ൻ റൂണിയുടെ വണ്ടർ ഗോൾ. അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ ഒർലാൻഡോ സിറ്റിക്കെതിരായ മത്സരത്തിലായിരുന്നു ഡി.സി യുനൈറ്റഡിനായി മുൻ ഇംഗ്ലണ്ട് സ്ട്രൈക്കറുടെ 68 വാര അകലെനിന്നുള്ള ഗോൾ. മത്സരം റൂണിയുടെ ടീം 1-0ത്തിന് ജയിക്കുകയും ചെയ്തു.
മത്സരത്തിെൻറ പത്താം മിനിറ്റിലായിരുന്നു റൂണി മാജിക്. ഒർലാൻഡോയുടെ ആക്രമണം ഡി.സി ഗോൾമുഖത്ത് വിഫലമായശേഷം പന്ത് കിട്ടുേമ്പാൾ റൂണി സ്വന്തം ഹാഫിലായിരുന്നു. മുന്നിൽ ഒരു ഡിഫൻഡറുമുണ്ടായിരുന്നു. ഒന്ന് തലയുയർത്തിനോക്കിയ റൂണി എതിർ ഗോളി ബ്രയാൻ റോവ് അഡ്വാൻസ് ചെയ്ത് നിൽക്കുന്നത് കണ്ടു. പിന്നെ ഒന്നും നോക്കിയില്ല. റൂണിയുടെ കാലിൽനിന്ന് പന്ത് ഉയർന്നുപറന്നു. 18 വാര പെനാൽറ്റി ബോക്സിന് ഒാരത്തായിരുന്ന ഗോളി പിറകിലേക്ക് ഒാടി ഡൈവ് ചെയ്തെങ്കിലും കാര്യമുണ്ടായില്ല.
‘ഇത് ഞാൻ എത്രയോ തവണ പരിശീലിച്ച കാര്യമാണ്. കോച്ചുമാരും സഹകളിക്കാരുമൊക്കെ എന്നോട് ചോദിക്കാറുണ്ട്-ഇതുകൊണ്ട് മത്സരത്തിൽ എന്താണ് ഫലമെന്ന്? ഇതുപോലുള്ള ദിവസങ്ങളാണ് അവർക്ക് നൽകാനുള്ള ഉത്തരം’-റൂണി മത്സരശേഷം പറഞ്ഞു. റൂണി ഇത്തരം ഗോളുകൾ നേടുന്നത് ആദ്യമല്ല. 2017ൽ വെസ്റ്റ്ഹാം യുനൈറ്റഡിനെതിരെ എവർട്ടണിനായി സ്വന്തം ഹാഫിൽനിന്ന് ഗോളടിച്ചിട്ടുള്ള റൂണി 2014ൽ മാഞ്ചസ്റ്റർ യുനൈറ്റഡിനായി എതിർഹാഫിലേക്ക് കടന്നയുടനെയും സ്കോർ ചെയ്തിട്ടുണ്ട്.
രണ്ടു വട്ടമായി മൂന്ന് സീസൺ എവർട്ടണിനും നീണ്ട 13 വർഷം മാഞ്ചസ്റ്റർ യുനൈറ്റഡിനും പന്തുതട്ടിയ ശേഷം കഴിഞ്ഞ രണ്ടു സീസണുകളിലായി ഡി.സി യുനൈറ്റഡിന് കളിക്കുന്ന 33കാരൻ 33 മത്സരങ്ങളിൽ ക്ലബിനായി 18 ഗോൾ നേടിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.