അനിശ്ചിതത്വം മാറി; പേസിന് ഒളിമ്പിക്സ് ടിക്കറ്റ്
text_fieldsന്യൂഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ലിയാണ്ടര്‍ പേസ് ഒളിമ്പിക്സ് ടിക്കറ്റുറപ്പിച്ചു. ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന്‍ (എ.ഐ.ടി.എ) പ്രഖ്യാപിച്ച ഒളിമ്പിക്സ് ടീമില്‍ രോഹന്‍ ബൊപ്പണ്ണയുടെ ജോടിയായാണ് പേസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സകേത് മൈനേനിയെ തന്‍െറ സഖ്യമാക്കണമെന്ന ബൊപ്പണ്ണയുടെ അപേക്ഷ നിരസിച്ചാണ് എ.ഐ.ടി.എ പേസിന് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ഇതോടെ ഏഴ് ഒളിമ്പിക്സ് കളിക്കുന്ന താരമെന്ന റെക്കോഡ് പേസിന് സ്വന്തമാകും. മിക്സഡ് ഡബ്ള്‍സില്‍ സാനിയ-ബൊപ്പണ്ണ സഖ്യമാണ് ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. വനിതാ ഡബ്ള്‍സില്‍ പ്രാര്‍ഥന തോംബാറാണ് സാനിയയുടെ പങ്കാളി.
പേസിനെ ഒഴിവാക്കണമെന്നും സകേത് മൈനേനിയെ ടീമിലുള്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് അസോസിയേഷന് ബൊപ്പണ്ണ കത്ത് നല്‍കിയിരുന്നു. എന്നാല്‍, മെഡല്‍ സാധ്യത കൂടുതല്‍ ബൊപ്പണ്ണ-പേസ് സഖ്യത്തിനാണെന്ന് ചൂണ്ടിക്കാണിച്ചാണ് മൈനേനിയെ ഒഴിവാക്കിയതെന്ന് എ.ഐ.ടി.എ പ്രസിഡന്‍റ് അനില്‍ ഖന്ന പറഞ്ഞു. വ്യക്തിതാല്‍പര്യങ്ങളേക്കാള്‍ രാജ്യതാല്‍പര്യമാണ് നോക്കേണ്ടത്. ഇന്ത്യക്ക് ഈ ഒളിമ്പിക്സില്‍ കിട്ടാവുന്നതില്‍ ഏറ്റവും നല്ല ജോടിയാണ് പേസ്-ബൊപ്പണ്ണ സഖ്യമെന്നും ഖന്ന പറഞ്ഞു.
അതേസമയം, അസോസിയേഷന്‍െറ തീരുമാനം അംഗീകരിക്കുന്നുവെന്നും ആദരിക്കുന്നുവെന്നും ബൊപ്പണ്ണ പ്രസ്താവനയില്‍ അറിയിച്ചു.
2012 ഒളിമ്പിക്സിലും പേസിന്‍െറ പങ്കാളിത്തത്തെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. അന്ന് മഹേഷ് ഭൂപതിയും ബൊപ്പണ്ണയും പേസിനൊപ്പം കളിക്കാനാവില്ളെന്ന നിലപാടെടുത്ത് രംഗത്തുവന്നിരുന്നു. തുടര്‍ന്ന് വിഷ്ണുവര്‍ധനൊപ്പമാണ് പേസ് കളിക്കാനിറങ്ങിയത്. ഫ്രഞ്ച് ഓപണ്‍ മിക്സഡ് ഡബ്ള്‍സില്‍ കിരീടമുയര്‍ത്തി മികച്ച ഫോമിലാണ് പേസ്. എന്നാല്‍, തങ്ങളുടെ ശൈലി വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ബൊപ്പണ്ണ, പേസിനെ ഒഴിവാക്കണമെന്ന് ആവശ്യമുന്നയിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.