സുബ്രതോ കപ്പ്: അണ്ടർ 15 ആൺ. മത്സരങ്ങൾക്ക് ഇന്ന് തുടക്കം
text_fieldsമഞ്ചേരി: സുബ്രതോ കപ്പ് മത്സരങ്ങൾ കടമ കഴിക്കാൻ മാത്രം സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതോടെ ദുരിതത്തിലായി കായികതാരങ്ങൾ. അണ്ടർ 15 ആൺകുട്ടികളുടെ മത്സരങ്ങൾക്ക് ഇന്ന് പാലക്കാട് തുടക്കമാകുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് ഉത്തരവിറങ്ങിയതാകട്ടെ വെള്ളിയാഴ്ച ഉച്ചക്കും. ഇതോടെ രജിസ്റ്റർ ചെയ്ത ടീമുകൾക്ക് പോലും പാലക്കാട് എത്താൻ പോലും മതിയായ സമയം ലഭിച്ചില്ലെന്ന വിമർശനം ഉയർന്നു. ആഗസ്റ്റ് 10 മുതൽ 16 വരെ പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
16 പൂളുകളാക്കി തിരിച്ചാണ് മത്സരങ്ങൾ. 390 സ്കൂളുകൾ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. പങ്കെടുക്കാനെത്തുന്ന കായിക താരങ്ങൾക്കും അധ്യാപകർക്കും വിവിധ വിദ്യാലയങ്ങളിലാണ് താമസിക്കാൻ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. നേരത്തേ നിർദേശം ലഭിക്കാത്തതിനാൽ എത്ര ടീമുകൾ പങ്കെടുക്കുമെന്ന് കണ്ടറിയണം. 2000 രൂപ രജിസ്ട്രേഷൻ ഫീസ് ഈടാക്കിയിട്ടുമുണ്ട്. പല സ്റ്റേഡിയങ്ങളും സംസ്ഥാന മത്സരങ്ങൾ നടത്താനുള്ള സൗകര്യമില്ലെന്ന് കായികാധ്യാപകർതന്നെ പറയുന്നു.
സബ് ജില്ല മത്സരങ്ങൾ സംഘടിപ്പിക്കാതെ സംസ്ഥാന മത്സരങ്ങൾ നേരിട്ടാണ് സംഘടിപ്പിക്കുന്നത്. ഇതാണ് ടീമുകളുടെ എണ്ണവും ക്രമാതീമായി വർധിക്കാൻ കാരണം. ഈ മാസം നാല് മുതൽ ആറ് വരെ പാലക്കാട് വെച്ചുതന്നെയാണ് അണ്ടർ 17 പെൺകുട്ടികളുടെ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നത്. മത്സരങ്ങൾ സംഘടിപ്പിക്കാൻ സംഘാടകരെ ലഭിക്കാതെ വന്നതോടെയാണ് പേരിന് മാത്രം ടൂർണമെന്റ് സംഘടിപ്പിച്ച് വിദ്യാർഥികളെ പരീക്ഷിക്കുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കായികാധ്യാപകർ നിസ്സഹകരണ സമരത്തിലാണ്. ഇതാണ് ടൂർണമെന്റ് വൈകാനും ഇടയാക്കിയത്.
വിദ്യാർഥികളെ വട്ടംകറക്കി സംഘാടകർ
മതിയായ സൗകര്യങ്ങളും നിർദേശങ്ങളും നൽകാതെ മത്സരങ്ങൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതോടെ വിദ്യാർഥികളും കായികാധ്യാപകരും വട്ടംകറങ്ങി. കാവനൂർ സി.എച്ച്.എം.കെ.എം ഹയർസെക്കൻഡറി സ്കൂളിലെ താരങ്ങളും അധ്യാപകരുമാണ് അധികൃതരുടെ നിസ്സംഗതമൂലം വട്ടംകറങ്ങിയത്. പൂൾ ആറിൽ ഉൾപ്പെട്ട 25 ടീമുകളുടെ മത്സരങ്ങൾ കല്ലടി എം.ഇ.എസ് കോളജിലാണ് സംഘടിപ്പിക്കുമെന്ന് ഉത്തരവിൽ പറഞ്ഞിരുന്നത്. ഇതുപ്രകാരം സ്കൂളിലെ 18 അംഗ സംഘം ശനിയാഴ്ച വൈകീട്ടോടെ കോളജിലെത്തിയെങ്കിലും ഇവിടെ ആരും ഉണ്ടായിരുന്നില്ല. പിന്നീട് ഡി.ഡി.ഇയുമായി ബന്ധപ്പെട്ടതോടെയാണ് മത്സരങ്ങൾ പട്ടാമ്പിയിലേക്ക് മാറ്റിയ വിവരം അറിയുന്നത്. വേദി മാറ്റിയ വിവരമോ മറ്റോ ഒരു നിർദേശവും സ്കൂളിന് ലഭിച്ചില്ലെന്ന് അധ്യാപകർ പറഞ്ഞു. ഇതോടെ വിദ്യാർഥികളുമായി രാത്രിയോടെ പട്ടാമ്പിയിലേക്കും യാത്രതിരിക്കേണ്ടി വന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.