കൂൾ കൂൾ സിന്നർ
text_fieldsവിംബിൾഡൺ ചരിത്രത്തിൽ ആദ്യമായി ഒരു ഇറ്റലിക്കാരൻ കപ്പുയർത്തിയിരിക്കുന്നു. അതും കഴിഞ്ഞ രണ്ടുതവണ വിംബിൾഡൺ ചാമ്പ്യനായ കാർലോസ് അൽകാരസിനെ ഒരു സെറ്റിന് പിറകിൽനിന്നശേഷം തുടർച്ചയായ മൂന്നുസെറ്റ് പൊരുതി നേടിയെടുത്ത മനോഹര വിജയം. കളിക്കളത്തിൽ അതിരുവിട്ട ആഹ്ലാദപ്രകടനമോ ശബ്ദകോലാഹലമോ ഉണ്ടാക്കാതെ വളരെ അനായാസമായി നേടിയ വിജയമായിരുന്നു ഇന്നലത്തെ യാനിക് സിന്നറിന്റെ വിജയം. 23 വയസ്സേ ഉള്ളൂവെങ്കിലും കളിക്കളത്തിലെ സിന്നറിന്റെ പെരുമാറ്റം ധാരാളം അനുഭവസമ്പത്തുള്ള കായികപ്രതിഭകളുടേത് പോലെയാണ്.
അവനൊരു അസാധാരണ യുവാവാണെന്നും സിന്നറിന്റെ കോച്ച് ആസ്േട്രലിയക്കാരനായ ഡാരൻ കാഹിൽ സാക്ഷ്യപ്പെടുത്തുന്നു. ജിമ്മി കോണേഴ്സ്, പീറ്റ് സാംപ്രാസ്, റോജർ ഫെഡറർ, റഫാൽ നദാലിനും ശേഷം മൂന്നു ഗ്രാൻഡ് സ്‍ലാമുകൾ 23 വയസ്സിനുള്ളിൽ സ്വന്തമാക്കിയ താരമായി മാറിയിരിക്കുന്നു സിന്നറും.
കായികലോകത്ത് ജയപരാജയങ്ങൾ മാറിയും മറിഞ്ഞും വരുമെങ്കിലും ചില മധുര പ്രതികാരങ്ങൾ കാണേണ്ടതു തന്നെയാണ്. തുടർച്ചയായി മൂന്ന് ഗ്രാൻഡ് സ്‍ലാം ടൂർണമെന്റ് ഫൈനലുകളിൽ റോജർ ഫെഡററും റഫാൽ നദാലും ഏറ്റുമുട്ടിയതിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു സിന്നറും അൽകാരസും തമ്മിലുള്ള മൽസരവും. ഇനിയുള്ള ടൂർണമെന്റുകളിലും ഇവർതന്നെയാവാനുള്ള സാധ്യതയും തള്ളാനാവില്ല.
ഇന്നലെ റോളങ്ഗാരോസിെല പുൽകോർട്ടിലും കണ്ടത് അത്തരമൊരു മൽസരമായിരുന്നു. ഫ്രഞ്ച് ഓപ്പണിൽ രണ്ടുസെറ്റുകൾക്ക് മുന്നിട്ടുനിന്നിരുന്ന സിന്നറെ വർധിത വീര്യത്തോടെ നേരിടുകയായിരുന്നു അൽകാരസ്. തന്റെ സ്വതസിദ്ധമായ തീയുണ്ട കണക്കെയുള്ള എയ്സുകൾക്ക് മുന്നിൽ സിന്നറിന് അടിപതറുകയായിരുന്നു. അന്നത്തെ കാർലോസിന്റെ ആവേശ പ്രകടനങ്ങളെവെച്ച് താരതമ്യം ചെയ്യുമ്പോൾ സിന്നർ എത്ര സിംപിളാണെന്ന് തോന്നിപ്പോകും. ഒന്നാം നമ്പർ കോർട്ടിൽ ആദ്യ സെറ്റ് നഷ്ടമായപ്പോൾ കാണികൾ വിധിയെഴുതിയത് ഫ്രഞ്ച് ഓപ്പണിന്റെ ആവർത്തനമാവുമെന്നാണ്.
പക്ഷേ പിന്നീടങ്ങോട് സിന്നറിന്റെ ശക്തമായ ബാക് ഹാൻഡുകൾക്കും ലൈനിലേക്കുള്ള ലോങ് വോളികൾക്കും മുന്നിൽ പതറുന്ന അൽകാരസിനെയാണ്. ഡബിൾഫോൾട്ടുകളും ദുർബലമായ ഡ്രോപ് ഷോട്ടുകളും നെറ്റിൽ വിശ്രമിച്ചപ്പോൾ അർകാരസ് തീർത്തും നിരാശനായി. അപ്പോഴും യാതൊരു ഭാവമാറ്റവുമില്ലാതെ ചാടി ഉയർന്നുള്ള തന്റെ ബാക്ഹാൻഡ് ഷോട്ടുകൾകൊണ്ട് അൽകാരസിന്റെ മനക്കോട്ടകൾ തകർക്കുകയായിരുന്നു സിന്നർ. തുടർന്നുള്ള രണ്ട് സെറ്റുകൾ സിന്നർ നേടിയപ്പോഴേക്കും അൽകാരസിന്റെ ശരീരഭാഷ പരാജയം സമ്മതിച്ചിരുന്നു.
നാലാം സെറ്റിൽ അൽകാരസിന്റെ സർവിസ് ബ്രേക് ചെയ്തതോടെ മൽസരഫലം ഏതാണ്ട് ഉറപ്പായിരുന്നു. കാണികൾ പലപ്പോഴും കാർലോസ് എന്നുവിളിക്കുമ്പോഴും ഒരുതിരിച്ചുവരവിന് സാധ്യമല്ലാത്തവിധം അശക്തനായിരുന്നു അയാൾ. 6-4 ന് സെറ്റ് സ്വന്തമാക്കി ഒരു ഇറ്റാലിക്കാരൻ സ്പാനിഷുകാരനുമേൽ വിജയമാഘോഷിക്കുകയായിരുന്നു. അതും ഒരു താരജാഡയുമില്ലാതെ ഇരുകൈകളുമുയർത്തി മാത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.