സിംഗിൾ പേരന്‍റിങ് ഒട്ടും എളുപ്പമല്ല, ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞ് സാനിയ മിർസ
text_fieldsസിംഗിൾ പേരന്റിങ് ബുദ്ധിമുട്ടേറിയതെന്ന് തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിർസ. മകൻ ഇഷാൻ മിർസ മാലിക്കിനെ ഒറ്റക്ക് വളർത്തുന്നതിൽ ഒരുപാട് പ്രതിസന്ധികൾ നേരിടുന്നുണ്ട്. മറ്റ് ജോലികൾക്കൊപ്പം ഒറ്റക്ക് ഒരു കുട്ടിയെ വളർത്തുക എന്നത് വെല്ലുവിളി നിറഞ്ഞതാണെന്നും വളരെ പ്രയാസമേറിയതാണെന്നും സാനിയ മിർസ തുറന്നു പറഞ്ഞു.
കരൺ ജോഹർ ഷോയിൽ സംസാരിക്കവെയാണ് വിവാഹ മോചനത്തിന് ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സാനിയ മനസ് തുറന്നത്. സിംഗിൾ പേരന്റിങ്ങിനെ 'വെല്ലുവിളി നിറഞ്ഞ ജോലി' എന്നാണ് സാനിയ വിശേഷിപ്പിച്ചത്. 'എനിക്ക്, സിംഗിൾ പാരന്റിങ് ബുദ്ധിമുട്ടാണ്, കാരണം ഞാൻ മറ്റ് ജോലികളും പല വ്യത്യസ്ത കാര്യങ്ങളും ചെയ്യുന്നുണ്ട്'- സാനിയ പറഞ്ഞു.
സാനിയയെ സംബന്ധിച്ചിടത്തോളം രണ്ടു ജീവിതവും ജോലിയും രണ്ടു രാജ്യങ്ങളിൽ ആകുന്നതിനാൽ പ്രത്യേകിച്ചും വെല്ലുവിളി നേരിടുന്നുണ്ടാകുമെന്ന് സംഭാഷണത്തിനിടെ കരൺ ജോഹറും സമ്മതിച്ചു.
ജോലിക്കായി ഇന്ത്യയിലേക്ക് പോകേണ്ടിവരുമ്പോഴെല്ലാം മകനെ ദുബായിൽ തനിച്ചാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരാഴ്ചത്തേക്ക് ഒക്കെ മാറി നിൽക്കേണ്ടി വരാറുണ്ട്. അത് ഏറെ പ്രയാസം ഉണ്ടാക്കാറുണ്ടെന്നും സാനിയ പറയുന്നു. വിവാഹ മോചനത്തിന് ശേഷം അനുഭവപ്പെടുന്ന ഏകാന്തതയെ കുറിച്ചും സാനിയ പറഞ്ഞു.
ഒറ്റക്ക് ഭക്ഷണം കഴിക്കേണ്ടി വരുന്നതിനാൽ പലപ്പോഴും അത്താഴം തന്നെ ഒഴിവാക്കുകയാണ് പതിവ്. അത് ശരീരഭാരം കുറക്കാൻ സഹായിക്കുന്നുണ്ടെങ്കിലും തനിയെ ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നില്ല. തനിച്ചിരുന്ന് അത്താഴം കഴിക്കുന്നതിന് പകരം എന്തെങ്കിലും കണ്ട് ഉറങ്ങാൻ കിടക്കുകയാണ് പതിവെന്നും സാനിയ പറഞ്ഞു.
പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കുമായുള്ള സാനിയ മിർസയുടെ വിവാഹം 2010 ലാണ് നടന്നത്. 2018 ലാണ് മകൻ ഇഷാൻ മിർസ മാലിക് പിറന്നത്. 2024 ൽ 14 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു. സാനിയയുടെ വിവാഹവും വിവാഹമോചനവും ശുഐബിന്‍റെ പുനർവിവാഹവും എല്ലാം വലിയ മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇഷാൻ സാനിയക്കൊപ്പം ദുബായിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

