വിംബിൾഡൺ: മത്സര ചിത്രമായി; അൽകാരസിന് ആദ്യ അങ്കം ഫോഗ്നിനിക്കെതിരെ
text_fieldsലണ്ടൻ: ടെന്നിസിലെ ഗ്ലാമർ ഗ്രാൻഡ് സ്ലാമായ വിംബിൾഡണിൽ മത്സരചിത്രമായി. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് തിങ്കളാഴ്ച ആരംഭിക്കുന്ന മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയായത്. വിംബിൾഡണിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിടുന്ന കാർലോസ് അൽകാരസിന് സെന്റർ കോർട്ടിലെ ആദ്യ റൗണ്ടിൽ ഫാബിയോ ഫൊഗ്നിനിയാണ് എതിരാളി.
ഫ്രഞ്ച് ഓപൺ ഫൈനലിൽ അഞ്ചു സെറ്റ് നീണ്ട ത്രില്ലർ പോരിൽ അൽകാരസിന് മുന്നിൽ വീണ ടോപ് സീഡ് ജാനിക് സിന്നർക്ക് സഹനാട്ടുകാരനായ ലൂക നാർഡിയുമായാണ് മത്സരം. വിംബിൾഡണിൽ എട്ടു കിരീടമെന്ന ഫെഡററുടെ റെക്കോഡ് ഭേദിക്കാനിറങ്ങുന്ന ആറാം സീഡായ ഇതിഹാസതാരം നൊവാക് ദ്യോകോവിച്ച് ഫ്രാൻസിന്റെ ലോക 40ാം നമ്പർ താരം അലക്സാണ്ടർ മുള്ളർക്കെതിരെ റാക്കറ്റേന്തും.വനിതകളിൽ നിലവിലെ ചാമ്പ്യൻ ബാർബറ ക്രെച്സികോവക്ക് ഫിലിപ്പീൻസുകാരിയായ എലിസബത്ത കോക്സിയാറെറ്റോയുമായാണ് ആദ്യ മുഖാമുഖം.
കഴിഞ്ഞ വർഷത്തെ റണ്ണറപ്പും നാലാം സീഡുമായ ജാസ്മിൻ പവോലിനി വിംബിൾഡണിൽ കിരീടപ്പോര് തുടങ്ങുക അനസ്റ്റാസിജ സെവസ്റ്റോവക്കെതിരെയാകും. അട്ടിമറികൾ നടന്നില്ലെങ്കിൽ ക്വാർട്ടറിൽ ജാനിക് സിന്നർ- ലോറൻസോ മുസെറ്റി, ജാക് ഡ്രേപർ- ദ്യോകോവിച്, അൽകാരസ്- ഹോൾഗർ റൂണെ, അലക്സാണ്ടർ സ്വരേവ്- ടെയ്‍ലർ ഫ്രിറ്റ്സ് മത്സരങ്ങളും വനിതകളിൽ അരിന സബലെങ്ക- മാഡിസൺ കീസ്, ജാസ്മിൻ പവോലിനി- ഷെങ് ക്വിൻവെൻ, കൊകോ ഗോഫ്- ഇഗ സ്വിയാറ്റെക്, ജെസ്സിക പെഗുല- മിറ- ആൻഡ്രീവ പോരാട്ടങ്ങളും കാണാം. പുരുഷ ഫൈനലിൽ ഫ്രഞ്ച് ഓപൺ ഫൈനൽ തനിയാവർത്തനമായി അൽകാരസ്- സിന്നർ കിരീടപ്പോരും പ്രതീക്ഷിക്കാം.
വമ്പന്മാർ വലിയ വിജയങ്ങൾ പ്രതീക്ഷിക്കുന്ന സെന്റർ കോർട്ടിൽ പക്ഷേ, താരത്തിളക്കമില്ലെങ്കിലും വൻവിജയം പ്രതീക്ഷിച്ച് ബെൻ ഷെൽട്ടൺ, ടോമി പോൾ, അലക്സാണ്ടർ ബുബ്‍ലിക് തുടങ്ങിയ താരങ്ങളുണ്ട്. തിങ്കളാഴ്ച ആരംഭിക്കുന്ന ടൂർണമെന്റിൽ അവസാന പോരാട്ടം ജൂലൈ 13നാകും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.