ടെന്നിസിൽ ഇനി ‘സിൻകാരസ്’ യുഗം
text_fieldsകാർലോസ് അൽകാരസും ജാനിക് സിന്നറും
വാഷിങ്ടൺ: 2025ന്റെ ആരംഭത്തിൽ മെൽബൺ പാർക്കിൽ തുടങ്ങി റോളണ്ട് ഗാരോസും വിംബിൾഡണും പിന്നിട്ട് ഫ്ലഷിങ് മെഡോസിൽ 2025ലെ ഗ്രാൻഡ് സ്ലാം ടെന്നിസിന്റെ ഗ്ലാമർ കാഴ്ചകൾ അവസാനിക്കാനൊരുങ്ങുമ്പോൾ ‘സിൻകാരസ്’ യുഗത്തിന്റെ പ്രഖ്യാപനമാകുമോ? നാളെ ഫ്ലഷിങ് മെഡോസിൽ അവസാന ഗ്രാൻഡ് സ്ലാമായ യു.എസ് ഓപണിന് തുടക്കമാകുമ്പോൾ കലാശപ്പോരിൽ കാർലോസ് അൽകാരസും ജാനിക് സിന്നറും തന്നെയാകുമോ മുഖാമുഖം?
റോജർ ഫെഡററും റാഫേൽ നദാലും മാത്രം ചിത്രത്തിൽ നിറഞ്ഞ വർഷങ്ങൾക്കിടെ, കിരീടങ്ങളേറെ വാരിക്കൂട്ടി അവരെയും കടന്ന് ജയിച്ചുനിന്ന നൊവാക് ദ്യോകോവിച്ചും വാണതായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ നീണ്ട പുരുഷ ടെന്നിസ്.
വനിതകളിൽ ചെറിയ ഇടവേളകളിൽ ചാമ്പ്യന്മാർ മാറിമാറി വന്നപ്പോൾ ആദ്യം ഫെഡ് എക്സ്പ്രസും പിറകെ റഫയും ഒടുവിൽ ദ്യോകോയും പോര് കനപ്പിക്കാനാകാതെ പിൻനിരയിലായിടത്താണ് സ്പാനിഷ്-ഇറ്റാലിയൻ കരുത്തരുടെ ജൈത്രയാത്രകൾ. ഏറ്റവുമൊടുവിൽ യു.എസ് ഓപൺ കർട്ടൻ റെയ്സറായ സിൻസിനാറ്റി ഓപണിലും ഫൈനൽ കളിച്ചത് ഇരുവരും. എല്ലാ തലങ്ങളിലും ഒരേ മികവോടെ, കരുത്തുകാട്ടുന്നതാണ് സിന്നറെയും അൽകാരസിനെയും ആദ്യ റാങ്കുകാർ മാത്രമല്ല, ഗ്രാൻഡ് സ്ലാമുകളിലെ കിരീട ഫാവറിറ്റുകളുമാക്കി നിലനിർത്തുന്നത്. ഈ വർഷം പൂർത്തിയായ മൂന്ന് ഗ്രാൻഡ് സ്ലാമുകളിലും കിരീടം പങ്കിട്ടത് ഇവർ തമ്മിലാണ്.
ആസ്ട്രേലിയൻ ഓപണിൽ സ്വരേവിനെ വീഴ്ത്തി സിന്നർ ചാമ്പ്യനായപ്പോൾ ഫ്രഞ്ച് ഓപൺ അൽകാരസിനൊപ്പം നിന്നു. ക്ലേ കോർട്ടിലെ സമീപകാല അങ്കങ്ങളിൽ ഏറ്റവും മികച്ചത് ജയിച്ചായിരുന്നു അന്ന് യുവതാരം ജയവും കിരീടവുമായി മടങ്ങിയത്. ഒരു മാസം കഴിഞ്ഞ് കളിയും പോരും വിംബിൾഡണിലെത്തിയപ്പോൾ ഒരു ഗ്രാൻഡ് സ്ലാം ഫൈനൽ പോലും തോറ്റില്ലെന്ന ഖ്യാതിയുമായാണ് അൽകാരസ് തുടങ്ങിയത്.
ആദ്യം സെറ്റ് നേടി ആധിപത്യം കാട്ടിയ താരത്തെ പിന്നീട് വാഴാൻ വിടാതെ തുടർച്ചയായ മൂന്ന് സെറ്റും തന്റെ പേരിലാക്കി സിന്നർ ഇനി വരാനിരിക്കുന്നതിന്റെ സൂചന നൽകി. പുരുഷ ടെന്നിസിൽ മെദ്വദേവും സ്വരേവും പിന്നെ അനേകം പേരുമുണ്ടെങ്കിലും ഇന്നിപ്പോൾ ഇവർ രണ്ടുപേരും തമ്മിലെ പോരാട്ടമാണ് ലോകം കാത്തിരിക്കുന്നത്. അതിവേഗവും കണിശതയും ഒപ്പം ബുദ്ധിയും സമം ചേർന്ന് കോർട്ട് നിറയുന്ന പോരാട്ടത്തിന് പഴയ ഫെഡറർ-നദാൽ പോരാട്ടത്തിന്റെ ചൂടും ചൂരുമുണ്ട്.
‘‘ജാനികിനെതിരെ മഹത്തായ പോര് സൃഷ്ടിച്ചെടുക്കാനായതിൽ വലിയ സന്തോഷ’മുണ്ടെന്ന് അൽകാരസ് പറയുന്നു. തുടർച്ചയായി ഗ്രാൻഡ് സ്ലാം കിരീടങ്ങൾ പങ്കുവെച്ചതിന്റെ റെക്കോഡ് ഫെഡറർക്കും നദാലിനുമിടയിലാണ്- 2005നും 2007നുമിടയിൽ 11 എണ്ണം. ഫെഡറർ എട്ടും നദാൽ മൂന്നും. 2008ലെ ആസ്ട്രേലിയൻ ഓപണിൽ ദ്യോകോവിച്ചാണ് അത് പൊളിച്ചത്. പിന്നീട്, നദാലും ദ്യോകോയും തമ്മിൽ ഒമ്പത് കിരീടങ്ങൾ തുടർച്ചയായി പങ്കിട്ടത് രണ്ടു തവണ. അവർക്കു ശേഷം സിന്നർ-അൽകാരസ് ദ്വയമാണ്- ഏഴു തവണ. സിന്നർ നാലും അൽകാരസ് മൂന്നും കിരീടങ്ങൾ.
ഇരുവർക്കുമിടയിലെ മുഖാമുഖങ്ങളിൽ 9-5ന് അൽകാരസ് മുന്നിട്ടുനിൽക്കുന്നെങ്കിലും കരുത്തിനെതിരെ സ്ഥിരത കൊണ്ട് സിന്നർ പിടിച്ചുനിൽക്കുന്നതാണ് കോർട്ടിലെ കാഴ്ചകൾ. റോളണ്ട് ഗാരോസിൽ അഞ്ചര മണിക്കൂർ നീണ്ട കഴിഞ്ഞ ഫൈനൽ ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും സമയമെടുത്ത മത്സരമാണ്. ഗ്രാൻഡ് സ്ലാമുകളിൽ രണ്ടാമത്തേതും. ന്യൂയോർക്കിലും ഇരുവരിലൊരാൾ തന്നെ കപ്പുയർത്തിയാൽ പ്രായമേറെ ബാക്കിനിൽക്കെ, ടെന്നിസിൽ ഇരുവർക്കും മുന്നിൽ വഴിമാറാൻ ചരിത്രമേറെ ബാക്കി...
ദ്യോകോക്ക് മുന്നിൽ കടമ്പകളേറെ
ന്യൂയോർക്: നാളെ തുടക്കമാകുന്ന യു.എസ് ഓപണിൽ 25ാം ഗ്രാൻഡ് സ്ലാം കിരീടം തേടിയിറങ്ങുന്ന നൊവാക് ദ്യോകോവിച്ചിനെ കാത്ത് തുടക്കം മുതൽ കടുത്ത പോരാട്ടങ്ങൾ. ഹോൾഗർ റൂൺ, ഫ്രാൻസിസ് ടിയാഫോ എന്നിങ്ങനെ പ്രമുഖരെ നേരത്തെ കടന്നാൽ കഴിഞ്ഞ വർഷത്തെ റണ്ണേഴ്സപ്പായ ടെയ്ലർ ഫ്രിറ്റ്സിനെ ക്വാർട്ടറിൽ നേരിടേണ്ടിവന്നേക്കും.
ദ്യോകോവിച്ച്
അൽകാരസുമായി സെമി പോരാട്ടമെന്ന വെല്ലുവിളിയും കാത്തിരിക്കുന്നുണ്ട്. അൽകാരസിന് ഡാനിൽ മെദ്വദേവ്, ബെൻ ഷെൽട്ടൺ, കാസ്പർ റൂഡ് തുടങ്ങിയവരുമായിട്ടാകും മത്സരങ്ങൾ. അതേ സമയം, ജാനിക് സിന്നറിന് അലക്സി പൊപിറിൻ, ജാക് ഡ്രേപർ, അലക്സാണ്ടർ സ്വരേവ് തുടങ്ങിയവർക്കെതിരെ അങ്കം കുറിക്കാനുണ്ട്. ഗ്രാൻഡ് സ്ലാമുകളിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ളതാണ് യു.എസ് ഓപൺ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.