മുൻ ഇന്ത്യൻ ഹോക്കി താരം ഡോ. വെസ് പേസ് അന്തരിച്ചു
text_fieldsകൊൽക്കത്ത: മുൻ അന്താരാഷ്ട്ര ഹോക്കി താരവും ടെന്നിസ് ഇതിഹാസം ലിയാൻഡർ പേസിന്റെ പിതാവുമായ ഡോ. വെസ് പേസ് അന്തരിച്ചു. 80 വയസ്സായിരുന്നു. 1971ലെ ബാഴ്സലോണ ലോകകപ്പിലും 1972ലെ മ്യൂണിക് ഒളിമ്പിക്സിലും ഇന്ത്യക്ക് വെങ്കല മെഡലുകൾ സമ്മാനിച്ച സംഘത്തിൽ അംഗമായിരുന്നു വെസ്.
പാർക്കിൻസൺസ് രോഗത്തിന് ചികിത്സയിലിരിക്കെ കൊൽക്കത്തയിലെ ആശുപത്രിയിലാണ് മരണം. 1945 ഏപ്രിൽ 30ന് ഗോവയിലാണ് പേസ് ജനിച്ചത്. ഫുട്ബാളിലും ക്രിക്കറ്റിലും റഗ്ബിയിലുമെല്ലാം ഒരു കൈ നോക്കി പിന്നീട് ഹോക്കിയിൽ സജീവമായി. ഇന്ത്യൻ ടീമിൽ മിഡ്ഫീൽഡറായിരുന്നു. സ്പോർട്സ് ഫിസിഷ്യനായും ശോഭിച്ച ഡോ. വെസ് പേസ്, കായിക ഭരണരംഗത്തും വിവിധ ചുമതലകൾ വഹിച്ചു. ലിയാൻഡറിന്റെ മാനേജറായും വെസ് പ്രവർത്തിച്ചു.
ഇന്ത്യയുടെ ഡേവിസ് കപ്പ് ടെന്നിസ് ടീം ഡോക്ടറുമായിരുന്നു. 1996ൽ ഇന്ത്യൻ റഗ്ബി ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റായി. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെയും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെയും കൺസൽട്ടന്റായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.