മെസ്സിത്തള്ളിൽ മിസ്സാകുന്നത്
text_fields‘മെസ്സി വരുമോ, ഇല്ലയോ...' കായികകേരളത്തിന്റെ വികസന ചർച്ച മുഴുവൻ ഈയൊരു വിഷയത്തിൽ മാത്രമായി ചുരുങ്ങിയിരിക്കുകയാണിന്ന്. രാജ്യത്തിന്റെ കായിക തലസ്ഥാനമെന്ന പെരുമയുണ്ടായിരുന്ന കേരളത്തിന്റെ മികവും മിന്നിത്തിളക്കവും നന്നേ ചുരുങ്ങിപ്പോയിരിക്കുന്ന ഇക്കാലത്ത് അതെല്ലാം മറച്ചുപിടിക്കാനുള്ള തള്ളു മാത്രമായിരുന്നോ കായികമന്ത്രിയുടെ പ്രഖ്യാപനം? ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയുടെയും അർജന്റീന ടീമിന്റെയും കേരള സന്ദർശനമെന്ന നടക്കാത്ത സ്വപ്നം ഇക്കാലമത്രയും ചർച്ചക്കിട്ടത് അധികാരികളുടെ തന്ത്രമെന്നുതന്നെ പറയേണ്ടിവരും. കായിക രംഗത്ത് കേരളത്തിന് മിസ്സായതെല്ലാം മെസ്സി കൊണ്ടുവരുമെന്ന ദിവാസ്വപ്നത്തിൽനിന്ന് കായികവകുപ്പും സർക്കാറും വൈകിയെങ്കിലും ഉണരേണ്ടതുണ്ട്. ‘മെസ്സി വരവ്’ വാർത്ത വന്ന ആദ്യനാളുകളിൽ തന്നെ ഇതിലെ പൊള്ളത്തം തുറന്ന് പറഞ്ഞ കേരളത്തിൽനിന്നുള്ള ഇന്ത്യൻ താരങ്ങളടക്കം മാരകമായ സൈബർ ആക്രമണം നേരിടേണ്ടിവന്നതിനും നാം സാക്ഷികളായി.
കേരളത്തിന് ഇതല്ല വേണ്ടത്
ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ കേരളത്തിന്റെ ഗ്രാഫ് കുത്തനെയിടിഞ്ഞത് മെസ്സിബഹളത്തിൽ ആരും അറിയാതെ പോയി. സംസ്ഥാനത്തിലാദ്യമായി സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനു കീഴിൽ ആരംഭിച്ച വനിത ഫുട്ബോൾ അക്കാദമി ഹോസ്റ്റൽ വാടക കരാർ അവസാനിച്ചതിനെ തുടർന്ന് പൂട്ടിയതിന്റെ വാർത്തകൾ പുറത്തുവന്നതും രണ്ട് മാസങ്ങൾക്ക് മുമ്പാണ്. കായിക രംഗത്തെ നിർഭാഗ്യകരമായ ഈ പിന്നോട്ടുപോക്ക് നമ്മെ ആത്മപരിശോധനയിലേക്കും തിരുത്തലുകളിലേക്കുമാണ് നയിക്കേണ്ടത്. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണം, നല്ല സ്റ്റേഡിയങ്ങൾ നിർമിക്കണം, നിലവാരമുള്ള ടൂർണമെന്റുകളും മത്സരങ്ങളും സംഘടിപ്പിക്കണം എന്നാൽ, മാത്രമേ മലയാളനാട്ടിൽനിന്നും ഇനിയുമനേകം ഒളിമ്പ്യൻമാരും ദേശീയ താരങ്ങളും പിറവിയെടുക്കൂ.
ദേശീയ ഗെയിംസിലേറ്റ തിരിച്ചടികൾ
ജനുവരിയിൽ ഉത്തരാഖണ്ഡിൽ നടന്ന 38 ാമത് ദേശീയ ഗെയിംസിൽ 13ാമതായാണ് കേരളം ഫിനിഷ് ചെയ്തത്. ഒളിമ്പിക്സ് മാതൃകയിൽ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നുശേഷം കേരളം മെഡൽ പട്ടികയിൽ ആദ്യ 10 സ്ഥാനത്തിനു പുറത്തായിട്ടില്ല. എന്നാൽ, ഇത്തവണത്തെ തകർച്ച, സംസ്ഥാന കായികരംഗം അഭിമുഖീകരിക്കുന്ന പ്രതിസന്ധി വ്യക്തം.
ദേശീയ ഗെയിംസ് തയാറെടുപ്പുകൾക്കായി സംസ്ഥാന സർക്കാർ പണം അനുവദിക്കാൻ വൈകിയതുമൂലം കടുത്ത പ്രതിസന്ധിയാണു കായിക അസോസിയേഷനുകൾക്കുണ്ടായത്. പലർക്കും ക്യാംപ് നടത്താൻ പോലും സാധിച്ചില്ല. ഉത്തരാഖണ്ഡ് ദേശീയ ഗെയിംസ് കേരളത്തിന്റെ കായികരംഗത്തിന് ഒരു മുന്നറിയിപ്പാണ്. ദേശീയ ഗെയിംസിലെ ദുരവസ്ഥക്കു കാരണം കായികമന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്ന ആരോപണവുമായി കേരള ഒളിമ്പിക് അസോസിയേഷൻ രംഗത്തെത്തിയിരുന്നു.
സ്പോർട്സ് ഹോസ്റ്റലുകളുടെ ദയനീയ ചിത്രങ്ങൾ
സംസ്ഥാനത്താദ്യമായി സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനു കീഴിൽ ആരംഭിച്ച വനിത ഫുട്ബാൾ അക്കാദമിയുടെ ഭാഗമായുള്ള ഹോസ്റ്റൽ, വാടക കരാർ അവസാനിച്ചതിനെ തുടർന്ന് പൂട്ടിയ വാർത്തകൾ പുറത്തുവന്നത് രണ്ടു മാസം മുമ്പാണ്. ഇതിനെതുടർന്ന് 20ൽ ഏറെ താരങ്ങൾക്ക് പരിശീലനത്തിന് അവസരമില്ലാതെ സ്വന്തം വീട്ടിൽ നിൽക്കേണ്ട സാഹചര്യമുണ്ടായി. വിവിധ കാറ്റഗറിയിൽ കേരള ടീമിന്റെ ക്യാപ്റ്റൻമാരായവരും സുബ്രതോ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയവരുമെല്ലാം ഇതലുണ്ടായിരുന്നു. സംഭവം വാർത്തയായതോടെ ഒരു മാസം മുമ്പാണ് ഹോസ്റ്റൽ പുനഃസ്ഥാപിച്ചത്. കേരളത്തിലെ ഏറക്കുറെ എല്ലാ സ്പോർട്സ് ഹോസ്റ്റലുകളുടെയും അവസ്ഥ ശോച്യമാണ്.
‘2005ൽ സ്പോർട്സ് കൗൺസിലിൽ പഠിച്ച വ്യക്തിയാണ് ഞാൻ. ഹോസ്റ്റലും താമസവും ഭക്ഷണവും ഗ്രൗണ്ടും ട്രെയിനിങ്ങും എല്ലാം 2005ൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇന്നും’ മെസ്സി വന്നാൽ എല്ലാമായോ എന്ന് ചോദിച്ച പോസ്റ്റിനടിയിൽ ഇന്ത്യൻ ഫുട്ബോൾ ടീം ജഴ്സിയണിഞ്ഞ മഷ്ഹൂർ ശരീഫിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു.
കളംവിടുന്ന പരിശീലകർ
ശമ്പള പ്രതിസന്ധിയിൽ വലഞ്ഞ സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിലെ വിവിധ പരിശീലകർ ഇതിനകം കളം വിട്ടു. ഏതാനും മാസങ്ങൾക്കിടെ നാലു ഫുട്ബാൾ കോച്ചുമാരാണ് പടിയിറങ്ങിത്. ദേശീയ മത്സരങ്ങളിൽ കേരള ടീമിനെ ഒന്നാമതെത്തിച്ചവരുൾപ്പെടെയാണ് കൗൺസിലിന്റെ പരിശീലക കുപ്പായമഴിച്ച് സ്വകാര്യ അക്കാദമികളിലേക്കും മറ്റും ചേക്കേറിയത്. കഴിഞ്ഞ രണ്ടു മാസത്തെ ശമ്പളം കിട്ടാനുണ്ടെന്ന് സ്പോർട്സ് കൗൺസിൽ വിട്ട പരിശീലകർ ചൂണ്ടിക്കാട്ടിയിരുന്നു. സ്ഥിരം പരിശീലകർക്കും കരാറുകാർക്കും ഒരുപോലെ പ്രതിസന്ധിയുണ്ട്. മറ്റാനുകൂല്യങ്ങളില്ലാതിരുന്നിട്ടുപോലും വേതനം കൃത്യമായി നൽകാൻ കൗൺസിൽ തയാറാവുന്നില്ലെന്നാണ് കരാർ ജീവനക്കാരുടെ പരാതി. സ്ഥിരം ജീവനക്കാരുടെ ഇരട്ടിയോളമാണ് കരാറുകാരുടെ എണ്ണം.
2011നു ശേഷം കൗൺസിലിൽ സ്ഥിരംനിയമനം നടത്തിയിട്ടില്ലെന്നും കരാറുകാരെ വെച്ച് തള്ളിനീക്കുകയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കരാർ തസ്തികയിൽ പോലും ആളെ കിട്ടാനില്ലെന്നാണ് വിവരം. യോഗ്യതയുള്ള ഉദ്യോഗാർഥികൾ നിയമനത്തിനായി എത്താത്തതിനാൽ എൻ.ഐ.എസ് ഡിപ്ലോമ എന്ന അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയിൽപോലും ഇളവു നൽകിയിട്ടുണ്ടെന്നും സൂചനയുണ്ട്. ഒരു വർഷത്തോളമായി കൗൺസിലിൽ പ്രതിസന്ധി തുടങ്ങിയിട്ട്.
രാജ്യാന്തര കായിക ഉച്ചകോടി; പ്രഖ്യാപനങ്ങൾ മാത്രം
ഭീമൻ പ്രഖ്യാപനങ്ങളുമായി കഴിഞ്ഞ വർഷം സർക്കാർ വിപുലമായി നടത്തിയ രാജ്യാന്തര കായിക ഉച്ചകോടിയിലെ പദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. 2024 ജനുവരിയിൽ തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ 4500 കോടിയുടെ നിക്ഷേപം ഉറപ്പായെന്നും നിക്ഷേപ പദ്ധതികൾക്ക് 100 ദിവസങ്ങൾക്കുള്ളിൽ അനുമതി നൽകുമെന്നും ഒരു വർഷത്തിനുള്ളിൽ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
എന്നാൽ, ഒന്നര വർഷം കഴിഞ്ഞിട്ടും ഇതിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. കൊച്ചിയിലെ ചെങ്ങമനാട്ട് ബി.സി.സി.ഐയുമായി ചേർന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം പണിയും. പുതിയ സ്റ്റേഡിയത്തിനും നിലവിലുള്ളവ നവീകരിക്കുന്നതിനുമായി 1200 കോടി രൂപ വകയിരുത്തും. കൊച്ചി, കോഴിക്കോട്, തൃശൂർ, പത്തനംതിട്ട എന്നിവടങ്ങളിൽ ഡൊമസ്റ്റിക് സ്റ്റേഡിയങ്ങളും നിലവിലുള്ളവ വികസിപ്പിക്കുന്നതിനുമായി 450 കോടിയുടെ പദ്ധതികൾ, അങ്ങനെ നീളുന്നു വാഗ്ദാനങ്ങളുടെ ലിസ്റ്റ്.
പരിപാലിക്കാനാളില്ലാതെ മൈതാനങ്ങൾ
കഴിഞ്ഞ ദിവസം മഞ്ചേരിയിൽ സുബ്രതോ കപ്പ് കളിക്കാനെത്തിയ ടീമുകളെ കാത്തിരുന്നത് കാടുമൂടിയ മൈതാനമായിരുന്നു. മത്സരത്തിനാവശ്യമായ ലൈനുകൾ സജ്ജമാക്കുകയോ ഗോൾ പോസ്റ്റിൽ നെറ്റ് കെട്ടുകയോ ചെയ്തിരുന്നില്ല. പുല്ലുപോലും വെട്ടിയൊതുക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. മഞ്ചേരി ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തിന്റെ അവസ്ഥയാണിത്. പ്രതിഷേധത്തെ തുടർന്ന് മഞ്ചേരി എൻ.എസ്.എസ് കോളജ് ഗ്രൗണ്ടിലാണ് പിന്നീട് മത്സരങ്ങൾ നടത്തിയത്.
പ്രഫഷനൽ മത്സരങ്ങൾ നടക്കുന്ന ഗ്രൗണ്ടിന്റെ അവസ്ഥ പറയാതിരിക്കുന്നതാണ് ഭേദം. മെസ്സിക്കുവേണ്ടി പയ്യനാട് പുതിയൊരു സ്റ്റേഡിയം പണിയാമെന്ന് പ്രഖ്യാപിച്ച മന്ത്രി പയ്യനാട്ടെ നിലവിലുള്ള സ്റ്റേഡിയത്തിന്റെ ദൈന്യാവസ്ഥ കണ്ടുകാണില്ല. സ്റ്റേഡിയം വലുതാക്കുമെന്ന പ്രസ്താവന ഇപ്പോഴും പ്രസ്താവനയായി തുടരുകയാണ്. സ്റ്റേഡിയത്തിന്റെ നിര്മാണം കമ്പനിയെ ഏല്പ്പിച്ചിട്ടുണ്ടെന്നാണ് അധികാരികൾ. എന്നാൽ, ഒന്നും നടന്നില്ല. കലൂർ സ്റ്റേഡിയത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്കുള്ള പ്രീമിയർ വൺ ക്ലബ് ലൈസൻസ് നിഷേധിച്ച നടപടിയും വാർത്തകളിൽ ഇടം നേടിയിരുന്നു.
മത്സരം ഇല്ലായ്മകളോട്
സർക്കാറിന്റെ സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾക്ക് അഞ്ചു മാസത്തെ ഭക്ഷണ അലവൻസ് കുടിശ്ശികയാണ്. പരിശീലന സാമഗ്രികളില്ല. കായികസംഘടനകൾക്കുള്ള വാർഷിക സഹായവും മുടങ്ങിയിട്ട് വർഷങ്ങളായി. കായികമേഖലയിലെ സർക്കാർവിഹിതം ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്. മെസ് അലവൻസ് കുടിശ്ശിക അനുവദിക്കണമെന്ന് ആവശപ്പെട്ട് നൂറുകണക്കിന് കായികതാരങ്ങൾ ജനുവരി 22ന് പ്രതിഷേധ പ്രകടനവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തി. തോർത്തും ജഴ്സിയും വിരിച്ച് അവർ സെക്രട്ടേറിയറ്റിന് മുന്നിൽ ഭിക്ഷയാചന സമരം നടത്തിയിട്ടുപോലും അധികാരികളുടെ കണ്ണ് തുറന്നിട്ടില്ല.
കായികാധ്യാപകരില്ലാതെ താരങ്ങളുണ്ടാകുമോ?
ഏതൊരു കായികതാരവും പെട്ടന്നൊരുനാൾ മുളച്ചുപൊങ്ങുന്നതല്ല. നിരന്തരമായ പരിശീലനങ്ങളിലൂടെയും കഠിനാധ്വാനത്തിലൂടെയുമാണ് ഓരോ താരവും പിറവി കൊള്ളുന്നത്. സമഗ്രമായൊരു കായിക സംസ്കാരം പടുത്തുയർത്താൻ സ്കൂൾതലം മുതലേ കാര്യക്ഷമമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടതുണ്ട്. എന്നാൽ ആയിരക്കണക്കിന് സ്കൂളുകളുള്ള സംസ്ഥാനത്താകെ 1900-ൽ താഴെ കായിക അധ്യാപകർ മാത്രമാണുള്ളത്. കൃത്യമായി പറഞ്ഞാൽ 50 ലക്ഷത്തോളം വിദ്യാർഥികൾക്കായുള്ളത് 1869 കായികാധ്യാപകർ. യു.പി സ്കൂളിൽ 500 കുട്ടികളുണ്ടെങ്കിലേ ഒരു കായിക അധ്യാപക തസ്തിക പാടുള്ളൂവെന്നാണ് സർക്കാർ മാനദണ്ഡം.
ഒരു കുട്ടി കുറഞ്ഞാൽപോലും കായിക അധ്യാപകരുണ്ടാവില്ല. ഹൈസ്കൂൾ ആണെങ്കില് എട്ട്, ഒമ്പത് ക്ലാസുകളിൽ അഞ്ചു ഡിവിഷനുണ്ടെങ്കിൽ ഒരു കായിക അധ്യാപക തസ്തിക എന്നനിലയിലാണ് തസ്തികകൾ നിലനിർത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ സ്കൂൾ കായികമേളയിൽ സംസ്ഥാന തലത്തിൽ മൂന്നാമതെത്തിയ തിരുനാവായ സ്കൂളിലെ അനേകം കുട്ടികളുടെ കായികാധ്യപകനായ ഹർഷാദിന്റെ ജോലി പോയ വാർത്ത മാധ്യമങ്ങളിൽ ഇടംപിടിച്ചിരുന്നു. ഈ വർഷത്തെ കണക്കെടുപ്പ് പൂർത്തിയായപ്പോൾ നവാമുകുന്ദ സ്കൂളിൽ യു.പി വിഭാഗത്തിൽ 438 കുട്ടികളാണുള്ളത്. ഇതാണ് ഹർഷാദിന് വിനയായത്. കഴിവും പ്രാപ്തിയുമുള്ള അനേകം കുട്ടികളുടെ ഭാവി കൂടിയാണ് ഇതോടെ അവതാളത്തിലായത്.
മോഹന മെസ്സി നാൾവഴികൾ
മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്റെ പ്രഖ്യാപനം മുതലേ ഒരുപാട് അനിശ്ചിതത്വങ്ങളുമുണ്ടായിരുന്നു. ഭീമമായ ചെലവും സാങ്കേതിക കാരണങ്ങളും ചർച്ചയായപ്പോഴെല്ലാം കായിക മന്ത്രി തന്റെ പ്രഖ്യാപനത്തിൽ ഉറച്ചുനിന്നു. ഒക്ടോബറിൽ കേരളത്തിൽ രണ്ട് സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുമെന്നായിരുന്നു മന്ത്രി അറിയിച്ചിരുന്നത്. എന്നാൽ, അർജന്റീന ടീമിന്റെ പുതിയ ഷെഡ്യൂൾ പുറത്തുവന്നതോടെ മെസ്സിയും സംഘവും കേരളത്തിലെത്തില്ലെന്ന് ഉറപ്പായി.
ആദ്യം ഉരുണ്ടുകളിച്ചെങ്കിലും ഒടുവിൽ കായിക മന്ത്രി വി. അബ്ദുറഹ്മാന്തന്നെ അതു സമ്മതിച്ചു. അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുന്നതിൽ സർക്കാർ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്ന വി. അബ്ദുറഹിമാന്റെ വാദം പൊളിഞ്ഞിരിക്കുകയാണ്. ടീമിന്റെ ക്ഷണപ്രകാരം സ്പെയിനിലേക്ക് നടത്തിയ യാത്രക്ക് മാത്രം ചെലവായത് 13 ലക്ഷത്തിലധികം രൂപയാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നു. 2024 സെപ്റ്റംബറിൽ അർജന്റീന ഫുട്ബാൾ അസോസിയേഷനുമായുള്ള ചർച്ചകൾക്കെന്ന പേരിലായിരുന്നു മന്ത്രിയുടെയും കായിക വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്പെയിൻ സന്ദർശനം.
23 ജൂൺ 2023
അർജന്റീന ഇന്ത്യയിൽ കളിക്കാൻ താൽപര്യം പ്രകടിപ്പിച്ചത് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ നിരാകരിച്ചെതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കായിക മന്ത്രി, മെസ്സിയെ ക്ഷണിച്ചുവെന്ന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ അർജന്റീന അംബാസഡറെ സന്ദർശിച്ചെന്നും ഫുട്ബാൾ വികസനത്തിനായി അർജന്റീനയുമായി സഹകരിക്കുന്നതിനുള്ള താൽപര്യം അറിയിച്ചെന്നും മെസ്സിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
18 ജനുവരി 2024
അർജന്റീന ദേശീയ ടീം ഇന്ത്യയിൽ കളിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്നും അർജന്റീന ആരാധകരിൽ സൃഷ്ടിച്ച നിരാശ മറികടക്കാൻ ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചെന്നും കായിക മന്ത്രി. 2025 ഒക്ടോബറിൽ അർജൻറീന ദേശീയ ടീം കേരളത്തിൽ രണ്ട് സൗഹൃദ മത്സരം കളിക്കുമെന്നും പോസ്റ്റിലുണ്ടായിരുന്നു.
06 സെപ്റ്റംബർ 2024
അർജന്റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) പ്രതിനിധികളുമായി കായിക മന്ത്രി സ്പെയിലെ മഡ്രിഡിൽ കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്ര സൗഹൃദമത്സര വേദിയായി കേരളത്തെ പരിഗണിക്കുന്നതിനുള്ള സജീവ സാധ്യത ചർച്ചയായെന്നും ഇതിന്റെ ഭാഗമായി അസോസിയേഷൻ പ്രതിനിധികൾ ഉടൻ കേരളം സന്ദർശിക്കുന്നതിന് താൽപര്യം അറിയിച്ചെന്നും മന്ത്രി.
10 ജനുവരി 2025
മെസ്സി ഒക്ടോബർ 25ന് എത്തുമെന്നും നവംബര് രണ്ടു വരെ അദ്ദേഹം കേരളത്തില് തുടരുമെന്നും, കോഴിക്കൊട്ടെ ഒരു സ്വകാര്യ ചടങ്ങിനിടെ വിദ്യാർഥികളുടെ ചോദ്യത്തിന് മറുപടിയായി കായിക മന്ത്രി പറഞ്ഞു. സംഗതി വാർത്ത ആയതോടെ, തീയതി പിന്നീട് തീരുമാനിക്കുമെന്നായി മന്ത്രി.
18 മാർച്ച് 2025
മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, റിസർവ് ബാങ്കിന്റെയും കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും രണ്ട് അനുമതി ലഭിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി നിയമസഭയിൽ. ബാക്കി വിവരങ്ങൾ പിന്നീടെന്നും അറിയിച്ചു.
16 മേയ് 2025
അർജന്റീന ടീമിന്റെ പുതിയ ഷെഡ്യൂൾ പുറത്തുവന്നതോടെ മെസ്സിയും സംഘവും കേരളത്തിലെത്തില്ലെന്ന് ഉറപ്പായി. സ്പോൺസർമാർ പണം കൊടുക്കാത്തതാണ് മെസ്സി വരാത്തതിന് കാരണം. ഇതിൽ സർക്കാറിന് ഒന്നും ചെയ്യാനില്ലെന്ന് മന്ത്രിയുടെ പ്രതികരണം.
04 ആഗസ്റ്റ് 2025
ഈ വർഷം ഒക്ടോബറിൽ ടീമിന് കേരളത്തിലെത്താനാവില്ലെന്ന് അർജന്റീന ടീം ഔദ്യോഗികമായി അറിയിച്ചതായും 2026ൽ വരാമെന്ന വാഗ്ദാനം സ്പോൺസർമാർ നിരസിച്ചതായും മന്ത്രി പറഞ്ഞു.
09 ആഗസ്റ്റ് 2025
കേരള സർക്കാറാണ് ഇതുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചതെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ. ഇക്കാര്യത്തിൽ തങ്ങളെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അർജൻറീന ഫുട്ബാൾ അസോസിയേഷൻ ചീഫ് മാർക്കറ്റിങ് ആൻഡ് കമേഴ്സ്യൽ ഹെഡ് ലിയാൻഡ്രോ പീറ്റേഴ്സൺ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.