Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightപോർക്ക് തീറ്റ ജോറാക്കി...

പോർക്ക് തീറ്റ ജോറാക്കി ചൈനക്കാർ; അടികിട്ടിയത് ഷട്ടിൽ കോർട്ടിൽ...!

text_fields
bookmark_border
പോർക്ക് തീറ്റ ജോറാക്കി ചൈനക്കാർ; അടികിട്ടിയത് ഷട്ടിൽ കോർട്ടിൽ...!
cancel

ന്യൂഡൽഹി: ബാഡ്മിന്റൺ കളിക്കാൻ ഉപയോഗിക്കുന്ന ഷട്ട്ൽ കോക്കും ചൈനക്കാരുടെ ​പോർക്ക് തീറ്റയും തമ്മി​ൽ എന്ത് ബന്ധം. കാര്യമായി തന്നെ ബന്ധമുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ നൽകുന്ന സൂചന. തറാവിറച്ചിയെ ഇഷ്ടപ്പെട്ടിരുന്ന ചൈനക്കാർ തങ്ങളുടെ തീൻ മേശയിലേക്ക് പന്നിയിറച്ചി ഉൾപ്പെടെ വിഭവങ്ങൾക്ക് ഇ​പ്പോൾ മുന്തിയ പരിഗണന നൽകാൻ തുടങ്ങിയത് ഷട്ടിൽ ബാഡ്മിന്റൺ ലോകത്തെയാണ് പൊള്ളിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങളിൽ വന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

താറാവി​​ന്റെ കുടുംബക്കാരായ വാത്തകളുടെ തൂവലുകളാണ് ഷട്ട്ൽ കോക്കുകളുടെ നിർമാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നതെന്നത് പരസ്യമായൊരു രഹസ്യമാണ്. ബാഡ്മിന്റണിലെ പവർഹൗസുകളായ ചൈന, ഇന്ത്യ, മലേഷ്യ, തായ്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ബാഡ്മിന്റണിന് ഓരോ വർഷവും സ്വീകാര്യത കൂടുകയും, എന്നാൽ ഷട്ടിൽ കോക്കിന്റെ നിർമാണത്തിനുപയോഗിക്കുന്ന പക്ഷികളുടെ ഉൽപാദനം കുറയുന്നതും തിരിച്ചടിയായത് ബാഡ്മിന്റൺ മത്സരങ്ങൾക്കാണ്.

കഴിഞ്ഞ ആറുമാസത്തിനിടെ ബാഡ്മിന്റൺ കോക്കിന്റെ വില ഇരട്ടിയായി വർധിച്ചു. 12 കോക്കുകൾ ഉൾപ്പെടുന്ന മുന്തിയ ബ്രാൻഡിന്റെ ഒരു ട്യൂബിന് വില 1200ൽ നിന്നും ഇപ്പോൾ 3000 വരെയായി ഉയർന്നു. ഇതിന്റെ കാരണം അന്വേഷിച്ചു പോയ ഫ്രഞ്ച് പത്രം ‘ലെ എക്വിപ്’ പുറത്തുവിട്ട റിപ്പോർട്ടാണ് കൗതുകം. പരമ്പരാഗതമായി താറാവിറച്ചി കാര്യമായി തന്നെ ഉപയോഗിച്ചിരുന്ന ചൈനക്കാരുടെ തീൻ മേശയിലേക്ക് പോർക്കിറച്ചി ഉൾപ്പെടെ മറ്റു വിഭവങ്ങൾ സജീവമായതോടെ തറാവുകളെ വളർത്തി വിൽക്കുന്ന ഫാമുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. ഇതു തിരിച്ചടിയായതാവട്ടെ ഈ താറാവുകളുടെ തൂവൽ എടുത്ത് ബാഡ്മിന്റൺ കോക്കുകൾ നിർമിക്കുന്ന സ്ഥാപനങ്ങളെയും.

ലോകോത്തര ബാഡ്മിന്റൺ ഉൽപന്ന നിർമാതാക്കളായ യോനക്സ്, ലി നിങ് ഉൾപ്പെടെ ആഗോള ബാഡ്മിന്റൺ ഉപകരണ നിർമാണത്തിന്റെ 90 ശതമാനവും ചൈനയിലെന്നതാണ് വസ്തുത. താറാവും തൂവലും കുറഞ്ഞതോടെ ഇന്ത്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഷട്ടിൽ കോക്ക് കയറ്റുമതിയും കാര്യമായി കുറഞ്ഞു. ഇത് ലഭ്യമായ ഉൽപന്നങ്ങളുടെ വിപണ വില വർധിപ്പിക്കുകയും, സ്റ്റോക്ക് പരിമിതമാക്കുകയും ചെയ്തതായി ഫ്രഞ്ച് മാധ്യമം റിപ്പോർട്ട് ചെയ്തു.

സിന്തിറ്റിക് കോക്കുണ്ട്, പ്രിയം തൂവലിന് തന്നെ

ബാഡ്മിൻ കോർട്ടിലെ ചിലവു ചുരുക്കലിൽ പ്രധാന കണ്ടെത്തലായി അവതരിപ്പിച്ച സിന്തറ്റിക് കോക്കിന് പക്ഷേ, സ്വീകാര്യത വേണ്ടത്ര ലഭിച്ചിട്ടില്ല. ​ഈട് ലഭിക്കുന്നതാണ് സിന്തറ്റിക് കോക്കുകൾ എങ്കിലും അന്താരാഷ്ട്ര വേദികൾ മുതൽ പ്രാദേശിക തലം വരെ മത്സരങ്ങളിലും പരിശീലനത്തിലുമെല്ലാം താരങ്ങൾക്ക് ഇഷ്ടം തൂവൽ കോക്കുകൾ തന്നെയാണ്. തൂവൽ കോക്കിന്റെ വേഗതയും ​െഫ്ലക്സിബിലിറ്റിയും പ്ലാസ്റ്റികിന് കിട്ടുന്നില്ലെന്നാണ് പരാതി. പക്ഷിപ്പനി വ്യാപകമായ കാലത്ത് ലോക ബാഡ്മിന്റൺ ഫെഡറേഷൻ പ്ലാസ്റ്റിക് കോക്കിനെ വ്യാപിപ്പിക്കാൻ ഒരു ശ്രമം നടത്തിയെങ്കിലും താരങ്ങളും പരിശീലകരും മുഖം തിരിച്ചതിനാൽ ഈ മാറ്റം പ്രവാർത്തികമായില്ല.

പ്രധാനമായും തറാവ് കുടുംബത്തിലെ ‘വാത്ത’യുടെ തൂവലാണ് കോക്ക് നിർമാണത്തിന് ഉപയോഗിക്കുന്നത്. ഓരോ കോക്കിലും ഉപയോഗിക്കുന്നത് 16 തൂവലുകൾ. ഒരു പക്ഷിയുടെ ചിറകിൽ നിന്നും പരമാവധി ആറ് തൂവലുകളേ ലഭിക്കൂ. അപ്പോൾ, ഒരു കോക്ക് പൂർത്തിയാക്കാൻ രണ്ട് പക്ഷികൾ വേണമെന്ന് ചുരുക്കം. താറാവിന്റെയും വാത്തയുടെയും തൂവലുകൾ ഷട്ടിലിന് ഉപയോഗിക്കുമെങ്കിലും കരുത്തും മികവും വാത്തയുടെ തൂവലുകൾക്കാണ്.

താറാവിറച്ചിക്ക് ഡിമാൻഡ് കുറഞ്ഞതോടെ, വ്യാപകമായ വളർത്തലിൽ നിന്നും കർഷകർ പിൻവാങ്ങിയതാണ് കഴിഞ്ഞ ആറു മാസത്തിനിടെ ബാഡ്മിന്റൺ ഷട്ടിൽ കോക്ക് നിർമാണത്തിന് തിരിച്ചടിയായതെന്ന് വിലയിരുത്തുന്നു. ഇറച്ചിക്കായി വളർത്തുന്ന ഇവയെ തൂവലുകൾ ശേഖരിക്കാൻ മാത്രമായി കർഷകർ വളർത്തുകയില്ല.

പ്രശ്നം ഗുരുതരമാണ്; ബദൽ മാർഗം വേണം -ഗോപിചന്ദ്

കായിക രംഗത്ത് അടിയന്തരമായി പരിഹാരം കാണേണ്ട വിഷയമാണ് ബാഡ്മിന്റൺ കോക്കുകളുടെ ക്ഷാമവും വിലക്കയറ്റവുമെന്ന് ഇന്ത്യൻ ദേശീയ ടീം കോച്ചും മുൻ രാജ്യാന്തര ചാമ്പ്യനുമായ പി. ഗോപിചന്ദ് പറഞ്ഞു. ഇന്ത്യ, ചൈന, തായ്‍ലൻഡ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ ബാഡ്മിന്റൺ പ്രചാരണമുള്ള രാജ്യങ്ങളിൽ ആവശ്യമുയരുകയും, എന്നാൽ തൂവൽ കോക്കുകളുടെ നിർമാണത്തിന് അസംസ്കൃത വസ്തുക്കൾ ലഭ്യമല്ലാതാവുകയും ചെയ്യുമ്പോൾ ബദൽ മാർഗങ്ങളെ കുറിച്ച് ബന്ധപ്പെട്ടവർ ആലോചിക്കണം. തൂവൽ ക്ലോണിങ് ഉൾപ്പെടെ നൂതന മാർഗങ്ങൾ ഇതിന് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

കോക്കിന് വിലഉയരുന്നത് ബാഡ്മിന്റൺ കളി വീണ്ടും ചിലവേറിയ ഒന്നായി മാറ്റുകയാണെന്ന് മുബൈയിൽ നിന്നുള്ള ഒരു പരിശീലകൻ പ്രതികരിച്ചു. ​വിവിധ സംസ്ഥാനങ്ങളിലെ ബാഡ്മിന്റൺ അകാദമികളെയാണ് ഈ വിലക്കയറ്റവും ഡിമാൻഡും ഏറെ ബാധിച്ചതെന്നാണ് സത്യം. അകാദമികളുടെ നടത്തിപ്പ് ചിലവ് കഴിഞ്ഞ മൂന്നു മാസത്തിനിടെ 10-20 ശതമാനമായി ഉയർന്നുവെന്നും ഇപ്പോൾ മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലേക്ക് ഉയർന്നുവെന്നും ​ചെന്നൈ ഫയർബാൾ അകാദമി കോച്ച് അരവിന്ദ് സാമിയപ്പൻ ‘ഇന്ത്യൻ എക്സ്പ്രസി’നോട് പ്രതികരിച്ചു. കോച്ചുമാരുടെ ശമ്പളത്തോളം തന്നെ കോക്കിന്റെ ചിലവും ഉയർന്നതായി അദ്ദേഹം ചൂണ്ടികാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pullela gopichandshuttle badmintonBadminton NewsSports NewsLatest News
News Summary - Why have shuttlecock prices increased worldwide? Know the real reason
Next Story