മുന്നണികൾ റെഡി, വാഗ്ദാനങ്ങളും
text_fieldsതമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലൊരിക്കലും ഡി.എം.കെക്ക് ഭരണത്തുടർച്ച ലഭിച്ചിട്ടില്ല. ഇക്കുറി അത് നേടിയെടുക്കണമെന്ന നിശ്ചയത്തോടെയുള്ള മുന്നൊരുക്കങ്ങളിലാണ് പാർട്ടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ. എന്നാൽ, സംസ്ഥാന-ദേശീയതലത്തിൽ എൻ.ഡി.എക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിക്കുന്ന ഡി.എം.കെയെ എന്തുവിലകൊടുത്തും താഴെയിറക്കുക എന്നത് മോദി-ഷാ ദ്വയത്തിന് അഭിമാനപ്രശ്നമാണ്. അതിനുള്ള പരിശ്രമങ്ങൾക്ക് ഏറെ മുമ്പുതന്നെ അവർ തുടക്കമിട്ടുകഴിഞ്ഞു. നിലവിലെ സംസ്ഥാന ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും ഇവിടെയും ‘ഡബിൾഎഞ്ചിൻ സർക്കാർ’ രൂപവത്കരിക്കുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴകത്ത് വന്ന് പ്രഖ്യാപിച്ചു പോയിരിക്കുന്നത്. രാഷ്ട്രീയ പ്രവേശനം ഒരു സൂപ്പർ നായകന് ചേരുംവിധം ഗംഭീരമാക്കുകയും പൊടുന്നന്നെ ഒരു വില്ലൻ കഥാപാത്രത്തിന്റെ പ്രതിച്ഛായ വന്നുപതിക്കുകയും ചെയ്ത നടൻ വിജയ് നയിക്കുന്ന തമിഴ്നാട് വെട്രി കഴകം (ടി.വി.കെ) ഉൾപ്പെടെയുള്ള കക്ഷികളുടെ സാന്നിധ്യവും എസ്.ഐ.ആർ പ്രക്രിയയിലൂടെ 97 ലക്ഷം പേരുകൾ വെട്ടിയതും എങ്ങനെ പ്രതിഫലിക്കുമെന്ന ചോദ്യം തമിഴകത്താകമാനം മുഴങ്ങുന്നുണ്ട്.
234 നിയമസഭ സീറ്റുകളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് വേണ്ടത് 118 സീറ്റാണ്. 2021ലെ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സഖ്യം 159 സീറ്റും അണ്ണാ ഡി.എം.കെ മുന്നണി 75 സീറ്റുമാണ് നേടിയത്. നിലവിൽ അഞ്ചരക്കോടിയോളം വോട്ടർമാരാണുള്ളത്. ഡി.എം.കെ മുന്നണി, ബി.ജെ.പിയും അണ്ണാ ഡി.എം.കെയും ഉൾപ്പെടുന്ന എൻ.ഡി.എ സഖ്യം, ടി.വി.കെ, നാം തമിഴർ കക്ഷി എന്നിവയാണ് കളത്തിലുണ്ടാവുക.
ഡി.എം.കെയും ബി.ജെ.പി-അണ്ണാ ഡി.എം.കെ കക്ഷികളും കൂടുതൽ രാഷ്ട്രീയ പാർട്ടികളെയും മറ്റു കക്ഷികളിലെ പ്രമുഖ നേതാക്കളെയും ചേർത്തി സഖ്യങ്ങൾ ശക്തിപ്പെടുത്താനുള്ള തത്രപ്പാടിലാണ്. വിജയ് യെ എൻ.ഡി.എയിലെത്തിക്കാൻ ബി.ജെ.പി-അണ്ണാ ഡി.എം.കെ കക്ഷികൾ ഏറെ ശ്രമിച്ചെങ്കിലും ഫലപ്രാപ്തിയായില്ല.
എൻ.ഡി.എ മുന്നണി വിപുലീകരണത്തിനും സീറ്റ് വിഭജന ചർച്ചകൾക്കും ചുക്കാൻപിടിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലെ സംഘത്തിന് മുൻ കേന്ദ്രമന്ത്രി അൻപുമണി രാമദാസിന്റെ പാട്ടാളി മക്കൾ കക്ഷി (പി.എം.കെ), ടി.ടി.വി. ദിനകരൻ നയിക്കുന്ന അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) എന്നിവയെ എൻ.ഡി.എയിലെത്തിക്കാൻ കഴിഞ്ഞെന്നത് നേട്ടമാണ്. പ്രബല സമുദായമായ ‘വണ്ണിയർ’ ജാതിയുടെ പിൻബലത്തോടെ പ്രവർത്തിക്കുന്ന പി.എം.കെ നിലവിൽ പിതാവ് ഡോ. രാമദാസും മകൻ അൻപുമണിയുടെയും നേതൃത്വത്തിൽ രണ്ടുവിഭാഗങ്ങളായി പിളർന്ന നിലയിലാണ്. രാമദാസ് വിഭാഗം എൻ.ഡി.എയിൽ ചേരില്ലെന്നാണ് സൂചന.
അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുമായ അഭിപ്രായ ഭിന്നതയെത്തുടർന്ന് അണ്ണാ ഡി.എം.കെയിൽനിന്ന് പുറത്തുവന്നാണ് ടി.ടി.വി. ദിനകരൻ എ.എം.എം.കെ രൂപവത്കരിച്ചത്. ദിനകരനെതിരായ കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന സാഹചര്യത്തിൽ എടപ്പാടിയുടെ സാന്നിധ്യമുണ്ടെന്നത് മറന്ന് അദ്ദേഹം എൻ.ഡി.എ മുന്നണിയിൽ ചേരുകയായിരുന്നുവെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. ജി.കെ. വാസന്റെ തമിഴ് മാനില കോൺഗ്രസ്, എ.സി. ഷൺമുഖം, പാരിവേന്ദർ, ജോൺ പാണ്ഡ്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ചെറുപാർട്ടികളും എൻ.ഡി.എക്കൊപ്പമുണ്ട്. മുൻ മുഖ്യമന്ത്രി ഒ. പന്നീർശെൽവം നേതൃത്വം നൽകുന്ന അണ്ണാ ഡി.എം.കെ വിമത വിഭാഗം, പ്രേമലത വിജയ്കാന്ത് നയിക്കുന്ന ഡി.എം.ഡി.കെയെ എന്നിവയെക്കൂടി എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
എന്നാൽ, ഡി.എം.ഡി.കെയും പി.എം.കെയിലെ രാമദാസ് വിഭാഗത്തെയും ഒപ്പംചേർക്കാൻ ഡി.എം.കെയും അണിയറ ചർച്ചകൾ നടത്തുന്നുണ്ട്. ആ നീക്കം വിജയിച്ചാൽ എൻ.ഡി.എക്ക് അത് കനത്ത തിരിച്ചടിയാവും.
സീറ്റ് വിഭജനം കീറാമുട്ടി
കൂടുതൽ സീറ്റുകളാവശ്യപ്പെട്ട് ബി.ജെ.പി അണ്ണാ ഡി.എം.കെക്കും കോൺഗ്രസ് ഡി.എം.കെക്കും കനത്ത സമ്മർദം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കി 20 സീറ്റുകളിൽ മത്സരിച്ച ബി.ജെ.പി നാലിടത്താണ് വിജയിച്ചത്. ഇക്കുറി 50 സീറ്റുകൾ വേണമെന്നാണ് അവരുടെ ഡിമാന്റ്. സഖ്യം അധികാരത്തിൽ വന്നാലും അണ്ണാ ഡി.എം.കെ ഒറ്റക്ക് ഭരിക്കുമെന്ന് എടപ്പാടി പളനിസാമി ആവർത്തിക്കുമ്പോൾ കൂട്ടുകക്ഷി ഭരണമായിരിക്കും വരുകയെന്ന് ബി.ജെ.പി പറയുന്നു. ജനുവരി ആദ്യവാരം ബി.ജെ.പി സംസ്ഥാന ഘടകം ആരംഭിച്ച തമിളകം തലയ് നിമിറ തമിളനിൻ പയനം (തമിഴ്നാടിന്റെ തലയുയർത്തിപ്പിടിക്കാൻ തമിഴന്റെ യാത്ര) കാമ്പയിൻ ഉദ്ഘാടനം ചെയ്യാൻ പുതുക്കോട്ടയിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാനത്ത് എൻ.ഡി.എ അധികാരത്തിലേറുമെന്ന് ഊന്നിപ്പറഞ്ഞെങ്കിലും എടപ്പാടിയുടെ പേര് ഒരിക്കൽ പോലും പരാമർശിക്കാതിരുന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
മറുപക്ഷത്ത് രണ്ട് പതിറ്റാണ്ടായി സഖ്യത്തിന്റെ ഭാഗമാണെങ്കിലും ഭരണത്തിൽ പങ്കാളിത്തം ലഭിക്കാത്തത് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ഡി.എം.കെ 25 സീറ്റാണ് കോൺഗ്രസിന് നൽകിയത്; 18 സീറ്റുകളിൽ വിജയിച്ചു. ഇത്തവണ 38 നിയമസഭ സീറ്റുകളും ഭൂരിപക്ഷം കിട്ടിയാൽ മൂന്ന് മന്ത്രിസ്ഥാനങ്ങളും അനുവദിക്കണമെന്നാണ് അവർ മുന്നോട്ടുവെച്ച ആവശ്യം.
തേനുംപാലുമൊഴുക്കുന്ന വാഗ്ദാനങ്ങൾ
സൗജന്യപദ്ധതികൾക്കും വാഗ്ദാനങ്ങൾക്കും പണ്ടേ പേരുകേട്ട സംസ്ഥാനത്ത് ഇത്തവണയും അതിന് മാറ്റമുണ്ടാവില്ല. മുൻ മുഖ്യമന്ത്രി എം.ജി.ആറിന്റെ 109ാം ജന്മദിനാഘോഷ പരിപാടികൾക്കിടെ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി മോഹന വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചത്. വീട്ടമ്മമാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം 2,000 രൂപ, സ്ത്രീകൾക്ക് പുറമെ പുരുഷന്മാർക്കും ബസ് യാത്ര സൗജന്യം, ഗ്രാമപ്രദേശങ്ങളിലെ ഭവനരഹിതർക്ക് ‘അമ്മ ഇല്ലം പദ്ധതി’ പ്രകാരം വീടുകൾ, നഗരപ്രദേശങ്ങളിൽ സ്വന്തമായി വീടില്ലാത്തവർക്ക് അപ്പാർട്ട്മെന്റുകൾ, തൊഴിലുറപ്പ് പദ്ധതിയിൽ 150 തൊഴിൽദിനങ്ങൾ, സ്ത്രീകൾക്ക് 25,000 രൂപ സബ്സിഡിയോടെ ഇരുചക്ര വാഹനം എന്നിങ്ങനെ പോകുന്ന പ്രഖ്യാപനങ്ങൾ.
സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പഴയ പെൻഷൻ പദ്ധതിയുടെ ആനുകൂല്യങ്ങൾ നൽകുന്ന ‘തമിഴ്നാട് അഷ്വേഡ് പെൻഷൻ സ്കീം (ടി.എ.പി.എസ്)’ നടപ്പാക്കുമെന്ന പ്രഖ്യാപനംവഴി വലിയവിഭാഗം സർക്കാർ ജീവനക്കാരെയും കുടുംബങ്ങളെയും ഒപ്പം നിർത്താനാവുമെന്ന് സ്റ്റാലിൻ കണക്കുകൂട്ടുന്നു. ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷണം, വീട്, സംരംഭകത്വ പിന്തുണ, ഇൻഷുറൻസ്, സ്കോളർഷിപ്പ് എന്നിവ നൽകുന്ന പദ്ധതിക്കും സർക്കാർ തുടക്കമിട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ എൻ.ഡി.എയും ‘തമിഴ്നാടും’ തമ്മിലാണ് മത്സരമെന്നാണ് സ്റ്റാലിൻ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പറയുന്നത്. കേന്ദ്ര ബി.ജെ.പി സർക്കാർ സൃഷ്ടിച്ച എല്ലാ തടസ്സങ്ങളും തകർത്തുകൊണ്ടാണ് തമിഴ്നാട് ചരിത്രപരമായ വികസനം കൈവരിച്ചതെന്നും ഡൽഹിയുടെ അഹങ്കാരത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഭരണനേട്ടങ്ങളും മുന്നണിബലവും ന്യൂനപക്ഷ-ദലിത് വിഭാഗങ്ങളുടെ പിന്തുണയും തെരഞ്ഞെടുപ്പിൽ തുണയാവുമെന്ന് തന്നെയാണ് ഡി.എം.കെ സഖ്യത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ, ഭരണവിരുദ്ധ വികാരമുണ്ടെന്നും തങ്ങൾ അധികാരം പിടിക്കുമെന്നും ബി.ജെ.പി-അണ്ണാ ഡി.എം.കെ സഖ്യം കരുതുന്നു. 1977ൽ എം.ജി.ആർ അധികാരത്തിലേറിയതുപോലെ ടി.വി.കെ വിസ്മയം തീർക്കുമെന്ന് വിജയ് യും അവകാശപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

