ഒറിജിൻ ഒ.എസുമായി വിവോ ഇന്ത്യയിലേക്ക്, ഒപ്പം ആന്‍ഡ്രോയ്‌ഡ് 16, 90 വാട്സ് ഫാസ്റ്റ് ചാർജിങ്, 50 എംപി സെൽഫി ക്യാമറ; വി60 ലോഞ്ച് ഉടൻ
text_fieldsവിവോ ചൈനയിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സോഫ്റ്റ്‌വെയർ പതിപ്പിനൊപ്പം വി60 ഉടൻ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് സൂചന. ഏതാനും ആഴ്ചകൾക്കുള്ളിൽ വി60 ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് ടെക് വിദഗ്ധർ നൽകുന്ന സൂചന. വിവോ വി50യുടെ പിൻഗാമിയായ ഈ ഫോണിൽ സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റും 1.5 കെ റെസല്യൂഷനോടുകൂടിയ 6.67 ഇഞ്ച് ഡിസ്‌പ്ലേയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. വിവോ വി60ല്‍ 90 വാട്സ് ചാർജിങ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററി പ്രതീക്ഷിക്കുന്നു.
വിവോ വി60 ആഗസ്റ്റ് 19ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നാണ് എക്‌സിലെ ടിപ്‌സ്റ്റർ അഭിഷേക് യാദവ് അവകാശപ്പെടുന്നത്. ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് ഫോണിനൊപ്പം രാജ്യത്ത് അരങ്ങേറ്റം കുറിക്കുമെന്നാണ് ടിപ്‌സ്റ്ററുടെ അവകാശവാദം. ഇതുവരെ, കമ്പനിയുടെ സ്മാർട്ട്‌ഫോണുകളുടെ ആഗോള പതിപ്പുകൾ ചൈനയിലെ ഉപയോക്താക്കൾക്ക് ലഭ്യമായ ഒറിജിൻ ഒ.എസ് സ്‍കിന്നിന് പകരം ഫൺടെക് ഒ.എസ് ഉപയോഗിച്ചാണ് പുറത്തിറക്കിയിരുന്നത്.
അതേസമയം, വി60യുടെ ലോഞ്ചുമായി ബന്ധപ്പെട്ട ഒരു വിവരവും വിവോ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്തിടെ സിരിം, ടിയുവി വെബ്‌സൈറ്റുകളിൽ മോഡൽ നമ്പർ വി2511 എന്ന പേരിൽ ഇത് പ്രത്യക്ഷപ്പെട്ടിരുന്നു. ലിസ്റ്റിങ്ങിൽ ഫോണിൽ 90 വാട്സ് ഫാസ്റ്റ് ചാർജിങ് പിന്തുണ അവകാശപ്പെട്ടിരുന്നു. നിലവിലെ വി50 മോഡലിനേക്കാൾ അപ്‌ഗ്രേഡുകളുമായി ഇത് വരാൻ സാധ്യതയുണ്ട്.
വിവോ വി60യുടെ പല സവിശേഷതകളും വിവോ എസ്30യുടേതിന് സമാനമായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. വി60യുടെ 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡല്‍ 2,699 യുവാൻ (ഏകദേശം 32,000 രൂപ) പ്രാരംഭ വിലയിലാണ് മേയ് മാസത്തിൽ ചൈനയിൽ അവതരിപ്പിച്ചത്. വിവോ എസ്30ക്ക് 6.67 ഇഞ്ച് 1.5കെ (1,260×2,800 പിക്സൽ) അമോലെഡ് ഡിസ്പ്ലേ, 120 ഹെര്‍ട്സ് വരെ റിഫ്രഷ് റേറ്റ് ഉണ്ട്. സ്‍നാപ്ഡ്രാഗൺ സെവൻത് ജെൻ 4 SoC, 12 ജിബി വരെ റാമും ഇതിൽ ഉൾപ്പെടുന്നു. 512 ജിബി വരെ സ്റ്റോറേജും 50 മെഗാപിക്സൽ സെൽഫി ക്യാമറയും ഈ ഹാൻഡ്‌സെറ്റിൽ ലഭിക്കുന്നു.
വിവോ എസ് 30-ന് 50 മെഗാപിക്സൽ സോണി എല്‍വൈറ്റി700വി 1 / 1.56 ഇഞ്ച് സെൻസർ, 50 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ, 8 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റ് ഉണ്ട്. 90 വാട്സ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സ്‌കാനർ, മുഖം തിരിച്ചറിയൽ തുടങ്ങിയ ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.