ആന്‍ഡ്രോയിഡ് ഫോണുമായി ബ്ളാക്ക്ബെറി വരുന്നു
text_fieldsവിപണിയില്‍ പരാജയത്തിന്‍െറ രുചി അറിഞ്ഞ് മടുത്ത കനേഡിയന്‍ കമ്പനി ബ്ളാക്ക്ബെറി ചുവടുമാറ്റി രക്ഷപ്പെടാന്‍ ഒരു തന്ത്രം കൂടി പയറ്റുന്നു. സുരക്ഷക്ക് പ്രാധാന്യം നല്‍കി ഇതുവരെ ബ്ളാക്ക്ബെറി ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ഫോണുകള്‍ മാത്രമിറക്കിയ കമ്പനി ആന്‍ഡ്രോയിഡ് ഓപറേറ്റിങ് സിസ്റ്റത്തിലുള്ള സ്മാര്‍ട്ട്ഫോണുകള്‍ ഇറക്കി ജീവിതം കരുപ്പിടിപ്പിക്കാന്‍ തയാറെടുക്കുന്നു. ആന്‍ഡ്രോയിഡ് ഫോണുകളുടെ മലവെള്ളപ്പാച്ചിലില്‍ നോക്കിയക്കൊപ്പം ഒഴുകിപ്പോയ കമ്പനിയാണ് ബ്ളാക്ക്ബെറി. കാനഡയിലെ വാട്ടര്‍ലൂ ആസ്ഥാനമാക്കിയ 32 വര്‍ഷ പാരമ്പര്യമുള്ള കമ്പനി നിലയില്ലാക്കയത്തിലാണിപ്പോള്‍. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വെറും 0.4 ശതമാനമാണ് ബ്ളാക്ക്ബെറിയുടെ വില്‍പന. 2010 ന്‍െറ അവസാനപാദത്തില്‍ 19.9 ശതമാനമുണ്ടായിരുന്ന വില്‍പനയാണ് അഞ്ചുവര്‍ഷം കൊണ്ട് കുത്തനെയിടിഞ്ഞത്. വില്‍പന കുറഞ്ഞതോടെ ജീവനക്കാരെയും കുറച്ചു. 2011 ല്‍ 17,500 പേര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ ഇപ്പോള്‍ 6,225 പേരേയുള്ളൂ.
ബ്ളാക്ക്ബെറി 10 ഒ.എസില്‍ ചില ആന്‍ഡ്രോയിഡ് ആപ്പുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും പരിമിതമായ സൗകര്യങ്ങളേയുള്ളൂ. ആദ്യം ബ്ളാക്ക്ബെറി 10 ഫോണുകള്‍ ആളുകളെ ആകര്‍ഷിച്ചെങ്കിലും അധികകാലം അത് നിലനിന്നില്ല. ക്യുവര്‍ട്ടി കീപാഡ് മുഖമുദ്രയാക്കി വിപണിയില്‍ പ്രതാപംനേടിയ ബ്ളാക്ക്ബെറി തിരിച്ചടി നേരിട്ടപ്പോള്‍ ടച്ച്സ്ക്രീന്‍ ഫോണുകള്‍ ഇറക്കിയിരുന്നു. എന്നാല്‍ ഉപയോഗിക്കാനുള്ള ബുദ്ധിമുട്ട് ആളുകളെ അത്ര ആകര്‍ഷിച്ചില്ല. ക്യുവര്‍ട്ടിയും ടച്ച്സ്ക്രീനും ചേര്‍ന്ന ഫോണുകളും ഇറക്കിയെങ്കിലും ആന്‍ഡ്രോയിഡ്, ഐഫോണുകളുടെ ജനപ്രീതിക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നോക്കിയ ഒരുഘട്ടത്തില്‍ ആന്‍ഡ്രോയിഡ് ഒ.എസിലുള്ള നോക്കിയ എക്സ് ഫോണുകള്‍ ഇറക്കിയെങ്കിലും ബ്ളാക്ക്ബെറി ഇതുവരെ ആന്‍ഡ്രോയിഡിനോട് മുഖംതിരിച്ചിരിക്കുകയായിരുന്നു. കുറച്ചുമുമ്പ് ബ്ളാക്ക്ബെറിയുടെ സ്വന്തമായ ബിബിഎം മെസഞ്ചര്‍ ആന്‍ഡ്രോയിഡ്, ഐഫോണുകള്‍ക്കുമായി ഇറക്കിയിരുന്നു.
മാസങ്ങള്‍ക്കകം ബ്ളാക്ക്ബെറിയുടെ ആന്‍ഡ്രോയ്ഡ് ഫോണ്‍ വിപണിയില്‍ ഇറങ്ങുമെന്നാണ് രണ്ട് മുതിര്‍ന്ന ബ്ളാക്ക്ബെറി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വന്തം ഓപറേറ്റിങ് സിസ്റ്റം എന്ന ലക്ഷ്യത്തിന് പകരം സോഫ്റ്റ്വെയര്‍, ഡിവൈസ് മാനേജ്മെന്‍റ് എന്നീ മേഖലകളില്‍ ശ്രദ്ധിക്കാനാണ് ഇനി ശ്രമം. ടച്ച് സ്ക്രീനിന് താഴെ ക്യുവര്‍ട്ടി കീപാഡുമുള്ള ‘സൈ്ളഡര്‍’ സ്മാര്‍ട്ട്ഫോണായിരിക്കും ഇതെന്നും പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.